ഊട്ടിയോടും കൊടൈക്കനാലിനോടും കിടപിടിക്കുന്ന പ്രകൃതി സൗന്ദര്യമാണ് യേര്‍ക്കാഡിന്റെ സവിശേഷത.
ഒരു ട്രിപ്പ് പ്ലാൻ ചെയ്താലോ എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ പലരുടെയും, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന ചില സ്ഥലങ്ങളുണ്ട്. അവയിൽ പ്രധനപ്പെട്ട സ്പോട്ടുകളാണ് ഊട്ടിയും കൊടൈക്കനാലും. പച്ചപ്പും കോടമഞ്ഞും മലനിരകളുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് കൂടുതലായും ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമെല്ലാം യാത്ര ചെയ്യുന്നത്. എന്നാൽ, ഈ രണ്ട് സ്ഥലങ്ങളോടും കിടപിടിക്കുന്ന മറ്റൊരിടമുണ്ട്. തമിഴ്നാടൻ മലനിരകളുടെ റാണിയായ യേർക്കാട്.
'പാവപ്പെട്ടവന്റെ ഊട്ടി' എന്നാണ് യേർക്കാഡ് അറിയപ്പെടുന്നത്. എന്നാൽ, കാഴ്ചകളുടെ കാര്യത്തിൽ ഇവിടം റിച്ചാണ്. മൂടൽമഞ്ഞുള്ള പ്രഭാതം, ഇടതൂർന്ന് നിൽക്കുന്ന വനങ്ങൾ, പഴയകാലത്തിന്റെ മനോഹാരിത, ശാന്തമായ തടാകങ്ങൾ, ഇരമ്പുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവ മുതൽ വിശാലമായ വ്യൂ പോയിന്റുകൾ വരെ യേർക്കാഡിലുണ്ട്. യേർക്കാഡിലേയ്ക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ സന്ദർശിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. യേർക്കാട് തടാകം
യേർക്കാടിൽ എത്തുന്നവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത സ്പോട്ടാണ് യേർക്കാട് തടാകം. ഇടതൂർന്ന മരങ്ങളാൽ ചുറ്റപ്പെട്ട അതിമനോഹരമായ സ്ഥലമാണിത്. ബോട്ടിംഗ് ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് യേർക്കാഡ് തടാകം. മെയ് മാസത്തിൽ യേർക്കാഡിലെത്തിയാൽ പൂക്കളുടെ കാഴ്ചകളും സംഗീതവും നൃത്തവും ബോട്ട് റേസുകളുമൊക്കെയായി അടിച്ചുപൊളിക്കാം. പ്രാദേശിക ഭക്ഷണത്തിന്റെ രുചിയും എടുത്തുപറയേണ്ടതാണ്. വേനൽക്കാലമെന്നാൽ യേർക്കാഡിന് അത് ഒരു ഉത്സവം തന്നെയാണ്.
2. ലേഡീസ് സീറ്റ്
പേര് തന്നെ കൊതുകമായ ലേഡീസ് സീറ്റ് എന്ന സ്പോട്ടാണ് യേർക്കാഡ് യാത്രയിൽ സന്ദർശിക്കേണ്ട മറ്റൊരിടം. കൊളോണിയൽ കാലഘട്ടത്തിലെ സ്ത്രീകൾ ഇവിടുത്തെ താഴ്‌വരയിൽ സൂര്യാസ്തമയം കണ്ട് ചായ കുടിച്ച സ്ഥലമാണ് ലേഡീസ് സീറ്റ് എന്നറിയപ്പെടുന്നത്. ഇന്ന്
യേർക്കാഡ് പട്ടണത്തിന്റെയും താഴ്‌വരയുടെയും അതിശയകരമായ സൗന്ദര്യം തുറന്നുകാട്ടുന്ന ഒരു സെൽഫി പോയിന്റാണ് ഇവിടുത്തെ പ്രധാന ആകർഷണം.
3. പഗോഡ പോയിന്റ്
അൽപ്പം ആത്മീയതയും ശാന്തതയുമെല്ലാം തേടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് പഗോഡ പോയിന്റ്. ക്ഷേത്ര ഗോപുരങ്ങൾക്ക് സമാനമായ ഒരു പിരമിഡിന്റെ ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന നാല് കല്ലുകൾ നിറഞ്ഞ കുന്നുകളാണ് പഗോഡ പോയിന്റ് എന്ന് അറിയപ്പെടുന്നത്. ഇവിടെ ഒരു രാമക്ഷേത്രമുണ്ട്. വിശാലമായ താഴ്‌വരയുടെ സുന്ദരമായ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെ വ്യൂപോയിന്റുമുണ്ട്. യേർക്കാടിന്റെ കിഴക്കൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പിരമിഡ് പോയിന്റ് എന്നും പഗോഡ പോയിന്റ് അറിയപ്പെടുന്നു. സേലം നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും പക്ഷി നിരീക്ഷകർക്കും ഇവിടം അനുയോജ്യമായ സ്ഥമാണ്. ശാന്തമായ അന്തരീക്ഷം തന്നെയാണ് പഗോഡ പോയിന്റിന്റെ പ്രധാന സവിശേഷത!
5. ബൊട്ടാണിക്കൽ ഗാർഡൻ
ഓർക്കിഡേറിയം എന്ന് അറിയപ്പെടുന്ന ബൊട്ടാണിക്കൽ ഗാർഡനിൽ വിദേശ ഓർക്കിഡുകൾ, 3000ത്തോളം ഇനം സസ്യങ്ങൾ, അപൂർവ ഔഷധ സസ്യങ്ങൾ എന്നിവയുണ്ട്. 18 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടം ജൈവവൈവിധ്യത്തിന്റെ കലവറയാണ്. തണുത്തതും മൂടൽമഞ്ഞ് നിറഞ്ഞതുമായ കാലാവസ്ഥയിൽ വളരുന്ന നെപ്പന്തസ് എന്ന ഇരപിടിയൻ സസ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. പിച്ചർ സസ്യമെന്നും മങ്കി കപ്പെന്നുമൊക്കെ നെപ്പന്തസ് അറിയപ്പെടാറുണ്ട്. ഇലകളുടെ ഭാഗമായി കാണുന്ന സഞ്ചി രൂപത്തിലുള്ള കെണിയിൽ വന്നു വീഴുന്ന പ്രാണികളെ ആഹാരമാക്കിയാണ് നെപ്പന്തസ് ജീവിക്കുന്നത്.


