മെയ് 6, 7 ദിവസങ്ങളിലാണ് ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 

തൃശൂര്‍: തൃശൂർ പൂരത്തോടനുബന്ധിച്ച് ഈ വർഷവും പതിവ് തെറ്റിക്കാതെ ഇന്ത്യൻ റെയിൽവേ. പതിവുപോലെ പൂങ്കുന്നത്ത് ഇത്തവണയും താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഒരു നൂറ്റാണ്ടിലധികമായി റെയിൽവേ തൃശൂര്‍ പൂരത്തിന് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്ന പതിവ് മുടക്കിയിട്ടില്ല. ഇതോടൊപ്പം അധിക സൗകര്യങ്ങളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. 

16305/16306 എറണാകുളം – കണ്ണൂര്‍ ഇന്‍റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി പാലക്കാട് – പാലരുവി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലേക്കും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 

ട്രെയിനുകളും സ്റ്റേഷനിൽ എത്തുന്ന സമയവും: 

  • എറണാകുളം – കണ്ണൂർ എക്‌സ്‌പ്രസ്‌ (16305) - രാവിലെ 7.19 
  • കണ്ണൂർ – എറണാകുളം എക്‌സ്‌പ്രസ്‌ (16306) - വൈകിട്ട്‌ 6.27 
  • ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ്‌ (16307) - വൈകിട്ട്‌ 7.01 
  • കണ്ണൂർ - ആലപ്പുഴ എക്‌സ്‌പ്രസ്‌ (16308) - രാവിലെ 9.27 
  • ഷൊർണൂർ - തിരുവനന്തപുരം എക്‌സ്‌പ്രസ്‌ (16301)- പകൽ 3.07 
  • തിരുവനന്തപുരം - ഷൊർണൂർ എക്‌സ്‌പ്രസ്‌ (16302) - പകൽ 11.10 
  • തിരുനെൽവേലി ജംഗ്ഷൻ - പാലക്കാട്‌ പാലരുവി എക്‌സ്‌പ്രസ്‌ (16791) - രാവിലെ 10.03 
  • പാലക്കാട്‌ - തിരുനെൽവേലി ജംഗ്ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16792) - വൈകിട്ട്‌ 5.

ഇതിന് പുറമെ പൂരത്തിന് വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ തന്നെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാനുള്ള സംവിധാനവും കുടിവെള്ളവും റെയിൽവേ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ പൊലീസ്, റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. അനാവശ്യ തിക്കുംതിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് വേണ്ടി യാത്രക്കാര്‍ ടിക്കറ്റെടുക്കാന്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.