തൃശൂരിലെ കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം പാർക്കിനായി 12 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ഇതോടെ പദ്ധതിയുടെ ആകെ വിസ്തൃതി 14 ഏക്കറായി ഉയർന്നു.

തൃശൂർ: ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന കലശമല ഇക്കോ ടൂറിസം പദ്ധതിയിൽ ടൂറിസം പാര്‍ക്കിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. അകതിയൂര്‍ വില്ലേജിലെ വിവിധ സര്‍വ്വെ നമ്പറുകളില്‍ പെട്ട 12 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ടൂറിസം വകുപ്പിന് വേണ്ടി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. 13 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്. ഇതോടെ കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് 14 ഏക്കര്‍ വിസ്തൃതിയായി.

എ സി മൊയ്തീന്‍ എംഎല്‍എ മന്ത്രിയായിരിക്കെയാണ് കലശമലയുടെ ടൂറിസം പദ്ധതി ആരംഭിച്ചത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കലശമലയിലെത്തുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ കലശമലയിലെ ടൂറിസം പദ്ധതികൾക്ക് പുത്തനുണർവേകാൻ സാധിക്കും. സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തി 1.5 കോടി രൂപയുടെ കള്‍ച്ചറല്‍ സെന്ററും, എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപക്ക് കലശമലയിലേക്കുള്ള റോഡും നിലവില്‍ ഭരണാനുമതി ലഭിച്ച് പ്രാരംഭഘട്ടത്തിലാണ്.