കുഞ്ഞുണ്ടാകാന്‍ പോകുന്നുവെന്നത് സന്തോഷം മാത്രമല്ല, ചെറിയ ആശങ്കകളും ഉത്കണ്ഠകളുമെല്ലാം മാതാപിതാക്കളിലുണ്ടാക്കും. പ്രധാനമായും കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടായിരിക്കും ഈ ആശങ്കകള്‍. ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ടിയായിരിക്കും പിന്നീടുള്ള ഒമ്പത് മാസങ്ങളിലെ കാത്തിരിപ്പ്. 

പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഗര്‍ഭാവസ്ഥയിലിരിക്കുമ്പോഴേ കുഞ്ഞുങ്ങളെ ബാധിക്കുക. ഓട്ടിസമാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നതില്‍ വളരെയധികം ആശങ്കകള്‍ക്കിടയാക്കുന്ന ഒരു രോഗം. നാഡീവ്യവസ്ഥയെ ബാധിക്കുകയും ഇതിനെ തുടര്‍ന്ന് ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ മറ്റൊരു രീതിയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുന്ന ഒരു രോഗമാണ് ഓട്ടിസം. പിന്നീട് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ അവസ്ഥകളെയെല്ലാം ഇത് ബാധിക്കുന്നു. സംസാരിക്കുന്നതിനോ ഇടപെടുന്നതിനോ ഒക്കെയുള്ള ബുദ്ധിമുട്ടുകളില്‍ ജീവിതകാലം മുഴുവന്‍ ഇവര്‍ തുടര്‍ന്നുപോകുന്നു. ആയിരത്തില്‍ രണ്ട് പേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ ബാധിക്കുന്നത്...

ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കുഞ്ഞ് ഓട്ടിസ്റ്റിക്കാണോയെന്ന് തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നത് പലപ്പോഴും വലിയ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കാറുണ്ട്. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് പേടി വേണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. രക്ത പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസം കണ്ടെത്താന്‍ കഴിയുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ന്യൂയോര്‍ക്കിലെ റെന്‍സെലാര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് രക്തപരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ 90 ശതമാനത്തോളം കണ്ടെത്താന്‍ കഴിയുമെന്നാണ്. 

ഗര്‍ഭിണിയുടെ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണേ്രത ഇത് തിരിച്ചറിയപ്പെടുന്നത്. അതേസമയം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, ആദ്യകുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കരുതണം. കാരണം, രണ്ടാമത്തെ കുഞ്ഞിനും ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയുണ്ടത്രേ. ഏതാണ്ട് 18.7 ശതമാനമാണ് ഇതിനുള്ള സാധ്യതയെന്ന് പഠനം വ്യക്തമാക്കുന്നു. ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരെ നിരീക്ഷിച്ചാണ് ഈ സാധ്യതയെ ഇവര്‍ കണ്ടെത്തിയത്.