ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ പദ്ധതിക്ക് കീഴിൽ ‘ശ്രീ രാമേശ്വരം–തിരുപ്പതി ദക്ഷിൺ ദർശൻ യാത്ര’ എന്ന പേരിൽ പുതിയ ദക്ഷിണേന്ത്യൻ തീർത്ഥാടന പാക്കേജ് പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യൻ തീർത്ഥാടന ടൂറിസം പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ‘ശ്രീ രാമേശ്വരം–തിരുപ്പതി ദക്ഷിൺ ദർശൻ യാത്ര’ എന്ന പേരിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ പദ്ധതിക്ക് കീഴിലാണ് ഐആർസിടിസി ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. തിരുപ്പതി മുതൽ രാമനാഥസ്വാമി ക്ഷേത്രം വരെയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബർ 7 മുതൽ 16 വരെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 9 രാത്രിയും 10 പകലും നീണ്ടുനിൽക്കുന്നതാണ് യാത്ര. നവംബർ 7-ന് തിരുപ്പതിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യാത്രക്കാർക്ക് എ.സി, നോൺ-എ.സി റൂമുകളോടു കൂടിയ ബജറ്റ് ഹോട്ടൽ ഓപ്ഷനുകൾ ലഭ്യമാണ്. യാത്രയ്ക്കിടയിലും ഹോട്ടലുകളിലുമെല്ലാം ഒരുക്കിയിരക്കുന്നത് പൂർണമായും സസ്യാഹാരമായിരിക്കും.
സന്ദർശിക്കുന്ന സ്ഥലങ്ങൾ
- തിരുപ്പതി: ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രം, പദ്മാവതി ദേവി ക്ഷേത്രം.
- രാമേശ്വരം: രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി.
- മധുര: ദ്രാവിഡ വാസ്തുവിദ്യക്ക് പേരുകേട്ട മീനാക്ഷി അമ്മൻ ക്ഷേത്രം.
- കന്യാകുമാരി: വിവേകാനന്ദപ്പാറ, ഗാന്ധി മണ്ഡപം, കന്യാകുമാരി ക്ഷേത്രം.
- തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനും കോവളം ബീച്ചിൽ വിശ്രമിക്കാനും അവസരമുണ്ട്.
യാത്രാച്ചെലവ്
- മുതിർന്നവർ: 18,040 രൂപ (സ്ലീപ്പർ ക്ലാസ്), 30,370 രൂപ (3എസി), 40,240 രൂപ (2എസി)
- കുട്ടികൾ (5–11 വയസ്സ്): 16,890 രൂപ (സ്ലീപ്പർ), 29,010 രൂപ (3എസി), 38,610 രൂപ (2എസി)


