സോൻപ്രയാഗിനെയും കേദാർനാഥിനെയും ബന്ധിപ്പിച്ച് 12.9 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ റോപ് വേ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അദാനി എന്റര്‍പ്രൈസസ്. 

ദില്ലി: സോൻപ്രയാ​ഗിനെയും കേദാർനാഥിനെയും ബന്ധിപ്പിക്കുന്ന വമ്പൻ റോപ് വേ പദ്ധതിയുമായി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ). എഇഎല്ലിന്റെ റോഡ്‌സ്, മെട്രോ, റെയിൽ, വാട്ടർ (ആർഎംആർഡബ്ല്യു) ഡിവിഷനാണ് ഈ പദ്ധതി നടപ്പിലാക്കുക. 12.9 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേ പദ്ധതിയാണ് തയ്യാറാകുന്നത്. ഇതുവഴി 9 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കഠിനമായ ട്രെക്കിംഗിൽ നിന്ന് യാത്രാ സമയം വെറും 36 മിനിറ്റായി കുറയ്ക്കാൻ സാധിക്കും. തീർത്ഥാടനം വളരെ ലളിതവും സുരക്ഷിതവുമാക്കാൻ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

റോപ് വേയിലൂടെ മണിക്കൂറിൽ 1,800 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടുപോകാൻ കഴിയും. ഇതോടെ പ്രതിവർഷം ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സു​ഗമമായി തീർത്ഥാടനം സാധ്യമാക്കാൻ സാധിക്കും. കേദാർനാഥിൽ പ്രതിവർഷം 20 ലക്ഷം തീർത്ഥാടകർ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ റോപ്‌ വേ വികസന പരിപാടിയായ പർവത്മാല പരിയോജനയുടെ ഭാഗമാണ് ഈ റോപ് വേ പദ്ധതി നടപ്പിലാക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത ഈ പദ്ധതി പൂർത്തിയാകാൻ ആറ് വർഷമെടുക്കുമെന്നാണ് വിലയിരുത്തൽ. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ കണക്റ്റിവിറ്റി മെച്ചപ്പെടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേദാർനാഥ് റോപ്‌ വേ ഒരു എഞ്ചിനീയറിംഗ് പ്രോജക്റ്റ് എന്നതിനേക്കാൾ വളരെ വലുതാണെന്നും ഇത് ഭക്തിക്കും ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കും ഇടയിലുള്ള ഒരു പാലമാണെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. തീർത്ഥാടന യാത്ര ഇനി സുരക്ഷിതവും വേഗതയേറിയതുമാകുമെന്നും ഇതുവഴി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അഭിമാനകരമായ പദ്ധതി രാജ്യത്തെ സേവിക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ​ഗൗതം അദാനി കൂട്ടിച്ചേർത്തു.