Asianet News MalayalamAsianet News Malayalam

പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

  • സ്ത്രീകള്‍, രാത്രികള്‍ 
  • ശരണ്യ മുകുന്ദന്‍ എഴുതുന്നു
women night Saranya Mukundan

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

women night Saranya Mukundan

രാത്രി എന്നാല്‍, പെണ്‍കുട്ടികള്‍ക്ക്  അപകടങ്ങള്‍ സംഭവിക്കുന്ന സമയം എന്നതായിരുന്നു കുട്ടിയായിരിക്കെ കേട്ട നിര്‍വ്വചനം. എവിടെ നിന്നോ എത്തിയ ആശയം.  രാത്രിസങ്കല്‍പ്പങ്ങളും അതിനോട് ചുവടുപിടിച്ച് വളര്‍ന്നു. മുത്തശിക്കഥയില്‍ കേട്ടു പരിചയിച്ച പ്രേതങ്ങള്‍ വിഹരിക്കുന്ന സമയമായൊക്കെ രാത്രി ഭയപ്പാടുണര്‍ത്തുമായിരുന്നു. അച്ഛനുമമ്മയ്ക്കുമൊപ്പമാണെങ്കിലും രാത്രിയിലാണ് യാത്രയെങ്കില്‍ ഇരുട്ടിനെ ഭയന്ന്  അച്ഛന്റെ മടിയില്‍ മുഖമമര്‍ത്തിക്കിടക്കുമായിരുന്നു. ഇരുട്ടിനെ ഭയന്ന് കണ്ണടച്ച്  ഇരുട്ടിലൊളിക്കുന്നതിലെ വൈരുധ്യം! 

വയക്കര സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോയ വിനോദയാത്രയ്ക്ക് പ്രത്യേക സ്ഥാനമാണ് ഓര്‍മ്മകളിലുള്ളത്. മൂന്നുദിവസം നീണ്ടുനിന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാല്‍, ഡ്രീം വേള്‍ഡ് തുടങ്ങി തൃശൂരിലെ സഞ്ചാരകേന്ദ്രങ്ങളെ  പൂര്‍ണമായും ഒപ്പിയെടുത്തിരുന്നു. രാത്രിയെ പ്രണയിക്കുന്ന ഒരുപാടു പേരുണ്ടായിരുന്നു കൂട്ടത്തില്‍. യാത്രയില്‍ അവര്‍ക്കേറ്റവും ഇഷ്ടമായത് ബസിലൂടെ അനുഭവിക്കാനായ രാത്രിക്കാഴ്ച്ചകളാണ്. രാത്രിയെ ഭയന്ന് ഇരുട്ടിനെ ഭയന്ന് സീറ്റിന്റെ ചില്ലടച്ച് കര്‍ട്ടനിട്ടായിരുന്നു ഞാനിരുന്നത്.  പക്വതയില്ലാത്ത ആ ബാല്യം ഒട്ടുമിക്ക രാത്രിക്കാഴ്ചകളെയും ഭയന്നു, അവയെ കണ്ണടച്ച് മറച്ചു.

രാത്രി എത്ര സുന്ദരമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് കുറേ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് ഇങ്ങനെയൊരു കുറിപ്പെഴുമ്പോള്‍ അന്നത്തെ പേടിത്തൊണ്ടിയെ ഒന്ന് കളിയാക്കണം എന്നുവരെ തോന്നിപ്പോകുന്നു.

ഏതൊരു പെണ്‍കുട്ടിയും ഏറെ ഇഷ്ടപ്പെടുന്നത് രാത്രിയെയായിരിക്കും. ചിലര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌കൊണ്ട് മാത്രം രാത്രിയാത്ര അനുഭവിക്കാന്‍ കഴിഞ്ഞിരിക്കില്ല. എങ്കിലും അവരിലും ഒരു സ്വപ്നമായിത്തന്നെ രാത്രിയുടെ ആത്മാവിനെതൊട്ട്, ആസ്വദിച്ചുകൊണ്ട് ഒറ്റയ്‌ക്കൊരു സഞ്ചാരം നിലകൊള്ളുന്നു. അടുക്കളയിലെരിയുന്ന പരിചിതരായ ചില ജന്മങ്ങളും അത്തരത്തിലാണ് രാത്രികളെ കാണുന്നത്. 

ബിരുദാനന്തര ബിരുദത്തിലെത്തി നില്‍ക്കുന്ന പഠനവും അതോടു കൂടി നില്‍ക്കുന്ന അനുഭവ സമ്പത്തും രാത്രിയുടെ സൗന്ദര്യത്തെ നുകര്‍ന്നുള്ള ഒത്തിരി യാത്രകള്‍ സമ്മാനിച്ചിട്ടുണ്ട്. 

