സൺറൂഫിലൂടെ എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

ഇന്ന് നിരത്തുകളിലൂടെ പായുന്ന പല വണ്ടികളിലും സൺറൂഫിലൂടെ എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നവർ പതിവ് കാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള യാത്രകളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ യാത്ര ചെയ്യുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പും സൺറൂഫിലൂടെ യാത്ര ചെയ്യുമ്പോഴുണ്ടായ ഒരു അപകടത്തിന്റെ വീഡിയോയയും എംവിഡി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പുറത്ത് നിന്നുള്ള സൂര്യപ്രകാശവും, വായുവും വാഹനത്തിനകത്തേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു ജാലകം മാത്രമാണ് സൺറൂഫ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ സൺറൂഫിലൂടെ എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്നവർക്ക് കൈപിടിക്കാനോ, സുരക്ഷിതമായി കാൽ ഉറപ്പിച്ച് ചവിട്ടാനോ ഉള്ള ഒരു സംവിധാനവും വാഹനത്തിൽ നൽകിയിട്ടില്ല.

വാഹനം സഡൻ ബ്രേക്ക് ചെയ്യുകയോ, ശക്തമായി ഉലയുകയോ ചെയ്താൽ നിൽക്കുന്നവർ നിലതെറ്റി വീഴാനും, ശരീരഭാഗങ്ങൾക്ക് ക്ഷതം സംഭവിക്കാനും സാധ്യതയുണ്ട്. ഉയരം കുറഞ്ഞ ബാരിയറുകളിലും മരച്ചില്ലകളിലും തലയിടിക്കാനും, വളരെ താഴ്ന്നുനിൽക്കുന്ന കേബിളുകളിൽ കുരുങ്ങി കഴുത്ത് മുറിയാനും സാധ്യതയുണ്ട്.

അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കൂ. സൺറൂഫിൻ്റെ ശരിയായ ഉപയോഗം മനസിലാക്കൂ