അഞ്ഞൂറിലധികം പക്ഷി വൈവിധ്യങ്ങളും നിരവധി മത്സ്യങ്ങളും ഞണ്ടുകളും തുമ്പികളും മറ്റ് സസ്യ ജന്തുവൈവിധ്യങ്ങളും മുണ്ടേരിക്കടവിലുണ്ട്.
ദേശാടന പക്ഷികളുടെ പറുദീസയായ മുണ്ടേരി കടവിലെത്തുന്ന പക്ഷി നിരീക്ഷകർക്കും സഞ്ചാരികൾക്കും സൗകര്യങ്ങൾ ഒരുക്കുന്ന ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമാകുന്നു. സൗന്ദര്യവത്കരണം, ടോയ്ലെറ്റ് ബ്ലോക്ക് നിർമ്മാണം, മൊബൈൽ കൗണ്ടറുകൾ, ദിശാ സൂചിക ബോർഡുകൾ, ബേർഡ് ഡെൻ (പക്ഷികളെ കാണാനുള്ള മുറികൾ) പ്ലാൻ്റുകൾ, വാച്ച് ടവറുകൾ എന്നിവ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിൽ സഞ്ചാരികൾക്കായി ഒരുക്കുന്നത്.
വിനോദ സഞ്ചാര വകുപ്പ് ഒന്നാം ഘട്ടത്തിൽ 79 ലക്ഷം രൂപയുടെ പദ്ധതിയാണ് ആരംഭിച്ചത്. തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. മത്സരാധിഷ്ഠിത ടെണ്ടർ മുഖേന ഏച്ചൂർ സർവീസ് സഹകരണ ബാങ്കിനെ തുടർപരിപാലന ഏജൻസിയായി സംസ്ഥാന ഗവൺമെൻറ് നിശ്ചയിച്ചിട്ടുണ്ട്. മൂന്നു മാസം കൊണ്ട് പദ്ധതികൾ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
അഞ്ഞൂറിലധികം പക്ഷി വൈവിധ്യങ്ങളും നിരവധി മത്സ്യങ്ങളും ഞണ്ടുകളും തുമ്പികളും മറ്റ് സസ്യ ജന്തുവൈവിധ്യങ്ങളും ഇവിടെ ഉണ്ട്. ഇവ സംരക്ഷിക്കുവാൻ 11 വർഷം മുന്നേ ബജറ്റിൽ തുക നീക്കിവെച്ചെങ്കിലും പദ്ധതി നടന്നില്ല. തുടർന്ന് സ്ഥലം എം എൽ എ ആയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തദ്ദേശീയരും വിവിധ സംഘടനകളും നിവേദനം നൽകിയാണ് ഇപ്പോൾ ഒട്ടേറെ കടമ്പകൾ കടന്ന് പദ്ധതി ആരംഭിക്കുന്നത്.
പാർക്കിംഗ് സ്ഥലം, ശൗചാലയം, കോഫി ഷോപ്പ്, സുവനീർ ഷോപ്പുകൾ, ഇൻഫർമേഷൻ ബോർഡുകൾ, ഗൈഡ് സേവനം, വ്യൂയിംഗ് ഡെക്ക്, കയാക്കിംഗ്, ആംഗ്ലിംഗ്, സൈക്കിളിംഗ്, ബോട്ട് ജെട്ടി, ഹൈക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ വരുന്നത് നിരവധി ആഭ്യന്തര,വിദേശ സഞ്ചാരികളെ ആകർഷിക്കും. ഇത് മേഖലയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടും.


