ജെൻസിയും മില്ലേനിയൽസും തമ്മിലുള്ള വ്യത്യാസങ്ങൾ ഇന്ത്യയുടെ യാത്രാ സംസ്കാരത്തെ പുനർനിർവചിക്കുന്നു.
യാത്ര എന്നത് ഇന്നത്തെ കാലത്ത് കേവലം സ്ഥലങ്ങൾ കാണുക എന്നതിലുപരിയായി പലർക്കും അത് ഐഡന്റിറ്റിയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമായി മാറിയിരിക്കുകയാണ്. 1981നും 1996നും ഇടയിൽ ജനിച്ച മില്ലേനിയലുകൾ യാത്രയെ ഒരു ജീവിത ശൈലിയായി മാറ്റി. 1997 നും 2012 നും ഇടയിൽ ജനിച്ച ജനറൽ ഇസഡ് അഥവാ ജെൻസി, യാത്രയെ കൂടുതൽ സ്വാഭാവികമായ, സാഹസികത നിറഞ്ഞ ഒരു അനുഭവമായി മാറ്റുകയാണ് ചെയ്യുന്നത്.
രണ്ട് തലമുറകളും യാത്രയോടുള്ള ഇഷ്ടം പങ്കിടുന്നുണ്ടെങ്കിലും, അവരുടെ തിരഞ്ഞെടുപ്പുകൾക്ക് വ്യക്തമായ വ്യത്യാസങ്ങളുണ്ട്. മില്ലേനിയലുകൾ യാത്രയുടെ ബജറ്റ് ശ്രദ്ധാപൂർവ്വം തയ്യാറാക്കുന്നു. മറുവശത്ത്, ജെൻസി തലമുറ പുതുമയ്ക്കും ആവേശത്തിനും വേണ്ടി സ്വതന്ത്രമായി ചെലവഴിക്കാൻ കൂടുതൽ സന്നദ്ധത പ്രകടിപ്പിക്കുന്നവരാണ്. ഈ രണ്ട് തലമുറകളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഇന്ത്യയുടെ യാത്രാ സംസ്കാരത്തെ പുതിയ രീതിയിൽ രൂപപ്പെടുത്തുന്നുണ്ടെന്ന് പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ്.കോം ചൂണ്ടിക്കാട്ടുന്നു. 2025-ൽ ഇന്ത്യൻ മില്ലേനിയലുകളുടെയും ജെൻസിയുടെയും പ്രധാന യാത്രാ പ്രവണതകൾ എന്തൊക്കെയാണെന്ന് നോക്കാം.
1. യാത്രയിൽ ഒപ്പമുള്ളവർക്ക് വേണ്ടി പണം ചെലവിടാനുള്ള സന്നദ്ധത
മില്ലേനിയലുകളും ജെൻസിയും തങ്ങളുടെ യാത്രാ പദ്ധതികളിൽ പ്രിയപ്പെട്ടവരെ ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തൽ. അത് സുഹൃത്തുക്കളായാലും പങ്കാളികളായാലും കുടുംബാംഗങ്ങളായാലും യാത്രയിൽ ഒപ്പമുണ്ടാകണമെന്നാണ് ഇരു തലമുറയും ഒരുപോലെ ആഗ്രഹിക്കുന്നത്.
യാത്രയിൽ പ്രിയപ്പെട്ടവരുടെ ചെലവ് വഹിക്കാൻ തയ്യാറാണ്: മില്ലേനിയൽസ് - 89%, ജനറൽ ഇസഡ് - 88%
സുഹൃത്തുക്കളുടെ അവധിക്കാല ഓഫറുകൾ: ജനറൽ ഇസഡ് - 83%, മില്ലേനിയൽസ് - 75%, ജനറേഷൻ എക്സ് - 58%
കുടുംബ അവധിക്കാല യാത്രകൾക്ക് ധനസഹായം നൽകുന്ന മാതാപിതാക്കൾ (പൂർണ്ണമായോ ഭാഗികമായോ): ജനറൽ ഇസഡ് മാതാപിതാക്കൾ - 92%, മില്ലേനിയൽസ് - 84%, ജനറേഷൻ എക്സ് - 71%, ബേബി ബൂമേഴ്സ് - 66%
2. യാത്രയിൽ പണം ചെലവഴിക്കൽ / ബജറ്റ് തയ്യാറാക്കൽ
രണ്ട് തലമുറകളും യാത്രകളെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നൽ, പണം ചെലവഴിക്കുന്നതിനോടുള്ള സമീപനത്തിൽ വ്യത്യാസങ്ങളുണ്ട്. ജെൻസി തലമുറ പലപ്പോഴും യാത്രാ ബജറ്റുകൾ വർദ്ധിപ്പിക്കാൻ പ്രവണത കാണിക്കുന്നുണ്ട്. അതേസമയം, മില്ലേനിയലുകൾ യാത്രകളിലെ ആഹ്ലാദത്തിനും മനസ്സമാധാനത്തിനും ഇടയിൽ ബജറ്റിന്റെ കാര്യത്തിൽ ഒരു സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ്.
