ഒറ്റ ദിവസം കൊണ്ട് 10.19 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി കെഎസ്ആർടിസി ചരിത്രം സൃഷ്ടിച്ചു. 4,607 ബസുകൾ സർവീസ് നടത്തി, 24.94 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് 15.71 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം അഥവാ ഓപ്പറേറ്റിംഗ് റവന്യു കൈവരിച്ചിരിക്കുകയാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. 10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി സ്വന്തമാക്കിയത്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് കെഎസ്ആര്‍ടിസി ഇപ്പോൾ മറികടന്നത്.
സെപ്റ്റംബർ 8 ന് 4,607 ബസുകൾ സർവീസ് നടത്തി, 24.94 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് 15.71 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചു. കഴിഞ്ഞ വർഷം കെഎസ്ആർടിസി 4,331 ബസുകൾ സർവീസ് നടത്തി. 20.18 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് 15.31 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 8.29 കോടി രൂപയുടെ മുൻ ഓണ വരുമാനം നേടി.
കഴിഞ്ഞ വർഷം ശബരിമല തീർത്ഥാടനകാലത്ത്, ഡിസംബർ 23 ന് 4,567 ബസുകൾ സർവീസ് നടത്തി 9.22 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ നേടി. 23.41 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് 15.56 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചു. ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഉദ്യോഗസ്ഥരുടെയും ഏകോപിത പരിശ്രമത്തിലൂടെയാണ് പ്രതിദിനം 10 കോടിയിലധികം വരുമാനം എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
മാനേജ്മെന്റ് നടപ്പിലാക്കിയ പരിഷ്‍കരണ നടപടികളും പുതിയ ബസുകൾ സർവീസിൽ കൊണ്ടുവന്നതുമൊക്കെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് കാരണമായി. പുതിയ ബസുകളുടെ വരവും, ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കെഎസ്ആർടിസി സിഎംഎഡി മുതൽ മുഴുവൻ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർഥ്യമാക്കാനായതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
