മഴക്കാല യാത്രകൾ ആസ്വാദ്യകരമാക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ.
മഴക്കാലം എത്തുന്നതോടെ പലരും യാത്രകൾ പ്ലാൻ ചെയ്യാൻ തുടങ്ങാറുണ്ട്. മഴക്കാല യാത്രകൾ എപ്പോഴും മനോഹരമായ ഓര്‍മ്മകൾ സമ്മാനിക്കുന്നവയാണ്. പ്രകൃതി പച്ച പുതക്കുന്ന സമയമായതിനാൽ കുന്നും മലയുമെല്ലാം കയറാനും റോഡ് ട്രിപ്പ് നടത്താനുമെല്ലാം പലര്‍ക്കും ആഗ്രഹമുണ്ടാകും. അതിനാൽ തന്നെ മഴക്കാല യാത്ര പുറപ്പെടും മുമ്പ് ഉറപ്പുവരുത്തേണ്ട 5 കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. ലക്ഷ്യസ്ഥാനത്തെ കാലാവസ്ഥ പരിശോധിക്കുക
മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ എപ്പോഴും നിങ്ങൾക്ക് പോകേണ്ട സ്ഥലത്തെ കാലാവസ്ഥയെ കുറിച്ച് അറിവുണ്ടായിരിക്കണം. ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേറ്റ് എന്താണെന്ന് പരിശോധിക്കുക. അതിശക്തമായ മഴയോ കാറ്റോ ഉണ്ടെങ്കിൽ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചിടാറുണ്ട്. മാത്രമല്ല, നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ പാക്ക് ചെയ്യണം എന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്താനും ഇത് സഹായിക്കും.
2. താമസ സൗകര്യം ഉറപ്പാക്കുക
മഴക്കാലത്ത് ഹോട്ടൽ റൂം ബുക്കിംഗിന് വലിയ ഡിമാൻഡ് കണ്ടുവരാറുണ്ട്. അതിനാൽ തന്നെ അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാനായി ആദ്യം തന്നെ താമസ സൗകര്യം ഉറപ്പാക്കുക. ഹോട്ടലിലോ ഹോം സ്റ്റേകളിലോ എവിടെയാണ് നിങ്ങൾക്ക് സൗകര്യമെന്ന് മനസിലാക്കി റൂം പ്രീ-ബുക്ക് ചെയ്യുന്നത് യാത്രയിലെ സമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും.
3. വാട്ടര്‍പ്രൂഫ് ബാഗ് ഉപയോഗിക്കുക
മഴക്കാലത്ത് ഭൂരിഭാഗം ആളുകളും നേരിടാറുള്ള പ്രശ്നമാണ് ബാഗിന്റെ സുരക്ഷിതത്വം. റെയിൻ കോട്ടിനുള്ളിൽ സൂക്ഷിച്ചാണ് പലരും ഈ പ്രതിസന്ധിയെ തരണം ചെയ്യാറുള്ളത്. എന്നാൽ, യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ വലിയ ബാഗ് കൈവശമുണ്ടെങ്കിൽ അത് മഴ നനയാതെ സൂക്ഷിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനായി ഒരു വാട്ടര്‍ പ്രൂഫ് ബാഗോ അല്ലെങ്കിൽ ബാഗ് കവറോ വാങ്ങുന്നത് നന്നായിരിക്കും.
4. ആവശ്യത്തിന് മരുന്നുകൾ കരുതുക
മഴക്കാലത്ത് പലര്‍ക്കും ചുമ, തുമ്മൽ, പനി എന്നിങ്ങനെയുള്ള അസുഖങ്ങൾ പിടിപെടാറുണ്ട്. അതിനാൽ, മഴ നനഞ്ഞ ശേഷം എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകൾ കൈവശം കരുതണം.
5. ആവശ്യത്തിന് പണം പഴ്സിൽ സൂക്ഷിക്കുക
ഇന്നത്തെ കാലത്ത് എന്തിനും ഏതിനും യുപിഐ പേയ്മെന്റുകളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കാറുള്ളത്. എന്നാൽ, യാത്രകൾ ചെയ്യുമ്പോൾ, പ്രത്യേകിച്ച് മഴക്കാലം കൂടിയാണെങ്കിൽ പല തരം പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. അതിനാൽ പഴ്സിൽ കുറച്ച് പണം സൂക്ഷിക്കുന്നത് നന്നായിരിക്കും.


