ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജുകളിലൊന്നാണ് വാഗമണ്ണിലെ അഡ്വഞ്ചർ പാര്‍ക്കിലുള്ളത്. മിനി ഊട്ടിയിലെ ഗ്ലാസ് ബ്രിഡ്ജിൽ ഡിജെ സൗകര്യവുമുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവര്‍ ഗ്ലാസ് ബ്രിഡ്ജുകളിലൊന്ന് കേരളത്തിലാണ്. വാഗമണ്ണിലെ അഡ്വഞ്ചര്‍ പാര്‍ക്കിലുള്ള ഗ്ലാസ് ബ്രിഡ്ജിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് ഈ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. ജര്‍മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

5 മിനിട്ട് സമയം മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഈ ഗ്ലാസ് ബ്രിഡ്ജിൽ ചെലവഴിക്കാൻ സാധിക്കുക. ഒരാൾക്ക് 250 രൂപയാണ് പ്രവേശന ഫീസ്. 38 മീറ്റര്‍ നീളമുള്ള ഈ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഗ്ലാസ് ബ്രിഡ്ജാണ്. ഈ വരുന്ന സെപ്റ്റംബര്‍ 25ന് വിശാഖപട്ടണത്ത് വരുന്ന പുതിയ ഗ്ലാസ് ബ്രിഡ്ജിന് 55 മീറ്റര്‍ നീളമുണ്ട്. ഇതോടെയാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന് റെക്കോര്‍ഡ് നഷ്ടമായത്.
ഇനി ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജുകളിലൊന്ന് മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടിക്ക് അടുത്തുള്ള മിനി ഊട്ടിയിലെ മിസ്റ്റി ലാൻഡിലാണ് ഭീമാകാരനായ ഈ ഗ്ലാസ് ബ്രിഡ്ജുള്ളത്. മാത്രമല്ല, ഈ ഗ്ലാസ് ബ്രിജ്ഡിൽ ഡിജെയും ഉണ്ട് എന്നതാണ് സവിശേഷത. 15 മീറ്ററോളം നീളമുള്ള ഈ ഗ്ലാസ് ബ്രിഡ്ജ് മനോഹരമായ സ്ഥലത്താണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇതിന് മുകളിലൂടെ നടക്കുമ്പോൾ താഴെ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന കാഴ്ചകൾ കാണാം. മിനി ഊട്ടിയിൽ തന്നെ ചെറുതും വലുതുമായ മറ്റ് രണ്ട് ഗ്ലാസ് ബ്രിഡ്ജുകൾ കൂടിയുണ്ട്. വാഗമണ്ണിനും മിനി ഊട്ടിയ്ക്കും പുറമെ വയനാട്ടിലെ 900 കണ്ടിയിലും മനോഹരമായ ഗ്ലാസ് ബ്രിഡ്ജുണ്ട്. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ മറ്റൊരു ഗ്ലാസ് ബ്രിഡ്ജ് തയ്യാറാകുന്നുമുണ്ട്.


