ടൂറിസത്തിന് നൽകുന്ന പ്രോത്സാഹനം പ്രദേശവാസികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മെക്സിക്കോ: മെക്സിക്കോയിൽ ഓവർ ടൂറിസത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം. ഓവർ ടൂറിസം കാരണം പ്രാദേശികമായി നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഹ്രസ്വകാല വാടകയുമായി ബന്ധപ്പെട്ട ഭവന ചെലവുകളിലെ വർധനവാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉയർന്നുവന്നത്.
കോണ്ടെസ, റോമ തുടങ്ങിയ പ്രദേശങ്ങളിൽ വലിയ പ്രതിഷേധമാണുണ്ടായത്. 'ഞങ്ങളുടെ വീട് മോഷ്ടിക്കുന്നത് നിർത്തൂ' എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. മെക്സിക്കോ സിറ്റി ആന്റി-ജെൻട്രിഫിക്കേഷൻ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പ്രാദേശിക സമൂഹം നേരിടുന്ന വെല്ലുവിളികളാണ് ഉയർത്തിക്കാട്ടിയത്. ഭവന വിപണിയെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
2020ന് ശേഷമാണ് മെക്സിക്കോയിൽ സ്ഥിതി കൂടുതൽ വഷളായത്. ജീവിതച്ചെലവ് കുറയ്ക്കാനും കർശനമായ കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനും നിരവധി അമേരിക്കക്കാർ മെക്സിക്കോ സിറ്റിയിലേക്ക് ജോലിക്കായി താമസം മാറാൻ തുടങ്ങി. ഈ കടന്നുകയറ്റം പ്രാദേശികമായി പല കാര്യങ്ങളിലും മാറ്റങ്ങളുണ്ടാക്കി. എയർബിഎൻബിയുമായി ഒപ്പുവെച്ച കരാർ ഉൾപ്പെടെ മേയർ ക്ലോഡിയ ഷെയിൻബോം ടൂറിസത്തെ സജീവമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഇത് പ്രദേശവാസികളുടെ കുടിയിറക്കത്തിലേയ്ക്ക് നയിച്ചെന്നും പ്രതിഷേധക്കാർ പറയുന്നു.
നിലവിലുള്ള വെല്ലുവിളികളെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ മറികടക്കാൻ കഴിയും. ഇതിനായി പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കാൻ വലിയ ഹോട്ടലുകളിലോ റിസോർട്ടുകളിലോ താമസിക്കുന്നതിനു പകരം കുടുംബങ്ങൾ നടത്തുന്ന ചെറിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. സാൻ റാഫേൽ, സാൻ ഏഞ്ചൽ പോലെയുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരം വൈവിധ്യമാർന്ന മറ്റ് പ്രദേശങ്ങൾ സന്ദർശിക്കുക. ഇതിനായി മ്യൂസിയോ ഡി സിറ്റിയോ സോളോട്ട് അല്ലെങ്കിൽ നാഷണൽ ബയോഡൈവേഴ്സിറ്റി പവലിയൻ പോലെയുള്ള വലിയ പ്രശസ്തിയാർജിക്കാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. ഇതുവഴി മെക്സിക്കോയിലെ ഓവർ ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും.