ഈ വർഷം യാത്രയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ പദ്ധതിയിടുന്നവർ: ജനറൽ ഇസഡ് - 89%, മില്ലേനിയൽസ് 42%
മറക്കാനാവാത്ത അവധിക്കാലങ്ങൾക്കായി പണം ചെലവഴിക്കുന്നവർ: മില്ലേനിയൽസ് - 65%, ജനറൽ ഇസഡ് - 57%
ശ്രദ്ധാപൂർവ്വം ബജറ്റ് തയ്യാറാക്കുമ്പോൾ യാത്രയ്ക്ക് മുൻഗണന നൽകുന്നവർ: മില്ലേനിയൽസ് - 88%, ജനറൽ ഇസഡ് - 82%
ഒരു നീണ്ട യാത്രയ്ക്ക് പകരം ഒന്നിലധികം ചെറിയ യാത്രകൾക്ക് മുൻഗണന നൽകുന്നവർ: മില്ലേനിയൽസ് - 77%, ജനറൽ ഇസഡ് - 70%
3. പ്രചോദനങ്ങൾ
തലമുറകൾ മാറുന്നതിന് അനുസരിച്ച് സോളോ യാത്രകളുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽാൽ, ഇതിനുള്ള പ്രചോദനത്തിന്റെ കാര്യത്തിൽ വ്യത്യാസങ്ങൾ പ്രകടമാണ്. ജനറൽ ഇസഡ് സാഹസികത, ഭക്ഷണം എന്നീ ഘടകങ്ങളിലേയ്ക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നു. അതേസമയം, മില്ലേനിയൽസ് സംസ്കാരം, പാചകരീതി എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിശ്രമിക്കാനും ഊർജ്ജസ്വലത കൈവരിക്കാനും സോളോ യാത്രകൾ ആസൂത്രണം ചെയ്യുന്നവർ: ജനറൽ ഇസഡ് - 68%, മില്ലേനിയൽസ് - 65%
ജനറൽ ഇസഡിനുള്ള പ്രധാന പ്രചോദനങ്ങൾ: സാഹസികത - 46%, ഭക്ഷണാനുഭവങ്ങൾ - 45%
മില്ലേനിയലുകളുടെ പ്രധാന പ്രചോദനങ്ങൾ: പാചകരീതി - 50%, സംസ്കാരം - 48%, സാഹസികത - 48%
4. ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മുൻഗണനകൾ
ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സുരക്ഷ, കാലാവസ്ഥ എന്നിവ രണ്ട് തലമുറകൾക്കും പ്രധാനമാണ്. എന്നിരുന്നാലും, മില്ലേനിയലുകൾ സ്ഥിരമായി ഈ ഘടകങ്ങൾ അൽപ്പം കൂടി പ്രാധാന്യം നൽകാറുണ്ട്.
സുരക്ഷയ്ക്ക് മുൻഗണന: മില്ലേനിയൽസ് - 72%, ജനറൽ ഇസഡ് - 66%
5. മറ്റ് പ്രധാന ഘടകങ്ങൾ
പണത്തിന് മൂല്യം: മില്ലേനിയൽസ് - 66%, ജനറൽ ഇസഡ് - 61%
നല്ല കാലാവസ്ഥ: മില്ലേനിയൽസ് - 64%, ജനറൽ ഇസഡ് - 61%
മില്ലേനിയൽസും ജനറൽ ഇസഡും യാത്ര പ്ലാൻ ചെയ്യുമ്പോൾ അനുഭവങ്ങൾക്കും വ്യക്തിപരമായ ബന്ധങ്ങൾക്കും വില കൽപ്പിക്കുന്നു. പുതുമയ്ക്കും ആവേശത്തിനും മുൻഗണന നൽകി മുൻകൂട്ടി ചെലവഴിക്കാൻ ജെൻസി തലമുറ കൂടുതൽ സന്നദ്ധരാണ്. മില്ലേനിയലുകൾ ബജറ്റ് സന്തുലിതമാക്കുമ്പോൾ അവിസ്മരണീയമായ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്നു. സോളോ യാത്ര, ഭക്ഷണം, സാഹസികത, സംസ്കാരം എന്നിവ രണ്ട് വിഭാഗങ്ങളുടെയും യാത്രാ പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. തലമുറ വ്യത്യാസങ്ങൾക്കിടയിലും ഇരുവിഭാഗക്കാർക്കും യാത്രകളോടുള്ള ആസക്തിയിൽ ഒട്ടും കുറവില്ലെന്നാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.


