ലോകത്തിലെ ഏറ്റവും വലിയ മഹോത്സവങ്ങളിലൊന്നായ മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. ചടങ്ങുകളിൽ പങ്കെടുക്കാനും  അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനും നിരവധി ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആകർഷിച്ച് മഹാകുംഭമേള 2025. ലോകത്തിലെ ഏറ്റവും വലിയ മഹോത്സവങ്ങളിലൊന്നായ ഇത് ദശലക്ഷക്കണക്കിന് ഭക്തരെയും സന്യാസിമാരെയും രാഷ്ട്രീയക്കാരെയും ഫോട്ടോഗ്രാഫർമാരെയും വിനോദസഞ്ചാരികളെയും പ്രയാഗ്‌രാജിലേക്ക് ആകർഷിക്കുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. പുണ്യസ്നാന ചടങ്ങുകളിൽ പങ്കെടുക്കാനും ആത്മീയ അറിവ് നേടാനും അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാനും നിരവധി ആളുകൾ മഹാകുംഭമേള സന്ദർശിക്കുന്നു.

ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലേക്ക് എങ്ങനെ എത്തിച്ചേരാം? യാത്രാ വിവരങ്ങൾ ഇവിടെ കൊടുക്കുന്നു. മഹാകുംഭമേളയിലേക്കുള്ള സുഗമമായ യാത്ര ഉറപ്പാക്കാൻ, ഇന്ത്യൻ ഗവൺമെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രത്യേക ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ‍‍‍ഡൽഹിയിൽ നിന്ന് ട്രെയിനുകൾ, ബസുകൾ, വിമാനങ്ങൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയ വിവിധ ഗതാഗത മാർഗ്ഗങ്ങളിലൂടെ പ്രയാഗ്‌രാജിലേക്ക് എത്തിച്ചേരാം.


ട്രാവലിങ് ടിപ്സ്:

ട്രെയിൻ മാർഗ്ഗം

ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് എത്താനുള്ള ഏറ്റവും നല്ല മാർഗം ട്രെയിൻ ആണ്. മഹാകുംഭ മേള പ്രമാണിച്ച് ഇന്ത്യൻ റെയിൽവേ നിരവധി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രെയിൻ റൂട്ടും സമയങ്ങളും:

ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ ദൂരം ഏകദേശം 650 കിലോമീറ്ററാണ്. 9 മുതൽ 12 മണിക്കൂർ വരെ ദൈർഘ്യമുണ്ടാകും. 
ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഓടുന്ന പ്രധാന ട്രെയിനുകൾ പ്രയാഗ്‌രാജ് എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് എന്നിവയാണ്.

ടിപ്സ്:

തിരക്കേറിയ സീസണായതുകൊണ്ടുതന്നെ സ്റ്റേഷനുകളിലെ നീണ്ട ക്യൂവും കാലതാമസവും ഒഴിവാക്കുക. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വെള്ളം, ലഘുഭക്ഷണങ്ങൾ, പവർ ബാങ്ക്, പുതപ്പുകൾ തുടങ്ങിയ അവശ്യ വസ്തുക്കൾ കൈയിൽ കരുതുക


ബസ് മാർഗ്ഗം

ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ബസിലും എളുപ്പത്തിൽ എത്തിച്ചേരാം. ലക്ഷ്വറി, സ്ലീപ്പർ ബസുകൾ ഉൾപ്പെടെ നിരവധി സ്വകാര്യ, സർക്കാർ ബസുകൾ ഡൽഹിക്കും പ്രയാഗ്‌രാജിനും ഇടയിൽ സർവിസ് നടത്തുന്നുണ്ട്.

ബസ് റൂട്ടും സമയവും:

ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള ബസ് യാത്രാദൈർഘ്യം 12 മുതൽ 24 മണിക്കൂർ വരെയാണ്. ബസുകൾ സാധാരണയായി ഡൽഹിയുടെ പ്രധാന ടെർമിനലുകളിൽ നിന്നാണ് പുറപ്പെടുന്നത്. ISBT (ഇന്റർ-സ്റ്റേറ്റ് ബസ് ടെർമിനൽ) പ്രയാഗ്‌രാജിൽ എത്തുന്നതിന് മുമ്പ് ആഗ്ര, കാൻപൂർ തുടങ്ങിയ നഗരങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്.

Read more: മഹാകുംഭമേള 2025: ത്രിവേണിയുടെ ആകാശത്തെ വിസ്മയിപ്പിക്കാൻ ഡ്രോൺ ഷോ

വിമാനമാർഗ്ഗം

നിങ്ങൾ വേഗത്തിലുള്ളതും കൂടുതൽ സൗകര്യപ്രദവുമായ യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് വിമാന മാർ​ഗം സഞ്ചരിക്കാവുന്നതാണ്. പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്.

വിമാന റൂട്ടും ദൈർഘ്യവും:

ഡൽഹിക്കും പ്രയാഗ്‌രാജിനും ഇടയിലുള്ള വിമാനത്തിന്റെ ദൈർഘ്യം ഏകദേശം 1.5 മണിക്കൂറാണ്. നിരവധി എയർലൈനുകൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡൽഹി) പ്രയാഗ്‌രാജ് വിമാനത്താവളം എന്നിവയ്ക്കിടയിൽ ദിവസേന വിമാനങ്ങൾ സർവിസ് നടത്തുന്നു. ഇതല്ലെങ്കിൽ, നിങ്ങൾക്ക് പ്രയാഗ്‌രാജിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള വാരണാസിയിലേക്ക് ഒരു വിമാനം ബുക്ക് ചെയ്യാം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു ക്യാബ് അല്ലെങ്കിൽ ബസ് എടുക്കാം.