പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് കാരക്കോറം എക്സ്പ്രസ്.
ദില്ലി: 1947ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയിലെയും പാകിസ്ഥാനിലെയും റെയിൽവേ ശൃംഖലകളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ റെയിൽവേ ബഹുദൂരം മുന്നിലാണെന്ന് നിസംശയം പറയാം. ഇരുരാജ്യങ്ങളിലെയും ട്രെയിനുകളുടെ കാര്യത്തിലും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും അതിവേഗ ട്രെയിനുകള്‍ ഏതൊക്കെയാണെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
വന്ദേ ഭാരത് എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍. പാകിസ്ഥാനിലെ ഏറ്റവും വേഗമേറിയ ട്രെയിൻ കാരക്കോറം എക്സ്പ്രസാണ്. ഇന്ത്യയുടെ വന്ദേ ഭാരത് എക്സ്പ്രസ് നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് സാധിക്കും. ഇത് പ്രധാന റൂട്ടുകളിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നു. വന്ദേ ഭാരതിന് പുറമെ തേജസ്, രാജധാനി തുടങ്ങിയ നിരവധി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഇന്ത്യയ്ക്ക് ഉണ്ട്. ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യയിലേത്.
അതേസമയം, കാരക്കോറം എക്സ്പ്രസ് പാകിസ്ഥാന്റെ ഏറ്റവും വേഗതയേറിയ പാസഞ്ചർ സർവീസാണ്. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിലാണ് കാരക്കോറം എക്സ്പ്രസ് സഞ്ചരിക്കുന്നത്. കറാച്ചിക്കും ലാഹോറിനും ഇടയിലുള്ള 1,241 കിലോമീറ്റർ ദൂരം സഞ്ചരിക്കാനായി ഇതിന് ഏകദേശം 18 മണിക്കൂര്‍ വരെ വേണ്ടി വരുന്നുണ്ട്. 13 ഇക്കണോമി കാരിയേജുകൾ, 4 എസി ബിസിനസ് കാരിയേജുകൾ, 1 പവർ വാൻ, 1 ലഗേജ് വാൻ എന്നിവയാണ് കാരക്കോറം എക്സ്പ്രസിനുള്ളത്. ഇന്ത്യയുടെ വന്ദേ ഭാരതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വേഗതയിലാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


