പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കും തിരിച്ചും കെഎസ്ആർടിസി ബസ് സര്‍വീസുകളുണ്ട്.
പത്തനംതിട്ട: ആനവണ്ടിയിൽ കാട് കയറുകയെന്ന് പറയുമ്പോൾ തന്നെ കുളിര് കോരാറില്ലേ? കാടിന്റെ ശാന്തതയറിഞ്ഞ്, പറവകളുടെ പാട്ട് കേട്ട്, വന്യമൃഗങ്ങളുടെ സാന്നിധ്യമറിഞ്ഞ്, അണക്കെട്ടകളിലെ ജലാശയങ്ങളുടെ വിശാലത കണ്ട്, വാരിപ്പുണരുന്ന മൂടൽമഞ്ഞിന്റെ തണുപ്പേറ്റ് ആനവണ്ടിയിൽ ഒരു യാത്രയായാലോ? എങ്കിൽ നേരെ ഗവിയിലേയ്ക്ക് പോകാം.
പെരിയാർ കടുവ സങ്കേതത്തിലെ സംരക്ഷിത മേഖലയാണ് ഗവി. ഇവിടേയ്ക്കുള്ള യാത്രയിൽ ആന, കടുവ, കാട്ടുപോത്ത്, പുലി, മ്ലാവ്, കേഴ, കാട്ടുപൂച്ച, മലയണ്ണാൻ, സിംഹവാലൻ കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെയും വിവിധതരം പക്ഷികളെയും നേരിൽ കാണാൻ കഴിഞ്ഞേക്കും. ഇനി എങ്ങനെയാണ് ഗവിയിലേയ്ക്ക് കെഎസ്ആർടിസി ബസിൽ പോകുന്നതെന്ന് നോക്കാം. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേയ്ക്കും തിരിച്ച് കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടയിലേയ്ക്കും കെഎസ്ആർടിസി സർവീസുകളുണ്ട്. എന്നാൽ, ഒരു ദിവസം മൂന്ന് സർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ.
പത്തനംതിട്ട - ഗവി - കുമളി ബസുകളുടെ സമയവിവരങ്ങൾ
റൂട്ട് : മൈലപ്ര, മണ്ണാറകുളഞ്ഞി, കുമ്പളാംപൊയ്ക, വടശ്ശേരിക്കര, മാടമൺ, പെരുനാട്, പുതുക്കട, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, മൂഴിയാർ ഡാം, അപ്പർ മൂഴിയാർ, പെൻസ്റ്റോക്ക് വ്യൂ പോയിന്റ്, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, ഗവി, ഗവി ഡാം, പുല്ലുമേട് റോഡ്, വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചെളിമട.
സർവീസ് - 1
- പത്തനംതിട്ട :- രാവിലെ 05.30
- കുമളി :- രാവിലെ 11.30
സർവീസ് - 2
- പത്തനംതിട്ട :- രാവിലെ 6:30
- കുമളി :- ഉച്ചയ്ക്ക് 12:30
സർവീസ് - 3
- പത്തനംതിട്ട :- ഉച്ചയ്ക്ക് 12:30
- കുമളി :- വൈകുന്നേരം 6:40
കുമളി - ഗവി - പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങൾ
സർവീസ് - 1
- കുമളി :- രാവിലെ 5:30
- പത്തനംതിട്ട :- രാവിലെ 11:45
സർവീസ് - 2
- കുമളി :- ഉച്ചയ്ക്ക് 12.30
- പത്തനംതിട്ട :- വൈകുന്നേരം 06.30
സർവീസ് - 3
- കുമളി :- ഉച്ചയ്ക്ക് 1:10
- പത്തനംതിട്ട :- രാത്രി 7:25


