യാത്രകൾക്കായി ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ചെക്ക്-ഇൻ സമയത്ത് പലരും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ഇത് ഒഴിവാക്കാൻ ചെറിയ ചില കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി.
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരും ആദ്യം ചിന്തിക്കുക താമസം ഉറപ്പുന്നതിനെ കുറിച്ചായിരിക്കും. എന്നാൽ, പലര്‍ക്കും ഹോട്ടൽ ബുക്കിംഗിന് ശേഷം ചെക്ക് - ഇൻ സമയത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ഇത്തരത്തിൽ ചെക്ക് - ഇൻ സമയത്ത് നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കണമെങ്കിൽ ചില കാര്യങ്ങൾ മുൻകൂട്ടി ചോദിച്ചറിയുക തന്നെ വേണം. അത്തരത്തിൽ ഹോട്ടലിൽ ചെക്ക് - ഇൻ ചെയ്യുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
1. ചെക്ക് - ഇൻ, ചെക്ക് - ഔട്ട് സമയം
ചെക്ക് - ഇൻ, ചെക്ക് - ഔട്ട് സമയങ്ങളെ കുറിച്ച് കൃത്യമായ വിവരം നിങ്ങൾ അറിഞ്ഞിരിക്കണം. പല ഹോട്ടലുകളും നേരത്തെ ചെക്ക് - ഇൻ ചെയ്താലോ വൈകി ചെക്ക് - ഔട്ട് ചെയ്താലോ അധിക ചാര്‍ജുകൾ ഈടാക്കാറുണ്ട്. ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടെങ്കിൽ യാത്രകളിലെ സമ്മര്‍ദ്ദവും തിരക്കുകളുമെല്ലാം അകറ്റാൻ സാധിക്കും.
2. നൽകുന്ന പണത്തിന് എന്തെല്ലാം സൗകര്യങ്ങൾ ലഭിക്കും?
നിങ്ങളുടെ ഹോട്ടൽ ബുക്കിംഗിൽ പ്രഭാത ഭക്ഷണം, വൈഫൈ, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണോ എന്ന കാര്യം മുൻകൂട്ടി ചോദിച്ചറിയണം. ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ ചെക്ക് - ഇൻ സമയത്ത് നിങ്ങൾക്ക് അധിക ചാര്‍ജുകൾ നൽകേണ്ടി വന്നേക്കാം.
3. ഹിഡൻ ചാര്‍ജുകൾ
പല ഹോട്ടലുകളും റിസോര്‍ട്ടുകളും റിസോര്‍ട്ട് ഫീസ്, സര്‍വീസ് ചാര്‍ജുകൾ, ടാക്സ് എന്നിവ ഈടാക്കാറുണ്ട്. ഇവയെല്ലാം അവസാന നിമിഷമാകും നിങ്ങളെ അറിയിക്കുക. അതിനാൽ തന്നെ ചെക്ക് - ഇൻ ചെയ്യുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത് നന്നായിരിക്കും.
4. ക്യാൻസലേഷനും റീഫണ്ടും
യാത്രകളുടെ കാര്യത്തിൽ പലപ്പോഴും മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അതിനാൽ തന്നെ ചിലപ്പോൾ ഹോട്ടൽ ബുക്കിംഗ് ക്യാൻസൽ ചെയ്യേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഫ്രീ ക്യാൻസലേഷൻ ലഭ്യമാണോ എന്നും റീഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും ചോദിച്ചറിയണം.
5. റൂമിലെ സൗകര്യങ്ങൾ
എല്ലാ ഹോട്ടൽ റൂമുകളിലും വൈഫൈ, എസി, ബാൽക്കണി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് തെറ്റിധരിക്കരുത്. ഇത്തരത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ റൂമിലുണ്ടോ എന്ന കാര്യം നേരത്തെ മനസിലാക്കുന്നത് നിങ്ങളെ അവസാന നിമിഷം നിരാശരാകാതിരിക്കാൻ സഹായിക്കും.
6. ഹോട്ടൽ ലൊക്കേഷൻ
നിങ്ങൾ തിരഞ്ഞെടുക്കുന്ന ഹോട്ടലിന്റെ ലൊക്കേഷൻ വളരെ പ്രധാനമാണ്. എയര്‍പോര്‍ട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നീ സൗകര്യങ്ങൾ അടുത്ത് തന്നെ ലഭ്യമാണോ എന്ന കാര്യം അന്വേഷിക്കണം. സമയം ലാഭിക്കാനും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും ഇത് സഹായിക്കും.
7. ഭക്ഷണം
ഹോട്ടൽ ബുക്കിംഗിന് മുമ്പ് ഹോട്ടലിന്റെ ഡൈനിംഗ് സൗകര്യങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ്, ഇൻ-റൂം ഡൈനിംഗ്, വെജിറ്റേറിയൻ/നോൺ വെജിറ്റേറിയൻ മെനു തുടങ്ങിയവയെ കുറിച്ച് ചോദിച്ചറിയണം.
8. ശുചിത്വവും സുരക്ഷിതത്വവും
ഹോട്ടൽ ബുക്കിംഗിന്റെ സമയത്ത് ആ ഹോട്ടലിനെ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റമർ റിവ്യൂസിലൂടെ ആദ്യം മനസിലാക്കണം. വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. സിസിടിവി, സാനിറ്റൈസേഷൻ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം.


