ഇന്ത്യയിൽ കടുവകൾ വസിക്കുന്ന കൊടുംവനത്തിലൂടെ കടന്നുപോകുന്ന ഒരു റെയിൽ റൂട്ടുണ്ട്. കർണാടകയിലെ സകലേശ്പൂർ-സുബ്രഹ്മണ്യ ഘട്ട് പാതയാണ് സഞ്ചാരികളെ ആകാംക്ഷയുടെ മുൾമുനയിൽ നിര്‍ത്തുന്നത്. 

സക്ലേശ്പൂര്‍: ട്രെയിൻ യാത്രകളിൽ ജനാലയ്ക്ക് പുറത്ത് കാണുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പലപ്പോഴും മനസിൽ തങ്ങി നിൽക്കാറുണ്ടാകും. എന്നാൽ, നിങ്ങൾ ടിക്കറ്റ് എടുത്ത ട്രെയിൻ കടന്നുപോകുന്നത് കടുവകളുള്ള ഒരു കൊടും കാട്ടിലൂടെയാണെങ്കിലോ? കേൾക്കുമ്പോൾ ജം​ഗിൾ സഫാരിയുടെ കാര്യമാണ് പറയുന്നത് തോന്നുമെങ്കിലും സംഭവം അങ്ങനെയൊന്നുമല്ല. യഥാർത്ഥത്തിൽ കടുവകളുള്ള കാട്ടിലൂടെ കടന്നുപോകുന്ന ഒരു റെയിൽ റൂട്ട് ഇന്ത്യയിലുണ്ട്.

കർണാടകയിലെ സക്ലേശ്പൂർ-സുബ്രഹ്മണ്യ ഘട്ട് പാതയെ കുറിച്ചാണ് പറ‍ഞ്ഞുവരുന്നത്. ഇന്ത്യയിലെ ഏറ്റവും സിനിമാറ്റിക് റൂട്ടുകളിൽ ഒന്നായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഈ റൂട്ട് പശ്ചിമഘട്ടത്തിലെ ഇടതൂർന്നതും കടുവകൾ വസിക്കുന്നതുമായ വനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗ്രീൻ റൂട്ട് എന്നാണ് ഈ റൂട്ട് അറിയപ്പെടുന്നത്. പുലർച്ചെ, ട്രെയിൻ സക്ലേശ്പൂർ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചു കഴിഞ്ഞ് ഏതാനും മിനിട്ടുകൾ പിന്നിടുമ്പോൾ തന്നെ ഇരുവശത്തും വനങ്ങൾ ദൃശ്യമാകും. ഇതോടെ പുറത്തുള്ള ലോകം തന്നെ അടിമുടി മാറാൻ തുടങ്ങും.

ബിസ്ലെ റിസർവ് വനത്തിലൂടെയും കുദ്രേമുഖിന്റെ പ്രാന്തപ്രദേശങ്ങളിലൂടെയുമാണ് ഈ റൂട്ട് കടന്നുപോകുന്നത്. കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, മാനുകൾ, വിവിധതരം പക്ഷികൾ, ഉരഗങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമായാണ് ഈ രണ്ട് പ്രദേശങ്ങളും അറിയപ്പെടുന്നത്. വനത്തിനുള്ളിൽ മൃ​ഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കാത്ത രീതിയിലാണ് ഈ റെയിൽവേ ലൈൻ നിർമ്മിച്ചിരിക്കുന്നത്. വന്യജീവികളെ കാണുക എന്നതല്ല, മറിച്ച് ഇന്ത്യയിലെ ഏറ്റവും ദുർബലമായ പാരിസ്ഥിതിക മേഖലകളിലൊന്നിലൂടെ അതിനെ എല്ലാ വിധത്തിലും ആദരവോടെ കണ്ടുകൊണ്ട് കടന്നുപോകുക എന്നതാണ് ഇവിടുത്തെ ആശയം.

ഈ റൂട്ടിന്റെ ചില ഭാഗങ്ങളിൽ കാടിന്റെ മേലാപ്പുള്ളതിനാൽ സൂര്യപ്രകാശം നിലത്ത് തൊടുന്നില്ല. പൂർണമായും ഒറ്റപ്പെട്ട മേഖലകളിലൂടെയുള്ള യാത്ര തന്നെയാണ് മറ്റ് മനോഹരമായ റെയിൽ യാത്രകളിൽ നിന്ന് ഈ പാതയെ വ്യത്യസ്തമാക്കുന്നത്. മൊബൈൽ നെറ്റ്‌വർക്കുകൾ പലപ്പോഴും ലഭിക്കാത്ത റൂട്ട് കൂടിയാണിത്. കടുവകൾക്ക് പുറമെ ആനകളുടെ സഞ്ചാര പാതകളും ഉള്ളതിനാൽ ട്രെയിൻ പലയിടത്തും വേ​ഗത വളരെ കുറച്ചാണ് സഞ്ചരിക്കുക. മഴക്കാലത്ത് ഈ മേഖലകളിൽ ട്രാക്ക് തൊഴിലാളികൾ കടുവകളെ കണ്ടതായി നാട്ടുകാർ പറയുന്നു. യാത്രക്കാർക്ക് കടുവകളെ നേരിട്ട് കാണാൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഇവ ട്രെയിനിന് അടുത്തുള്ള പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നുണ്ട് എന്ന ചിന്ത യാത്രയിലുടീളം ആവേശം വർദ്ധിപ്പിക്കുന്ന ഒന്നാണ്.