ചീവീടുകളുടെ ശബ്ദമില്ലാത്തതിനാൽ ഈ പ്രദേശത്തിന് നിശബ്ദ താഴ്‌വര എന്ന പേര് ലഭിച്ചു.
പാലക്കാട്: വളരെ പുരാതന കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ് വാലി. പാണ്ഡവ ചരിത്രവുമായി ഈ പ്രദേശം ബന്ധപ്പെട്ട് കിടക്കുന്നതായി ഐതിഹ്യമുണ്ട്. ഈ പ്രദേശത്തിലൂടെ ഒഴുകി മണ്ണാർക്കാട് നഗരാതിർത്തിയിലൂടെ കടന്ന് പോകുന്ന കുന്തിപ്പുഴ എന്ന പുഴയുടെ പേര് ഐതിഹ്യവുമായി ബന്ധപ്പെട്ടുള്ളതാണ്.
സാധാരണ വനങ്ങളിൽ ഉണ്ടാവാറുള്ള ചീവീടിന്റെ ശബ്ദം ഇവിടെ കേൾക്കാത്തത് കൊണ്ടാണ് സൈലന്റ് വാലി എന്ന പേരിൽ ഈ വനപ്രദേശം അറിയപ്പെടുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സിംഹ വാലൻ കുരങ്ങുകളുടെ അഭയ സ്ഥാനമാണ് ഇവിടം. കൂടാതെ ആന, പുള്ളിപ്പുലി, കടുവ, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയ മൃഗങ്ങളും ഇവിടെയുണ്ട്. മലമുഴക്കി വേഴാമ്പൽ, തവള വായൻ കിളി തുടങ്ങിയ ധാരാളം പക്ഷികളുടെയും കേന്ദ്രമാണ് ഇവിടം.
പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിലാണ് സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1984-ലാണ് സൈലന്റ് വാലിയെ കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി. ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തത് കൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്.
2012-ല്‍ യുനെസ്‌കോ ആണ് സൈലന്റ് വാലിയ്ക്ക് ലോകപൈതൃക പദവി നല്‍കിയത്. ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങള്‍ സൈലന്റ് വാലിയില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 110 ലേറെ ഇനം ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആദ്യമായി രേഖപ്പെടുത്തപ്പെട്ട 10 ഇനങ്ങള്‍ ഉള്‍പ്പെടെ ഷഡ്പദങ്ങളുടെ പട്ടിക 128-ലേറെ വരും. സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും അചുംബിതമായ ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : പാലക്കാട്, 69 കി. മീ.
വിമാനത്താവളം : കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (തമിഴ്‌നാട്), 91 കി. മീ.


