പ്രകൃതി സംബന്ധമായതും ഭൗമരാഷ്ട്രീയപരമായതുമായ ആശങ്കകൾ നിലനിൽക്കുന്ന ചില സ്ഥലങ്ങളുണ്ട്.
അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരും യാത്രകൾ പ്ലാൻ ചെയ്ത് ദിവസങ്ങളെണ്ണി കാത്തിരിക്കുന്നവരും നിരവധിയുണ്ട്. പ്രാദേശിക യാത്രകളും അന്തർ സംസ്ഥാന യാത്രകളും വിദേശ യാത്രകളും നടത്താനായി തയ്യാറെടുക്കുന്നവർ ഏറെയാണ്. എന്നാൽ, പ്രകൃതി സംബന്ധമായതും ഭൗമരാഷ്ട്രീയപരമായതുമായ ആശങ്കകൾ കാരണം ചില സ്ഥലങ്ങളിലേയ്ക്ക് ഈ സമയം യാത്രകൾ പോകാതിരിക്കുന്നതാണ് നല്ലത്. അത്തരത്തിൽ ഈ സമയം യാത്രക്കാർ ജാഗ്രത പാലിക്കുകയോ യാത്ര കഴിവതും ഒഴിവാക്കുകയോ ചെയ്യേണ്ട ചില സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
സിംഗപ്പൂരും ഹോങ്കോങ്ങും

വേനൽക്കാല യാത്രകൾക്കായി തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ നിന്ന് സിംഗപ്പൂരും ഹോങ്കോങ്ങും ഒഴിവാക്കുന്നതാണ് നല്ലത്. ഇവിടങ്ങളിൽ അടുത്തിടെയായി കോവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോർട്ട്. ഇവിടങ്ങളിലെ സാഹചര്യം ആരോഗ്യ വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ സിംഗപ്പൂരിൽ കോവിഡ് കേസുകൾ 28% വർദ്ധിച്ച് 14,200 ആയി മാറി. മുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് ദിവസേന ആശുപത്രിയിൽ ചികിത്സ തേടുന്ന ആളുകളുടെ എണ്ണത്തിൽ 30% വർദ്ധനവാണ് ഉണ്ടായത്.
തുർക്കിയും അസർബൈജാനും

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരതയ്ക്ക് എതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് തുർക്കിയും അസർബൈജാനും പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതോടെ ഈ രണ്ട് രാജ്യങ്ങൾക്കുമെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം വ്യാപകമായി. ഇതെല്ലാം കാരണം തുർക്കിയിലേയ്ക്കും അസർബൈജാനിലേയ്ക്കുമുള്ള ആളുകളുടെ യാത്രാ മനോഭാവത്തിലും മാറ്റം വന്നിരിക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളിലേയ്ക്കുമുള്ള യാത്രകൾ റദ്ദാക്കുന്നതിൽ 250% ത്തിലധികം വർദ്ധനവാണ് യാത്രാ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഹണിമൂൺ, ആഡംബരം തേടിയെത്തുന്നവർ, ചരിത്രപ്രേമികൾ തുടങ്ങി വ്യത്യസ്ത വിഭാഗം സഞ്ചാരികൾക്ക് ഒരുപോലെ പ്രിയപ്പെട്ട രാജ്യങ്ങളാണ് തുർക്കിയും അസർബൈജാനും. ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ ഈ രാജ്യങ്ങളിലെ ടൂറിസത്തെ പൂർണമായി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഇന്ത്യക്കാരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരു

കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മഴയിൽ വലയുകയാണ് ബെംഗളൂരു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ വ്യാപകമായ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു നഗരം ദുരിതത്തിലായി. ജനങ്ങളുടെ ദൈനംദിന ജീവിതം സ്തംഭിച്ചു. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ 10.5 സെന്റീമീറ്റർ മഴ പെയ്തതോടെ നഗരത്തിലെ റോഡുകൾ മുങ്ങി. ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്താൻ ഡിങ്കികളും ട്രാക്ടറുകളും വിന്യസിക്കേണ്ടിവന്നു. ബെംഗളൂരു ട്രാഫിക് പൊലീസ് ഔദ്യോഗിക എക്സ് ഹാൻഡിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. വെള്ളക്കെട്ടുള്ള വഴികൾ ഒഴിവാക്കാൻ യാത്രക്കാരോട് പൊലീസ് അഭ്യർത്ഥിച്ചു. മാന്യത ടെക് പാർക്ക്, ബിടിഎം ലേഔട്ട്, എജിപുര ജംഗ്ഷൻ, എച്ച്എസ്ആർ ലേഔട്ടിന്റെ അഞ്ചാമത്തെയും ആറാമത്തെയും സെക്ടറുകൾ, എപ്പോഴും വെള്ളപ്പൊക്ക സാധ്യതയുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ, സായ് ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്.


