വിമാനങ്ങൾ ലാൻഡിംഗിന് മുമ്പ് ആകാശത്ത് വട്ടമിടുന്നതിന്റെ പിന്നിലെ കാരണങ്ങൾ ലളിതമാണ്.

ലാൻഡിം​ഗിന് മുമ്പ് വിമാനം ആകാശത്ത് വട്ടമിടുന്നതായുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകും. ഈ സമയം യാത്രക്കാർ ആശങ്കയിലാകുന്നത് സാധാരണമാണ്. വിമാനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചോ എന്ന സംശയമാണ് ആദ്യം മനസിലേയ്ക്ക് എത്തുക. എന്തുകൊണ്ടാണ് ചില വിമാനങ്ങൾ ലാൻഡിം​ഗിന് മുമ്പ് ആകാശത്ത് വട്ടമിടുന്നത്? ഇതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? ഇക്കാര്യത്തിൽ ആശങ്കയ്ക്ക് വകയില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിന് പിന്നിലെ കാരണങ്ങൾ വളരെ ലളിതമാണ്.

വ്യോമ ഗതാഗതക്കുരുക്ക്

ലാൻഡിംഗിന് മുമ്പ് വിമാനം വട്ടമിടുന്നതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് കനത്ത വ്യോമ ഗതാഗതമാണ്. പ്രധാന വിമാനത്താവളങ്ങൾക്ക് എല്ലാ ദിവസവും നൂറുകണക്കിന് വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കൈകാര്യം ചെയ്യാൻ കഴിയും. വിമാനങ്ങൾക്കിടയിൽ സുരക്ഷിതമായ സമയം നിലനിർത്താൻ എയർ ട്രാഫിക് കൺട്രോൾ ലാൻഡിംഗിന് തയ്യാറെടുക്കുന്ന വിമാനങ്ങളോട് അതാത് വിമാനങ്ങളുടെ ഊഴമാകുന്നതുവരെ ആകാശത്ത് മുൻകൂട്ടി നിശ്ചയിച്ച ഒരു ലൂപ്പിൽ പ്രവേശിക്കാൻ നിർദ്ദേശിക്കാറുണ്ട്.

കാലാവസ്ഥ

മോശം ദൃശ്യപരത, കനത്ത മഴ, ഇടിമിന്നൽ, വിമാനത്താവളത്തിന് സമീപം ശക്തമായ കാറ്റ് എന്നിവ ഉണ്ടായാൽ വിമാനങ്ങളുടെ ലാൻഡിംഗുകൾ താൽക്കാലികമായി വൈകിപ്പിച്ചേക്കാം. സാഹചര്യം അനുകൂലമാകുന്നതുവരെ പൈലറ്റുമാർക്ക് വിമാനം നിയന്ത്രിച്ച് നിർത്താൻ നിർദ്ദേശം നൽകിയേക്കാം. സുഗമവും സുരക്ഷിതവുമായ ലാൻഡിംഗ് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

റൺവേ ലഭ്യത

അറ്റകുറ്റപ്പണികൾ, അടിയന്തര ലാൻഡിംഗ്, വിമാനം റൺവേ വിടാൻ വൈകുക തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചാൽ അത് മറ്റ് വിമാനങ്ങളുടെ ലാൻഡിംഗ് വൈകിപ്പിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ റൺവേകൾ താത്ക്കാലികമായി അടച്ചിടാറുണ്ട്. റൺവേ ക്ലിയർ ആകുന്നതുവരെ ലാൻഡിംഗിന് തയ്യാറെടുക്കുന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നേക്കാം.

സാങ്കേതിക പ്രശ്നങ്ങൾ

അവസാന നിമിഷ പരിശോധനകൾ, ലാൻഡിംഗ് ഗിയർ ഇൻഡിക്കേറ്ററിന്റെ തകരാറുകൾ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ സംഭവിച്ചാൽ അത് ഒരു വിമാനത്തെ ആകാശത്ത് തന്നെ നിലനിർത്താൻ നിർബന്ധിതരാക്കും. സാഹചര്യം വിലയിരുത്തിയ ശേഷം ലാൻഡ് ചെയ്യണോ, വഴിതിരിച്ചുവിടണോ, അല്ലെങ്കിൽ വട്ടമിട്ട് പറക്കുന്നത് തുടരണോ എന്നതിനെക്കുറിച്ച് പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോളും സമയോചിതമായി തീരുമാനിക്കുകയാണ് ചെയ്യാറുള്ളത്.

മറ്റ് വിമാനങ്ങൾക്ക് സ്ഥലം നൽകുക

ലാൻഡ് ചെയ്യുന്ന വിമാനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം എയർ ട്രാഫിക് കൺട്രോൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു വിമാനം പ്രതീക്ഷിച്ചതിലും വേഗത്തിൽ വരികയോ മറ്റൊന്ന് മന്ദഗതിയിലാകുകയോ ചെയ്താൽ, ശരിയായ അകലം പാലിക്കാൻ എയർ ട്രാഫിക് കൺട്രോൾ ഒരു വിമാനത്തോട് വട്ടമിട്ടു പറക്കാൻ ആവശ്യപ്പെട്ടേക്കാം. ലാൻഡിംഗ് സുഗമമായും തടസ്സങ്ങളില്ലാതെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.

എമർജൻസി ലാൻഡിംഗുകൾക്ക് മുൻഗണന

മറ്റൊരു വിമാനം എമർജൻസി ലാൻഡിം​ഗ് പ്രഖ്യാപിച്ചാൽ ആ വിമാനത്തിന് ഉടനടി ലാൻഡ് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാനങ്ങളുടെ ലാൻഡിംഗ് വൈകിയേക്കാം. എമർജൻസി ലാൻഡിം​ഗ് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതുവരെ മറ്റ് വിമാനങ്ങളുടെ ലാൻഡിം​ഗ് വൈകും. ഈ സമയത്തും വിമാനങ്ങൾക്ക് ആകാശത്ത് വട്ടമിട്ട് പറക്കേണ്ടതായി വരും.