ആദ്യമായി വിദേശ യാത്ര നടത്താനൊരുങ്ങുന്നവര്‍ പാസ്പോര്‍ട്ട്, വിസ, പാക്കിംഗ്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വിദേശ യാത്രകൾ നടത്തുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. ഇതിനായി ദീര്‍ഘകാലമായി പദ്ധതികൾ തയ്യാറാക്കുന്നവരുണ്ട്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ സോളോ യാത്രകളോ പ്ലാൻ ചെയ്യുന്നവരുണ്ട്. എന്നാൽ, ആദ്യമായി വിദേശ നടത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ആദ്യ വിദേശ യാത്ര സമ്മര്‍ദ്ദരഹിതവും ആനന്ദകരവുമാക്കി മാറ്റാൻ സാധിക്കും.
1. പാസ്പോര്‍ട്ടും വിസയും സൂക്ഷ്മമായി പരിശോധിക്കുക
നിങ്ങളുടെ പാസ്പോര്‍ട്ടിന് പ്ലാൻ ചെയ്തിരിക്കുന്ന യാത്ര തീയതിയ്ക്ക് ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം. നിരവധി രാജ്യങ്ങൾ ഇക്കാര്യത്തിൽ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ആറ് മാസമെങ്കിലും സാധുതയില്ലാത്ത പാസ്പോര്‍ട്ടാണ് നിങ്ങളുടേതെങ്കിൽ ഇത്തരം രാജ്യങ്ങളിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. വിസയുടെ കാര്യത്തിലാണെങ്കിൽ ചില സമയത്ത് ദീര്‍ഘമായ പ്രോസസിംഗ് ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ഹാൻഡ് ബാഗിലോ ലഗേജിലോ പാസ്പോര്‍ട്ടിന്റെയും വിസയുടെയും കോപ്പികൾ സൂക്ഷിക്കുക. ഇ-മെയിലിൽ വിസയുടെയും പാസ്പോര്‍ട്ടിന്റെയും കോപ്പികൾ ഡിജിറ്റലായി സൂക്ഷിക്കുന്നതും നന്നായിരിക്കും.
2. പണവും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡും കയ്യിൽ കരുതുക
യാത്രകളിൽ എപ്പോഴും ആവശ്യത്തിന് പണം കയ്യിലുണ്ടാകണം. ഇതിനായി പണമായും ഒപ്പം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും കയ്യിൽ കരുതണം. ഇന്റര്‍നാഷണൽ ക്രെഡിറ്റ് കാര്‍ഡ് കയ്യിൽ കരുതുന്നത് നന്നായിരിക്കും. മികച്ച എക്സ്ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് ഫോറെക്സ് കാര്‍ഡുകളാണ് മിക്കവരും അന്താരാഷ്ട്ര യാത്രകളിൽ കയ്യിൽ കരുതാറുള്ളത്.
3. ട്രാവൽ ഇൻഷുറൻസ് ഉറപ്പാക്കുക
അന്താരാഷ്ട്ര യാത്രകളിൽ ട്രാവൽ ഇൻഷുറൻസിന് വലിയ പ്രാധാന്യമുണ്ട്. ലഗേജ് നഷ്ടപ്പെടുക, മെഡിക്കൽ ആവശ്യങ്ങള്‍ വേണ്ടി വരിക, യാത്ര റദ്ദാക്കേണ്ടി വരിക, മോഷണത്തിന് ഇരയാകുക, യാത്രയിൽ താമസം നേരിടുക തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് ട്രാവൽ ഇൻഷുറൻസിന്റെ പ്രാധാന്യം മനസിലാകുക. കുറഞ്ഞ ചെലവിൽ ഏതെങ്കിലും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിന് പകരം നല്ല റേറ്റിംഗും റിവ്യൂകളുമുള്ള ട്രാവൽ ഇൻഷുറൻസുകൾ താരതമ്യം ചെയ്ത് മികച്ചത് തിരഞ്ഞെടുക്കുക.
4. സ്മാര്‍ട്ട് പാക്കിംഗ്
യാത്രകളിൽ എപ്പോഴും കുറച്ച് ലഗേജ് മാത്രം ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ എയര്‍ലൈനിന്റെ ബാഗേജ് നിയമങ്ങൾ കൃത്യമായി പരിശോധിക്കുക. പ്രാദേശിക എയര്‍ലൈനുകളെ അപേക്ഷിച്ച് അന്താരാഷ്ട്ര ഫ്ലൈറ്റുകള്‍ക്ക് ലഗേജുകളുമായി ബന്ധപ്പെട്ട് കര്‍ശനമായ ഭാര പരിധിയുണ്ടാകും. ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് മരുന്നുകളും രേഖകളും ചാര്‍ജറുകളുമെല്ലാം കാബിൻ ബാഗിൽ സൂക്ഷിക്കുക.
5. റോമിംഗ് ചാര്‍ജുകൾ
അന്താരാഷ്ട്ര യാത്രകളിൽ റോമിംഗ് ചാര്‍ജുകൾ നിങ്ങളെ ഞെട്ടിച്ചേക്കാം. അതിനാൽ അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിൽ എത്തിയ ശേഷം ഒരു ലോക്കൽ സിം കാര്‍ഡ് സ്വന്തമാക്കുക. അല്ലെങ്കിൽ നിങ്ങളുടെ സര്‍വീസ് പ്രൊവൈഡറിൽ നിന്ന് മികച്ച ഇന്റര്‍നാഷണൽ റോമിംഗ് പാക്കേജുകൾ നേടിയെടുക്കുക. ഗൂഗിൾ മാപ്പ്, ഗൂഗിൾ ട്രാൻസ്ലേറ്റ് എന്നിവ എപ്പോഴും ആവശ്യം വരുന്നവയാണ്. റേഞ്ച് നഷ്ടമാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഓഫ് ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.
6. ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കുക
എല്ലാ രാജ്യങ്ങൾക്കും ചില പ്രത്യേകളുണ്ടാകും. അമേരിക്കയിലെ ടിപ്പിംഗ് കൾച്ചര്‍, തായ്ലൻഡ് ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ്, ജപ്പാനിലെ ട്രെയിനുകളിലുണ്ടാകുന്ന നിശബ്ദത തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. പ്രാദേശികമായ സംസ്കാരത്തെ ബഹുമാനിക്കുക എന്നത് സന്ദര്‍ശകര്‍ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങളിലൊന്നാണ്.


