വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് പുതിയ പാസ്പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ നേടാൻ ശ്രമിക്കാം.

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ അത് ആ യാത്രയെ തന്നെ ബാധിക്കും. വിദേശ രാജ്യത്ത് എത്തിയ നിങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെട്ടെന്ന് വിചാരിക്കുക. എന്ത് ചെയ്യും? അത്തരമൊരു സാഹചര്യം നേരിട്ടാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. പൊലീസിൽ പരാതി നൽകുക

നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ ആദ്യം ചെയ്യേണ്ടത് ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുക എന്നതാണ്. അടുത്തുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് പരാതി നൽകുക. പൊലീസ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് വാങ്ങി സൂക്ഷിക്കുക. എംബസി നടപടിക്രമങ്ങൾക്കും ഇൻഷുറൻസ് ക്ലെയിമുകൾക്കും പൊലീസ് റിപ്പോർട്ട് ആവശ്യമാണ്.

2. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക.

പൊലീസ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ ഉടനടി തന്നെ നിങ്ങൾ സന്ദർശിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക. അടുത്ത ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എംബിസി നിർദ്ദേശിക്കും. നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഇതോടെ മനസിലാകും. നഷ്ടമായ പാസ്‌പോർട്ടിന് പകരം പുതിയ പാസ്പോർട്ടോ അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റോ ലഭിക്കുന്നതിന് എംബസി നിങ്ങളെ സഹായിക്കും.

3. പുതിയ പാസ്‌പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ അപേക്ഷിക്കുക

എംബസിയിൽ നിങ്ങൾക്ക് പുതിയ പാസ്‌പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ അപേക്ഷിക്കാം. പുതിയ പാസ്‌പോർട്ട് ലഭിക്കാൻ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിന് കാലതാമസം നേരിട്ടേക്കാം. അതിനാൽ പുതിയ പാസ്പോർട്ടിനായുള്ള കാത്തിരിപ്പ് കാലയളവിൽ നിന്ന് രക്ഷനേടാൻ എമർജൻസി സർട്ടിഫിക്കറ്റിലൂടെ സാധിക്കും. ഇന്ത്യയിലേക്ക് മടങ്ങാൻ നിങ്ങളെ അനുവദിക്കുന്ന ഒരു താൽക്കാലിക യാത്രാ രേഖയാണ് എമർജൻസി സർട്ടിഫിക്കറ്റ്. ഇതിനായി നിങ്ങൾ ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

4. വിസ റീ ഇഷ്യൂവിന് അപേക്ഷിക്കുക

നിങ്ങളുടെ നഷ്ടപ്പെട്ട പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട എംബസിയിൽ നിന്ന് വിസ വീണ്ടും ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്. പ്രക്രിയ വേഗത്തിലാക്കാൻ പൊലീസ് റിപ്പോർട്ടും നിങ്ങളുടെ നഷ്ടപ്പെട്ട വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശം വെയ്ക്കേണ്ടത് അത്യാവശ്യമാണ്.

5. ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്യുക

പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ, റീ-ഇഷ്യൂ പ്രക്രിയ പൂർത്തിയാകുന്നതുവരെ മടക്കയാത്ര അസാധ്യമാകും. അടിയന്തരമായി നിങ്ങൾക്ക് മടങ്ങേണ്ടതുണ്ടെങ്കിൽ നിങ്ങളുടെ എയർലൈനിനെ വിവരം അറിയിക്കുകയും നിങ്ങളുടെ ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്യുക. മിക്ക എയർലൈനുകളും ശരിയായ രേഖകൾ ഉണ്ടെങ്കിൽ ബുക്കിംഗുകളിൽ മാറ്റങ്ങൾ അനുവദിക്കാറുണ്ട്.

6. ട്രാവൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുക

നിങ്ങൾക്ക് അന്താരാഷ്ട്ര ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക. പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും വിസ ഫീസ് അല്ലെങ്കിൽ റീ ഷെ‍ഡ്യൂൾ ചെയ്ത ഫ്ലൈറ്റ് ചാർജുകൾ പോലുള്ള അധിക ചെലവുകളുടെ എല്ലാ രസീതുകളും സൂക്ഷിക്കുകയും ചെയ്യുക. പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ ഫലമായുണ്ടാകുന്ന ചെലവുകളുടെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ ട്രാവൽ ഇൻഷുറൻസ് സഹായിക്കും.