ഇന്ത്യൻ ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററായ ശരണ്യ അയ്യർ താലിബാൻ ഭരണത്തിലുള്ള അഫ്‍ഗാനിസ്ഥാനിലേക്ക് ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സ്ത്രീകളുടെ ദുരവസ്ഥയും സാധാരണക്കാരുടെ സ്നേഹവും നേരിട്ടറിഞ്ഞ അവർ, ഇത്തരം രാജ്യങ്ങളിലെ വിനോദസഞ്ചാര ബഹിഷ്‍കരണത്തിന്‍റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു

താലിബാൻ ഭരണത്തിലുള്ള അഫ്‍ഗാനിസ്ഥാനിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത് അവിടുത്തെ ജനജീവിതം അടുത്തറിഞ്ഞ ഇന്ത്യൻ ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററായ ശരണ്യ അയ്യറുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. 'ട്രൂലി നൊമാഡ്ലി' (@trulynomadly) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച യാത്രാ വീഡിയോകളും കുറിപ്പുകളും ആയിരക്കണക്കിന് ആളുകളെയാണ് ചിന്തിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഇത് സ്ത്രീകൾക്കുള്ള രാജ്യമല്ല" എന്ന് ശരണ്യ തന്റെ വീഡിയോയിൽ തുറന്നുപറയുന്നു. അഫ്‍ഗാനിസ്ഥാനിലെ സ്ത്രീകൾ വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതം തുടങ്ങി നിരവധി മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നുവെന്ന യാഥാർഥ്യം അവർ മറച്ചുവെക്കുന്നില്ല. അതേസമയം, തനിക്ക് നേരിൽ കാണാനായത് മറ്റൊരു അഫ്‍ഗാനിസ്ഥാനെ ആണെന്നും അവർ പറയുന്നു.

യാത്രയ്ക്കിടെ കണ്ടുമുട്ടിയ സാധാരണക്കാർ തനിക്ക് സ്നേഹപൂർവമായ സ്വീകരണമാണ് നൽകിയതെന്ന് ശരണ്യ പറയുന്നു. പലരും സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുകയും ഭക്ഷണം പങ്കിടുകയും ചെയ്തു. ചിലർ രാജ്യത്തിന് പുറത്തേക്ക് പോകാൻ സഹായം തേടിയതായും അവർ വെളിപ്പെടുത്തുന്നു.

'സർക്കാരിന്റെ തെറ്റിന് ജനങ്ങളെ ശിക്ഷിക്കണോ?'

"ഒരു രാജ്യത്തിന്റെ സർക്കാർ തെറ്റായ നയങ്ങൾ പിന്തുടരുന്നുവെങ്കിൽ അതിന്റെ പേരിൽ അവിടുത്തെ സാധാരണ ജനങ്ങളെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നത് നീതിയാണോ?" എന്ന ചോദ്യമാണ് ശരണ്യ ഉയർത്തുന്നത്. വിനോദസഞ്ചാര ബഹിഷ്‌കരണം ഭരണകൂടത്തേക്കാൾ കൂടുതൽ ബാധിക്കുന്നത് ടൂർ ഗൈഡുകൾ, ഡ്രൈവർമാർ, ഹോട്ടൽ ഉടമകൾ, ചെറുകിട വ്യാപാരികൾ, കരകൗശല തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരെയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

12 ദിവസത്തെ യാത്ര, ചെലവ് 2.1 ലക്ഷം രൂപ

2025 നവംബറിലാണ് ശരണ്യ ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് യാത്ര തിരിച്ചത്. വിദേശ സഞ്ചാരികൾക്ക് നിർബന്ധമായ പ്രാദേശിക ഗൈഡിന്റെ സഹായത്തോടെയായിരുന്നു മുഴുവൻ യാത്രയും. ബാമിയാൻ താഴ്വര, പഞ്ച്ഷീർ താഴ്വര, ഗസ്‍നി, കന്ദഹാർ തുടങ്ങിയ ചരിത്ര-പൈതൃക കേന്ദ്രങ്ങളും അവർ സന്ദർശിച്ചു. നിരവധി സുരക്ഷാ പരിശോധനകളും രേഖാ പരിശോധനകളും പിന്നിട്ടാണ് യാത്ര പൂർത്തിയാക്കിയത്.

വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, സ്വകാര്യ ഗൈഡും ഡ്രൈവറും ഉൾപ്പെടെ ഏകദേശം 2.1 ലക്ഷം രൂപയാണ് 12 മുതൽ 13 ദിവസം വരെ നീണ്ട യാത്രയ്ക്കായി ചെലവായതെന്ന് ശരണ്യ വ്യക്തമാക്കി. "ഈ യാത്ര താലിബാൻ ഭരണത്തെ ന്യായീകരിക്കാനല്ല. അഫ്‍ഗാൻ സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലിനെ കുറച്ചുകാണിക്കാനോ നിഷേധിക്കാനോ ഞാൻ ശ്രമിക്കുന്നില്ല. എന്നാൽ വാർത്തകളിലെ തലക്കെട്ടുകൾക്കപ്പുറം ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥകളും ലോകം കേൾക്കേണ്ടതുണ്ട്," എന്നാണ് ശരണ്യയുടെ പ്രതികരണം.

അടിച്ചമർത്തുന്ന ഭരണകൂടമുള്ള രാജ്യങ്ങളെ വിനോദസഞ്ചാരികൾ പൂർണമായും ബഹിഷ്‌കരിക്കണമോ, അതോ ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരം സാധാരണ ജനങ്ങൾക്ക് ആശ്വാസമാകുമോ എന്ന ചർച്ചയ്ക്കാണ് ശരണ്യയുടെ യാത്ര വീണ്ടും തുടക്കമിട്ടിരിക്കുന്നത്.