സ്ത്രീയ്ക്ക് പുരുഷനെപ്പോലെ സ്വതന്ത്രമായി ഒറ്റയ്ക്ക് രാത്രിസഞ്ചാരം നടത്താന്‍ സാധിക്കില്ല എന്നൊക്കെ വാദമുഖങ്ങള്‍ കേള്‍ക്കാനിടയായിട്ടുണ്ട്. എന്തുകൊണ്ട് അവള്‍ക്കതിനു സാധിക്കില്ല?  അവളും പ്രാപ്തയാണ് അത്തരത്തിലൊരു യാത്രയ്ക്കിറങ്ങിപ്പുറപ്പെടാന്‍. കഴുകക്കണ്ണുകള്‍ പിന്തുടരുന്നില്ല എന്നാണെങ്കില്‍ അവള്‍ക്കാ യാത്ര പൂര്‍ത്തീകരിക്കാനുമാകും. അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ട് ഓരോ പെണ്ണും രാത്രിയേയും രാത്രി യാത്രയേയും. 

ഐ എഫ് എഫ് കെ കാലത്താണ് ഞാനെന്ന പെണ്‍കുട്ടിക്ക് അത്രമേല്‍ സ്വാതന്ത്ര്യത്തോടെ ഒട്ടും ഭയക്കാതെ രാത്രിയാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നത്. തിയേറ്ററുകളില്‍ നിന്ന് കുറച്ച് അകലെയാണ് താമസിക്കാന്‍ വാടകയ്‌ക്കെടുത്ത മുറി. സിനിമയും പാഠ്യ വിഷയമായതിനാല്‍ തികച്ചും പഠനയാത്രയായിരുന്നു അത്. സിനിമ കഴിഞ്ഞ് മുറിയിലേക്കുള്ള ആ രാത്രിയാത്രകള്‍ ഞങ്ങളൊരുകുട്ടം പെണ്‍തരികള്‍ക്ക്  സ്വയം മതിപ്പുളവാക്കി. നട്ടപ്പാതിരയ്ക്ക് തലസ്ഥാനനഗരത്തിലെ ഹൈവേയിലൂടെ പാട്ടും പാടി നടന്നു. ആ യാത്രയെ ഒരു കൂട്ടം പെണ്‍കുട്ടികളുടെ രാത്രിയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ സാക്ഷാത്കാരമായി നിര്‍വ്വചിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. 

കാമ്പസിനെ നെഞ്ചിലേറ്റുന്ന ഒരാളാണ് ഞാന്‍.  എങ്കിലും രാത്രിയുടെ മനോഹാരിതയോടെ കാമ്പസിനെ വളരെ വിരളമായി മാത്രമേ കണ്ടിട്ടുള്ളൂ. കണ്ടപ്പോള്‍ കണ്ണെടുക്കാനും സാധിച്ചിരുന്നില്ല.  പകലിനേക്കാളും രാത്രിയാണ് ക്യാമ്പസിനു ഇണങ്ങുന്നത് എന്ന് തോന്നിപ്പോയി.  സൗഹൃദസംഭാഷണത്തിനിടയ്ക്ക് കൂടെ പഠിക്കുന്ന ആണ്‍സുഹൃത്ത് പറഞ്ഞുവയ്ക്കുകയുണ്ടായി, ക്യാമ്പസ് ഉണരുന്നത് രാത്രികളിലാണ്, ചൂടുപിടിച്ച ചര്‍ച്ചകള്‍ ഇവിടെ  നടക്കാറുണ്ട്, സൗഹൃദത്തിന്റ്റെ ആഴങ്ങള്‍ തേടിയുള്ള യാത്രകള്‍ ഉണ്ടാവാറുണ്ട്. പക്ഷെ സമത്വം മാത്രം അന്യമാണ്.  ഓരോ പെണ്‍കുട്ടിക്കും നിഷേധിക്കപ്പെടുന്നല്ലോ ഈ സ്വാതന്ത്ര്യങ്ങളൊക്കെയും എന്നുള്ള പരിദേവനമായിരുന്നു മറുപടി.

 അവസരം ലഭിക്കാത്തതുകൊണ്ടുമാത്രം ആഗ്രഹങ്ങള്‍ മാത്രമായി ഒതുങ്ങുന്ന ഒരുപാട് കാര്യങ്ങള്‍ ഓരോ പെണ്‍കുട്ടിയ്ക്കുമുണ്ട്, സ്വാതന്ത്ര്യത്തോടെയുള്ള രാത്രി സഞ്ചാരം അവയിലേറെ മുന്‍ഗണനയുള്ളതാണ്.

ഇന്ന് പകലിനെക്കാളും എനിക്കിഷ്ടം രാത്രിയെയാണ്, രാത്രി യാത്രകളെയാണ്.  എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രതിബന്ധങ്ങളിലാതെ അവരുടെ രാത്രിയോടുള്ള പ്രണയം സാക്ഷാത്കരിക്കപ്പെടുന്ന ദിവസം വിദൂരമാവില്ലെന്ന എന്റെ വിശ്വാസവും സാക്ഷാത്കരിക്കപ്പെടട്ടെ.

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'
 

Follow Us:
Download App:
  • android
  • ios