വന്യജീവി സമ്പന്നതയും സാംസ്കാരിക പൈതൃകവും ഒരുപോലെ സമന്വയിക്കുന്നതാണ് മധ്യപ്രദേശിനെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. പ്രകൃതി സ്നേഹികളുടെ വിഭാഗത്തിലാണ് ഇന്ത്യയുടെ ഹൃദയഭൂമി ഇടം നേടിയത്.

ഭോപ്പാൽ: 2026ൽ ഉറപ്പായും കാണേണ്ട 50 സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് പ്രശസ്ത അമേരിക്കൻ ട്രാവൽ മാഗസിനായ ട്രാവൽ + ലെഷർ. ബീച്ച് വൈബ്‌സ്, ബിഗ് സിറ്റി ത്രിൽസ് തുടങ്ങി വ്യത്യസ്ത വിഭാ​ഗങ്ങളിലായാണ് സ്ഥലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പ്രകൃതി സ്നേ​ഹികളുടെ വിഭാ​ഗത്തിൽ ഇടംപിടിച്ചിരിക്കുകയാണ് മധ്യപ്രദേശ്. ഇന്ത്യയുടെ ഹൃദയഭൂമിയിലേക്ക് ആഗോള ശ്രദ്ധ പതിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വന്യജീവി സമ്പന്നതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും സംയോജനമാണ് ട്രാവൽ + ലെഷറിന്റെ 2026 ലെ പട്ടികയിൽ മധ്യപ്രദേശിനെ ഉൾപ്പെടുത്താനുള്ള ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

‘കടുവകളുടെ സംസ്ഥാനം’ എന്നാണ് മധ്യപ്രദേശ് അറിയപ്പെടുന്നത്. വിശാലമായ സാൽ വനങ്ങളിലെ കടുവകളെ കാണുന്നതിനൊപ്പം പുരാതനമായ കോട്ടകൾ, ക്ഷേത്രങ്ങൾ, ഗോത്ര പാരമ്പര്യങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ അവസരം നൽകുന്ന സഫാരികളാണ് മധ്യപ്രദേശിലെ മുഖ്യ ആകർഷണം. ഇന്ത്യയിലെ ചുരുക്കം ചില സ്ഥലങ്ങൾ മാത്രമാണ് ഒരു പ്രദേശത്ത് തന്നെ വന്യജീവികളുടെയും സാംസ്കാരിക പൈതൃകത്തിന്റെയും സമന്വയം വാഗ്ദാനം ചെയ്യുന്നത്.

മധ്യപ്രദേശിൽ നിരവധി ദേശീയോദ്യാനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. ബാന്ധവ്ഗഡ് ടൈഗർ റിസർവ്, കൻഹ ടൈഗർ റിസർവ്, പെഞ്ച് ടൈഗർ റിസർവ്, സത്പുര ടൈഗർ റിസർവ്, പന്ന കടുവ സംരക്ഷണ കേന്ദ്രം തുടങ്ങിയവ സഞ്ചാരികൾക്ക് സന്ദർശിക്കാം. ഇതിന് പുറമെ, ഇന്ത്യയിലേയ്ക്ക് എത്തിച്ച ചീറ്റപ്പുലികളെ സംരക്ഷിക്കുന്ന കുനോ നാഷണൽ പാർക്കും മധ്യപ്രദേശിലാണുള്ളത്.

മധ്യപ്രദേശിലെ മിക്ക കടുവാ സംരക്ഷണ കേന്ദ്രങ്ങളും ഒക്ടോബർ പകുതി മുതൽ ജൂൺ വരെ സന്ദർശകർക്കായി തുറന്നിരിക്കും. പ്രധാനമായും നവംബർ മുതൽ ഫെബ്രുവരി വരെ വന്യജീവി നിരീക്ഷണത്തിനും കുടുംബ യാത്രകൾക്കും ഏറ്റവും അനുയോജ്യമായ സമയമാണ്. മാർച്ച് മുതൽ മെയ് വരെ ചൂട് കൂടുതലാണെങ്കിലും കടുവകളെ കാണാൻ അനുയോജ്യമായ സമയമാണിത്. കാരണം ഈ സമയത്ത് ജലസ്രോതസ്സുകൾക്ക് സമീപം മൃഗങ്ങൾ കൂടുതലായി എത്താറുണ്ട്. പ്രകൃതി സ്നേ​ഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഈ സമയം അനുകൂലമാണ്.