സോഷ്യൽ മീഡിയ വിലക്കിനെ തുടർന്നുള്ള പ്രതിഷേധത്തെത്തുടർന്ന് നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചിരുന്നു.
കാഠ്മണ്ഡു: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നേപ്പാൾ സർക്കാരിനെതിരെ ജെൻസി പൗരന്മാരുടെ നേതൃത്വത്തിൽ നടന്നത്. ഒടുവിൽ പ്രധാനമന്ത്രി ശർമ്മ ഒലി രാജിവെയ്ക്കുകയും നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സർക്കാർ ഉത്തരവ് പിൻവലിച്ചെങ്കിലും പ്രതിഷേധങ്ങൾ ശമിച്ചില്ല. പകരം അഴിമതിയും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക പരാജയങ്ങളും ലക്ഷ്യമിട്ട് പുതിയ വിഷയങ്ങൾ സർക്കാരിനെതിരെ ഉയർന്നു വന്നു. ഈ സാഹചര്യത്തിൽ നേപ്പാളിലേക്കുള്ള യാത്ര ഇപ്പോൾ സുരക്ഷിതമാണോ എന്ന് നോക്കാം.
നേപ്പാളിലെ ഈ പ്രതിസന്ധി ഉത്തർപ്രദേശിലെ അതിർത്തി ജില്ലകളിൽ താമസിക്കുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ഇവിടേക്ക് യാത്ര പ്ലാനിടുന്നവരേയും ഇത് ബാധിച്ചു. യാത്രാ പദ്ധതികൾ റദ്ദാക്കിയതോടെ ആളുകൾ ബുദ്ധിമുട്ടുകയാണ്. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ നേപ്പാളിലേക്കുള്ള യാത്ര മാറ്റിവെയ്ക്കാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേപ്പാളിലുള്ളവരോട് വീടിനുള്ളിൽ തന്നെ തുടരാനും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും പ്രാദേശിക അധികാരികൾ ആവശ്യപ്പെട്ടു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമാകുന്നതു വരെ ഇന്ത്യൻ പൗരന്മാർ അവിടേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയവും നിർദ്ദേശിച്ചു.
നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ നിലവിലെ താമസസ്ഥലങ്ങളിൽ അഭയം തേടാനും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. അതേസമയം, കാഠ്മണ്ഡുവിലെ വിമാനത്താവളം അടച്ചിട്ടിരിക്കുന്നതായി ഇൻഡിഗോ ഔദ്യോഗികമായി അറിയിച്ചു. കാഠ്മണ്ഡുവിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർലൈൻസ് റദ്ദാക്കിയിട്ടുണ്ട്.


