മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. 

മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴ. മെയ് 25, 26 തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോര മേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയതായി ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. 

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മെയ് 25ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.

അതേസമയം, മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനത്തിന് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.