ട്രാവൽ വ്ലോ​ഗറായ ഇഷിത നേഗി 12 ദിവസത്തെ ദക്ഷിണ കൊറിയൻ യാത്ര 85,000 രൂപയ്ക്ക് പൂർത്തിയാക്കി.

ദക്ഷിണ കൊറിയയിലേയ്ക്കുള്ള ഒരു യാത്ര എന്നത് പല വിനോദസഞ്ചാരികളുടെയും സ്വപ്നമാണ്. സിയോളിലെ ചെറി പൂക്കളും ബുസാനിലെ തീരദേശ സൗന്ദര്യവുമെല്ലാം ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ചകളാണ്. ദക്ഷിണ കൊറിയയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും യാത്രാ ചെലവുകൾ നിങ്ങളെ പിന്നോട്ടടിച്ചേക്കാം. എന്നാൽ, കുറഞ്ഞ ചെലവിൽ ദക്ഷിണ കൊറിയയിൽ അടിച്ചുപൊളിച്ചിരിക്കുകയാണ് ട്രാവൽ വ്ലോ​ഗറായ ഇഷിത നേഗി. 12 ദിവസം നീണ്ടുനിന്ന യാത്രയിൽ 85,000 രൂപ മാത്രമാണ് ചെലവായതെന്ന് ഇഷിത പറയുന്നു.

85,000 രൂപ മാത്രം ചെലവഴിച്ച് 12 ദിവസത്തെ ദക്ഷിണ കൊറിയൻ യാത്ര നടത്തി എന്നത് പലർക്കും വിശ്വസിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. ദക്ഷിണ കൊറിയൻ യാത്രയിലെ ദൃശ്യങ്ങളും എങ്ങനെയാണ് ബഡ്ജറ്റ് ഫ്രണ്ട്ലി ട്രിപ്പ് നടത്തിയതെന്നും വിശദീകരിക്കുന്ന ഒരു വീഡിയോ ഇഷിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ദക്ഷിണ കൊറിയയിലേക്കുള്ള ഒരു യാത്ര ഇത്രയും ചെലവ് കുറഞ്ഞതായിരിക്കുമെന്ന് ആർക്കറിയാം? എന്റെ ഹൃദയം അവിശ്വസനീയമായ ഓർമ്മകളാൽ നിറഞ്ഞിരിക്കുന്നു, എന്റെ വാലറ്റും പൂർണ്ണമായും ശൂന്യമായിട്ടില്ല! ഈ റീലിൽ മുഴുവൻ ചെലവുകളെ കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഞാൻ വളരെ ആവേശത്തിലാണ്’ ഇഷിതയുടെ പോസ്റ്റിൽ പറയുന്നു.

View post on Instagram

ദില്ലിയിൽ നിന്ന് സിയോളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 25,000 രൂപയാണ് ചെലവായത്. വിയറ്റ്നാം എയർലൈൻസിലായിരുന്നു യാത്ര. നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന്, ബുള്ളറ്റ് ട്രെയിനുകളെയും ബസുകളെയും ആശ്രയിച്ചു. ഇതിന് 10,000 രൂപ ചെലവായി. 11 രാത്രികളിൽ താമസിക്കാൻ അറ്റാച്ച്ഡ് വാഷ്‌റൂം ഉള്ള എയർബിഎൻബി ബുക്ക് ചെയ്തു. ഇതിന് 18,000 രൂപ ചെലവഴിച്ചു. മെട്രോകളും ബസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗതത്തിന് 5,000 രൂപയും മൂന്ന് തവണ ടാക്സിയിൽ സഞ്ചരിച്ചതിന് 2,000 രൂപയും ചെലവായി. ഏകദേശം 18,000 രൂപ ചെലവഴിച്ച് വിലകൂടിയ കൊറിയൻ ബാർബിക്യൂ മുതൽ ബജറ്റ് ഫ്രണ്ട്‌ലി 7/11 ഈറ്റ്സ് വരെ ഇഷിത നേ​ഗി പരീക്ഷിച്ചു. ബുസാൻ സ്കൈ കാപ്സ്യൂൾ, എൻ സിയോൾ ടവറിലേക്കുള്ള പ്രവേശനം എന്നിവ ഉൾപ്പെടുന്ന ഫൺ ആക്ടിവിറ്റീസിനായി 5,000 രൂപ ചെലവാക്കി. കൂടാതെ, 1,000 രൂപയ്ക്ക് ഒരു ഇ-സിം വാങ്ങി. ഇതിലൂടെ 10 ജിബി ഡാറ്റ ലഭിച്ചു. ഇതെല്ലാം കൂടി ആകെ 84,000 രൂപയാണ് തനിയ്ക്ക് ചെലവായതെന്ന് ഇഷിത നേ​ഗി അവകാശപ്പെട്ടു.