എന്തുകൊണ്ടാണ് എപ്പോഴും ഹോട്ടൽ ബെഡ്ഷീറ്റുകൾക്ക് വെള്ള നിറമെന്ന് ചിന്തിച്ചിട്ടുള്ളവരുണ്ടാകും. 

ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്ത ശേഷം ആദ്യം റൂമിലേയ്ക്ക് കയറുമ്പോൾ തന്നെ നമ്മളുടെ ശ്രദ്ധ പതിയുക ബെഡ്ഡിലേയ്ക്കായിരിക്കും. വിനോദസഞ്ചാരത്തിന് ശേഷമോ ബിസിനസ് മീറ്റിംഗുകൾക്ക് ശേഷമോ ഹോട്ടൽ റൂമിലേയ്ക്ക് തിരിച്ചെത്തുമ്പോൾ ചുളുങ്ങാത്ത, പാടുകളില്ലാത്ത അലക്കി വിരിച്ച വെളുത്ത നിറമുള്ള ബെഡ്ഷീറ്റാകും നമ്മളെ സ്വാഗതം ചെയ്യുക. എന്തുകൊണ്ടാണ് എപ്പോഴും ഹോട്ടൽ ബെഡ്ഷീറ്റുകൾക്ക് വെള്ള നിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള 6 കാരണങ്ങളാണ് ഇനി പറയാൻ പോകുന്നത്.

1. ശുചിത്വം

വെളുത്ത ബെഡ്ഷീറ്റുകൾ ആദ്യം തന്നെ ശുചിത്വമാണ് ഉറപ്പുനൽകുന്നത്. പാടുകളില്ലാത്ത, കറയോ പൊടിയോ പിടിക്കാത്ത ബെഡ്ഷീറ്റ് കാണുമ്പോൾ തന്നെ മൊത്തത്തിൽ ഹോട്ടലിനെ കുറിച്ച് ഒരു മതിപ്പ് തോന്നിക്കും. മാത്രമല്ല, വെള്ള നിറത്തിൽ ചെറിയ പാടുകൾ പോലും എടുത്തുകാണിക്കുമെന്നതിനാൽ സ്റ്റാഫിനും അത് വേഗത്തിൽ കണ്ടെത്താനും മാറ്റാനും സാധിക്കും.

2. കളര്‍ കോംബിനേഷൻ

വെളുത്ത നിറം എല്ലാ കളറുകളുമായും യോജിക്കുന്നതിനാൽ മുറികളിലെ ഇന്റീരിയര്‍ ഡിസൈനിനെ കുറിച്ചോ മറ്റ് കളര്‍ കോംബിനേഷനുകളെ കുറിച്ചോ ഹോട്ടലുകൾക്ക് ചിന്തിക്കേണ്ട ആവശ്യമില്ല. ഇത് ഹോട്ടലുകളുടെ സമയവും പരിശ്രമവും ലഘൂകരിക്കുന്നു.

3. നിറം മങ്ങില്ല

വെളുത്ത നിറത്തിലെ പാടുകൾ എളുപ്പത്തിൽ കണ്ടെത്താനും അവ വൃത്തിയാക്കാനും സാധിക്കും. എത്ര കൂടിയ താപനിലയിലും വെളുത്ത ബെഡ്ഷീറ്റുകൾ വൃത്തിയാക്കാം. കാരണം മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെളുത്ത നിറം മങ്ങുമെന്ന പ്രശ്നം ഉണ്ടാകുന്നില്ല.

4. ലക്ഷ്വറി ടച്ച്

വെളുത്ത നിറമെന്നാൽ പലപ്പോഴും ആഡംബരത്തെയാണ് സൂചിപ്പിക്കുന്നത്. ആഡംബര റിസോര്‍ട്ടുകളിലായാലും ബഡ്ജറ്റ് ഹോട്ടലുകളിലായാലും വെളുത്ത ബെഡ്ഷീറ്റുകൾ ശുചിത്വവും സമാധാനവും മൊത്തത്തിൽ ഒരു ലക്ഷ്വറി ടച്ചും നൽകുന്നു.

5. ഇൻഡസ്ട്രി സ്റ്റാൻഡേര്‍ഡ്

പൊതുവേ മിക്ക ഹോട്ടലുകളും വെളുത്ത ബെഡ്ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആതിഥ്യമര്യാദ, സുഖസൗകര്യങ്ങൾ, ശുചിത്വം, പ്രൊഫഷണലിസം എന്നിവ ഉറപ്പാക്കുന്ന ഒന്നായി വെളുത്ത ബെഡ് ഷീറ്റുകൾ മാറിയിരിക്കുന്നു. ഹോട്ടലിൽ എത്തുന്ന അതിഥികൾ എന്താണോ പ്രതീക്ഷിക്കുന്നത് അത് ആദ്യം തന്നെ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ഇത് സന്ദര്‍ശകരുടെ മൊത്തത്തിലുള്ള സംതൃപ്തിയും മനസ്സമാധാനവും ഉറപ്പാക്കുന്നു.