ചാര്‍ളി എന്ന സിനിമയിലൂടെ വളരെ പെട്ടെന്ന് പ്രശസ്തിയാര്‍ജിച്ച സ്ഥലമാണ് മൂന്നാറിന് അടുത്തുള്ള വട്ടവട. 

ദുൽഖര്‍ സൽമാൻ നായകനായെത്തിയ ചാര്‍ളി എന്ന സിനിമയിലൂടെ വളരെ പെട്ടെന്ന് സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച സ്ഥലമാണ് വട്ടവട. മൂന്നാറിൽ നിന്ന് 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വട്ടവട ഗ്രാമത്തിലേയ്ക്ക് ഇന്ന് നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിമനോഹരമായ വട്ടവട യാത്രയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. 

മൂന്നാറിൽ നിന്ന് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ പാമ്പാടും‍ ഷോള നാഷണൽ പാർക്ക് കടന്ന് വേണം വടവട്ടയിലെത്താൻ. അതിനാൽ തന്നെ 6 മണിയ്ക്ക് മുമ്പായി നിങ്ങൾ ചെക്ക്പോസ്റ്റിലെത്തിയിരിക്കണം. ഇവിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെയും വാഹനത്തിന്റെയും വിവരങ്ങൾ നൽകണം. അവിടെ നിന്ന് 5 കിലോ മീറ്റർ ദൂരം കാടാണ്. പോകുന്ന വഴികളിൽ ആന, കാട്ടുപോത്ത് ഉൾപ്പെടെയുള്ള മൃ​ഗങ്ങളെ കാണാനിടയായേക്കാം. അതിനാൽ ഈ 5 കി.മീ ദൂരത്തിനിടയിൽ വാഹനം നി‍ർത്താനോ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ പാടില്ല. ഇരുചക്ര വാഹന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ വേണം വട്ടവടയിലേയ്ക്കുള്ള ഡ്രൈവിംഗ്. വട്ടവടയിൽ നിന്ന് തിരികെ മൂന്നാറിലേക്കുള്ള യാത്രയാണെങ്കിലും ഈ സമയക്രമം കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം. രാത്രിയും ഏറെ വൈകിയുമുള്ള യാത്ര അത്യന്തം അപകടകരമാണ്. ഫോണിൽ റേഞ്ച് ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം.

മൂന്നാറിൽ നിന്ന് വട്ടവടയിലേയ്ക്കുള്ള റൂട്ടിൽ പെട്രോൾ പമ്പുകളില്ല. അതിനാൽ മൂന്നാറിൽ നിന്ന് ആവശ്യത്തിന് ഇന്ധനം നിറച്ച് വേണം യാത്ര ആരംഭിക്കാൻ. വാഹനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തിയിരിക്കണം. കാരണം, പോകുന്ന വഴിയിൽ വര്‍ക്ക്ഷോപ്പുകളില്ല. വട്ടവടയിലും വാഹനം റിപ്പയ‍ർ ചെയ്യാനുള്ള സൗകര്യം പരിമിതമാണ്. കണക്ടിവിറ്റി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യത്തിന് പണവും കയ്യിൽ കരുതണം.

താമസിക്കാൻ ഹോം സ്റ്റേകളും മറ്റും വട്ടവടയിലുണ്ടെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. മറ്റ് സ്ഥലങ്ങളിലെത്തിയാൽ ചെയ്യുന്നത് പോലെ വട്ടവടയിലെത്തിയ ശേഷം റൂമുകൾ കണ്ടെത്താൻ ശ്രമിച്ചാൽ ബുദ്ധിമുട്ടാകും. തിരക്കുള്ള സമയമാണെങ്കിൽ റൂമുകളുടെ ലഭ്യതയും നന്നേ കുറവായിരിക്കും. മികച്ച റെസ്റ്റോറന്റുകളുടെ അഭാവവുമുള്ളതിനാൽ താമസ സൗകര്യം ഏർപ്പെടുത്തുന്ന സ്ഥലത്ത് തന്നെ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്താൻ ശ്രമിക്കുക. വട്ടവടയിലേയ്ക്ക് പോകുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ പ്രദേശങ്ങളിൽ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...