ഓസ്ട്രേലിയ സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയൻ ടൂറിസ്റ്റ് വിസ (സബ്ക്ലാസ് 600) വഴി കുറഞ്ഞത് മൂന്ന് മാസം വരെ രാജ്യത്ത് തുടരാൻ സാധിക്കും.
അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള രാജ്യമാണ് ഓസ്ട്രേലിയ. ക്രിക്കറ്റിനോടുള്ള സ്നേഹത്തിലുപരിയായി അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യവും ബീച്ചുകളും സംസ്കാരവും പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുമെല്ലാം തന്നെ ഓസ്ട്രേലിയയെ ഇന്ത്യക്കാരുടെ അവധിക്കാല ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ഒരു ഓസ്ട്രേലിയൻ യാത്രയ്ക്ക് വേണ്ടിവരുന്ന ചെലവ്, രേഖകൾ, താമസ കാലയളവ് തുടങ്ങി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ത്യക്കാർക്കുള്ള ഓസ്‌ട്രേലിയൻ ടൂറിസ്റ്റ് വിസ
ഓസ്‌ട്രേലിയൻ ടൂറിസ്റ്റ് വിസ (സബ്ക്ലാസ് 600) ഇന്ത്യൻ സഞ്ചാരികൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ക്രൂയിസുകൾ ഉൾപ്പെടെ ഒരു വിനോദസഞ്ചാരിയായി രാജ്യം പര്യവേക്ഷണം ചെയ്യാനും 3 മാസം വരെ പഠിക്കാനുമെല്ലാം അനുവാദം നൽകുന്നു. എന്നാൽ, ഈ വിസയിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതേസമയം, നിങ്ങൾ ഒരു ക്രൂയിസിൽ ആണെങ്കിൽ പോലും വിസ ആവശ്യമാണ്. റൗണ്ട് ട്രിപ്പ് ക്രൂയിസുകൾക്ക്, കടലിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം ഓസ്‌ട്രേലിയയിൽ ചെലവഴിച്ച സമയമായി കണക്കാക്കുകയും ചെയ്യും.
ടൂറിസ്റ്റ് വിസ ഒരു താത്ക്കാലിക വിസയാണ്. അതിനാൽ തന്നെ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ഓസ്ട്രേലിയയിൽ എത്ര നാൾ തങ്ങാൻ കഴിയുമെന്നത് നിങ്ങളുടെ ആപ്ലിക്കേഷനെ ആശ്രയിച്ചിരിക്കും. ഓസ്‌ട്രേലിയയിലേക്കുള്ള മിക്ക ടൂറിസ്റ്റ് വിസകളും 3 മാസത്തേക്കാണ് ലഭിക്കുക. ചില പ്രത്യേക സാഹചര്യങ്ങളിൽ, നിങ്ങൾക്ക് 12 മാസം വരെ കാലാവധി ലഭിച്ചേക്കാം. വിസ സിംഗിൾ എൻട്രി അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി ആയിരിക്കാം. മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച്, വിസയ്ക്ക് സാധുതയുള്ളിടത്തോളം കാലം നിങ്ങൾക്ക് ഓസ്‌ട്രേലിയയിൽ നിന്ന് പുറത്ത് പോയതിന് ശേഷം വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും.
ഓസ്‌ട്രേലിയ ടൂറിസ്റ്റ് വിസയുടെ ചെലവ്
ടൂറിസ്റ്റ് വിസയ്ക്ക് ഏകദേശം 200 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 11,000 – 12,000 രൂപ) അപേക്ഷ ഫീസ് ആവശ്യമായി വരും. ആരോഗ്യ പരിശോധനകൾ, പൊലീസ് സർട്ടിഫിക്കറ്റുകൾ, ബയോമെട്രിക്സ് തുടങ്ങിയ അധിക ചെലവുകളും കരുതണം.
ഓസ്‌ട്രേലിയൻ ടൂറിസ്റ്റ് വിസയ്ക്ക് ആവശ്യമായ രേഖകൾ
- സാധുവായ പാസ്‌പോർട്ട് (6 മാസത്തെ കാലാവധി, 2 ബ്ലാങ്ക് പേജുകൾ).
- കൃത്യമായി പൂരിപ്പിച്ച ഓൺലൈൻ വിസ അപേക്ഷാ ഫോം.
- സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ (35x45 മി.മീ, വെളുത്ത പശ്ചാത്തലം, കണ്ണട പാടില്ല).
- യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന കവർ ലെറ്റർ.
- കഴിഞ്ഞ 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (സ്റ്റാമ്പും ഒപ്പും ഉള്ളത്).
- ശമ്പള സ്ലിപ്പുകൾ/ആദായനികുതി രേഖകൾ.
- സ്ഥിര നിക്ഷേപ രസീതുകൾ / ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ.
- ഫ്ലൈറ്റ് ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും.
- തിരിച്ചറിയൽ കാർഡ് (ആധാർ, പാൻ, വോട്ടർ ഐഡി).
- വിവാഹ സർട്ടിഫിക്കറ്റ് (പാസ്‌പോർട്ടിൽ പങ്കാളി ഇല്ലെങ്കിൽ).
- തൊഴിലുടമയുടെ ലീവ് അപ്രൂവൽ ലെറ്റർ (ജോലി ചെയ്യുന്നവരാണെങ്കിൽ).
- പെൻഷൻ സ്റ്റേറ്റ്മെന്റ് (വിരമിച്ചവരാണെങ്കിൽ).
- സ്പോൺസർഷിപ്പ് രേഖകൾ (ഓസ്ട്രേലിയയിലുള്ള ഒരു ബന്ധുവോ സുഹൃത്തോ നിങ്ങളുടെ യാത്രയ്ക്ക് പണം നൽകുന്നുണ്ടെങ്കിൽ).
പ്രായപൂർത്തിയാകാത്തവർക്ക് ആവശ്യമായ രേഖകൾ
- ജനന സർട്ടിഫിക്കറ്റ്.
- സ്കൂൾ/സർവകലാശാലയിൽ നിന്നുള്ള എൻ.ഒ.സി.
- മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുകയാണെങ്കിൽ സമ്മതപത്രം (ഫോം 1229).
ഓസ്‌ട്രേലിയൻ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം
ImmiAccount വഴി ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. വിസ ചാർജുകൾ ഓൺലൈനായി അടയ്ക്കുകയും വേണം.


