Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികള്‍ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍

ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം

seven food which shouldnt eat by pregnant women
Author
Trivandrum, First Published Nov 6, 2018, 6:31 PM IST

ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

ഈ മത്സ്യം അരുത്...

മെര്‍ക്കുറിയുടെ അംശം കൂടുതലുളള മത്സ്യം കഴിക്കരുത്. മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. അതേസമയം, മെര്‍ക്കുറിയുടെ അംശം ഉണ്ടാകാന്‍ ഇടയുള്ള മീനുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കണം. മെര്‍ക്കുറി ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കോര, ഞണ്ട്, സ്രാവ് മുതലായ മത്സ്യങ്ങളിലാണ് മെര്‍ക്കുറിയുടെ അംശം കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഗര്‍ഭിണികള്‍ ഈ മീനുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മുട്ട 

ഗര്‍ഭിണികള്‍ മുട്ട കഴിക്കേണ്ടതുണ്ട്. ഇത് ആരോഗ്യത്തിന് അവശ്യ പ്രോട്ടീനുകള്‍ നിദാനം ചെയ്യുന്നു. എന്നാല്‍ ഒരിക്കലും നല്ലപോലെ പാകം ചെയ്യാത്ത മുട്ട കഴിക്കരുത്. കാരണം നല്ലപോലെ വേവിക്കാത്ത മുട്ടയില്‍ ബാക്ടീരിയകള്‍ ഉണ്ടായേക്കാം. ഇവ ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തെ വിദൂരകാലത്തേക്ക് ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളും സംഭവിച്ചേക്കാം.

കഫീന്‍- ചായ 

ഗര്‍ഭകാലത്ത് കഫീന്‍, ചായ എന്നിവ ഒഴിവാക്കുക. ഇവയുടെ ഉപയോഗം ഗര്‍ഭസമയത്ത് അനാവശ്യ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നതിനും കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകാം. 

മദ്യം

ഗര്‍ഭിണികള്‍ മദ്യപിക്കുന്നത് സാധാരണ യുവതികള്‍ മദ്യപിക്കുന്നതിന് തുല്യമല്ലെന്ന് മനസ്സിലാക്കണം. വളരെ ചെറിയ അശ്രദ്ധകള്‍ പോലും ബാധിക്കുക കുഞ്ഞിനെയായിരിക്കും. അമിതമായി ഗര്‍ഭകാലത്ത് മദ്യപിക്കുന്നത് കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മാത്രമല്ല, ഗര്‍ഭം അലസിപ്പോകാന്‍ വരെ ഇത് കാരണമായേക്കും. 

ജങ്ക് ഫുഡ് 

പിസ, സാന്‍ഡ്‌വിച്ച്, കെഎഫ്‌സി ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യാവസ്ഥയെ മോശമായ രീതിയില്‍ സ്വാധിനിച്ചേക്കാം. അനാവശ്യമായ കൊഴുപ്പ്, ദഹന പ്രശ്‌നം - ഇവയെല്ലാം ഗര്‍ഭിണികളെ പെട്ടെന്ന് ബാധിച്ചേക്കാം. 

കഴുകാത്ത പഴങ്ങളും പച്ചക്കറികളും

പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രമേ കഴിക്കാവൂ. കാരണം അതില്‍ പല തരത്തിലുളള വിഷാംശങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. 

പാകം ചെയ്യാത്ത ഭക്ഷണം

പാകം ചെയ്യാത്ത ആഹാരസാധനങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. വേവിക്കാത്ത ആഹാരസാധനങ്ങളില്‍ ബാക്ടീരിയകള്‍, വൈറസുകള്‍ മുതലായ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായി മാറാം. നന്നായി വേവിച്ച ആഹാരം മാത്രം കഴിക്കുക. ബാക്ടീരിയ-വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.
 

Follow Us:
Download App:
  • android
  • ios