കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം, വേമ്പനാട് തടാകത്തിലെ ദ്വീപസമൂഹമാണ്. 

കോട്ടയം: കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കുമരകം. മനോഹരമായ വേമ്പനാട് തടാകത്തിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണിത്. ചുറ്റും കായലുകളും കണ്ടൽക്കാടുകളും നിറഞ്ഞ ഒരു ശാന്തമായ ലോകം തന്നെയാണ് കുമരകമെന്ന് പറയാം.

കോട്ടയത്ത് നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് കുമരകം എന്ന‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 51.67 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കുമരകം ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. കുമരകത്തെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് ഇവിടെയുള്ള പക്ഷിസങ്കേതം. 14 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ പക്ഷിസങ്കേതം നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ്.

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറില്‍ നടത്തിയ സന്ദർശനത്തോടുകൂടി കുമരകം ദേശീയ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി. കണ്ടല്‍ കാടുകൾ, മരതകപച്ച വിരിച്ച നെൽപ്പാടങ്ങൾ, കേരനിരകളുടെ ഇടയിലൂടെയുള്ള മനം മയക്കുന്ന ജലപാതകൾ, ആമ്പൽപ്പൂക്കൾ തുടങ്ങി അവിസ്മരണീയമായ മനോഹാരിതയാണ് കുമരകത്തിന്റെ സവിശേഷത. ധാരാളം നാടന്‍ വള്ളങ്ങളും, വഞ്ചികളും, ചെറുതോണികളും ഇവിടെയുണ്ട്. ഇവ നിങ്ങളെ കേരളത്തിൻറെ യഥാർത്ഥ പ്രകൃതിഭംഗി കാട്ടിത്തരും. ഇവിടെയുള്ള റിസോർട്ടുകൾ സുഖകരമായ താമസ സൗകര്യം ഉറപ്പുനൽകുന്നുണ്ട്. ബോട്ടിംഗ്, മീന്‍ പിടിത്തം, നീന്തല്‍, യോഗ, ധ്യാനം എന്നിവയും ഇവ വാഗ്ദാനം ചെയ്യുന്നു.