മഴക്കാലത്ത് തീർത്തും അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. 

തിരുവനന്തപുരം: മഴക്കാല യാത്രകൾ എന്നാൽ പലർക്കും ഒരു ഹരമാണ്. ചെറിയ ചാറ്റൽ മഴ നനഞ്ഞ് ഒരു ബൈക്ക് റൈഡ് ചെയ്യുന്നതോ അല്ലെങ്കിൽ സുഹൃത്തുക്കളുമൊത്ത് ഒരു കാർ യാത്ര നടത്തുന്നതോ നൽകുന്ന അനുഭവങ്ങൾ ഒന്ന് വേറെ തന്നെയാണ്. മൺസൂൺ എത്തുന്നതോടെ വണ്ടിയുമെടുത്ത് കാടും മലയും കയറാൻ തയ്യാറെടുക്കുന്നവരുമുണ്ട്. ട്രിപ്പുകളല്ലെങ്കിൽ പോലും പൊതുവേ മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പങ്കുവെക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ് -

  • മഴക്കാലത്ത് തീർത്തും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാം.
  • വളരെയധികം ശ്രദ്ധയോടെയും കരുതലോടെയും വാഹനമോടിക്കുക.
  • മഴക്കാലത്തിനു മുന്നോടിയായി വാഹനത്തിൻ്റെ സർവീസ് നിർവഹിക്കുകയും ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.
  • മഴക്കാലം തുടങ്ങിയെന്നാലും വാഹനം സർവ്വീസ്/മെയിൻ്റനൻസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്നത് ബ്രേക്ക് ഡൗൺ ഒഴിവാക്കുന്നതിന് സഹായിക്കും.
  • മിതമായ വേഗതയിലും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചും വാഹനമോടിക്കാം.
  • ഹൈബീമിലുള്ള ഹെഡ് ലൈറ്റ് ഉപയോഗം മറ്റുള്ളവരുടെ കാഴ്ച മറയ്ക്കുമെന്നതിനാൽ കഴിവതും ലോബീമിൽ ഉപയോഗിക്കുക.
  • ഇൻഡിക്കേറ്ററുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാം.
  • അനാവശ്യമായി ഹസാർഡ് ലൈറ്റുകൾ പ്രകാശിപ്പിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് ഒഴിവാക്കുക.