വേനൽക്കാലത്ത് തണുപ്പ് തേടി നിരവധിയാളുകളാണ് മൂന്നാറിലേയ്ക്ക് എത്തുന്നത്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാര്‍. എത്ര കണ്ടാലും മതിവരാത്ത പ്രകൃതി സൗന്ദര്യമാണ് മൂന്നാറിനെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മഴയായാലും വെയിലായാലും മൂന്നാറിന്‍റെ ഭംഗിയ്ക്ക് യാതൊരു കുറവും വരാറില്ല. വേനൽക്കാലത്ത് തണുപ്പ് തേടിയാണ് പലരും മൂന്നാറിലേയ്ക്ക് എത്തുന്നത്. ഇത്തരത്തിൽ മെയ് മാസത്തിൽ മൂന്നാറിലേയ്ക്ക് യാത്രകൾ പ്ലാൻ ചെയ്തവര്‍ നിരവധിയുണ്ടാകും. യാത്ര പുറപ്പെടും മുമ്പ് ഇവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് അനുയോജ്യമായ ഒരു വേനൽക്കാല വിശ്രമ കേന്ദ്രമാണ് മൂന്നാർ. ദക്ഷിണേന്ത്യ മൺസൂണിന്റെ വരവിനായി തയ്യാറെടുക്കുന്ന സമയമാണ് മെയ്. മെയ് മാസത്തിൽ മൂന്നാറിൽ 20 ഡിഗ്രി മുതൽ 35 ഡിഗ്രി വരെയാണ് താപനില അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ നേരിയ ചൂട് തോന്നിപ്പിക്കുമെങ്കിലും രാവിലെയും വൈകുന്നേരങ്ങളിലും മൂന്നാറിൽ ഉന്മേഷദായകമായ തണുപ്പ് അനുഭവപ്പെടും.

മൂന്നാറിന്റെ ഉയർന്ന പ്രദേശങ്ങളിൽ മഴക്കാലത്തിന് മുമ്പുള്ള ചാറ്റൽ മഴ പെയ്യാൻ തുടങ്ങുന്ന സമയമാണിത്. ഇത് പ്രദേശത്തിന് പച്ചപ്പ് നൽകും. മൂന്നാറിൽ പ്രകൃതി പൂർണ്ണമായി പൂത്തുലയുന്ന മനോഹരമായ മാസമാണ് മെയ്. തേയിലത്തോട്ടങ്ങളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും ഈ മാസം കാണേണ്ട കാഴ്ചയാണ്. കൂടാതെ, ട്രെക്കിംഗിനും വന്യജീവി നിരീക്ഷണത്തിനും മെയ് മാസം മികച്ച സമയമാണ്. വരയാടുകളുടെ പ്രജനന കാലം കാരണം ഇരവികുളം ദേശീയോദ്യാനം ഈ കാലയളവിൽ മിസ്സാക്കരുത്.

മെയ് മാസത്തിൽ മൂന്നാറിൽ ചെയ്യേണ്ട കാര്യങ്ങൾ
- തേയിലത്തോട്ടങ്ങൾ സന്ദർശിക്കുക: വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മൂന്നാർ. അതിമനോഹരമായ കാഴ്ചകൾക്കും അവിസ്മരണീയമായ നിമിഷങ്ങൾ ആസ്വദിക്കുന്നതിനുമായി കൊളുക്കുമല തേയിലത്തോട്ടത്തിലൂടെ ഒരു യാത്ര നടത്താൻ മറക്കരുത്.
- ഇരവികുളം ദേശീയോദ്യാനം: വരയാടുകൾ പോലെ വംശനാശഭീഷണി നേരിടുന്ന ജീവികളെ നേരിൽ കാണാനും അതിമനോഹരമായ പർവതക്കാഴ്ചകൾ ആസ്വദിക്കാനും ഇരവികുളത്തേയ്ക്ക് പോകാം.
- മാട്ടുപ്പെട്ടി ഡാമും കുണ്ടല ലേക്കും: പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ബോട്ടിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് മാട്ടുപ്പെട്ടി ഡാം മികച്ച ഓപ്ഷനാണ്. മാട്ടുപ്പെട്ടിയ്ക്ക് സമീപത്ത് തന്നെയാണ് കുണ്ടല ലേക്കും സ്ഥിതി ചെയ്യുന്നത്.
- ടോപ്പ് സ്റ്റേഷനും എക്കോ പോയിന്റും: കോടമഞ്ഞും കുളിർകാറ്റുമേറ്റ് ഉയരങ്ങളിൽ നിന്ന് മൂന്നാറിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാൻ ടോപ്പ് സ്റ്റേഷനിലേയ്ക്ക് പോകാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആർത്തുല്ലസിക്കാൻ കഴിയുന്ന സ്ഥലമാണ് എക്കോ പോയിന്റ്.
പ്രാദേശിക വിഭവങ്ങളുടെ രുചി നുകരാം
മൂന്നാറിൽ എത്തുമ്പോൾ അപ്പത്തോടൊപ്പം സ്റ്റ്യൂ, കേരളീയ രീതിയിലുള്ള മീൻ കറി, എരിവുള്ള മുട്ട റോസ്റ്റിനൊപ്പം മലബാർ പൊറോട്ട, ഏലം അല്ലെങ്കിൽ ഇഞ്ചി ചായ എന്നിവ പോലെയുള്ള പരമ്പരാഗത കേരള വിഭവങ്ങൾ പരീക്ഷിച്ചുനോക്കാൻ മറക്കരുത്.

യാത്രാ നുറുങ്ങുകൾ
- രാത്രികളിലെ തണുപ്പിനെ അതിജീവിക്കാനായി നേരിയ കമ്പിളി വസ്ത്രങ്ങൾ തയ്യാറാക്കി വയ്ക്കുക.
- പെട്ടെന്ന് മഴ പെയ്താൽ ഒരു റെയിൻകോട്ടോ കുടയോ കരുതുക.
- മെയ് മാസത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറിയ സീസണായതിനാൽ ഹോട്ടൽ മുൻകൂട്ടി ബുക്ക് ചെയ്യുക.
- ഹൈക്കിംഗ്, തോട്ടം സവാരി, പ്രകൃതി നടത്തം എന്നിവയ്ക്ക് പ്ലാനുണ്ടെങ്കിൽ അതിന് അനുയോജ്യമായ ഷൂസ് ധരിക്കുക.


