Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ പകുതി വലിപ്പം, പകുതിയിലധികവും മരുഭൂമി; എന്നിട്ടും കൃഷിയിൽ തിളങ്ങി ഇസ്രായേൽ 

ഇസ്രായേലിന്റെ മൊത്തം ഭൂമിയുടെ പകുതിയിലധികവും മരുഭൂമിയാണ്. 20% ഭൂമി മാത്രമാണ് സ്വാഭാവികമായി കൃഷിയോഗ്യമായത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാ​ഗവും ​ഗുണനിലവാരം കുറഞ്ഞതും കൃഷിക്ക് തീരെ അനുയോജ്യമല്ലാത്തതുമായ മണ്ണാണ്. എന്നിട്ടും ഇസ്രായേൽ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു.

Kerala Ministers visit Israel to study agriculture development
Author
First Published Jan 27, 2023, 7:14 PM IST

കാർഷിക രം​ഗത്തെ നൂതന സാങ്കേതിക വിദ്യകളും രീതികളും പഠിക്കാൻ കേരളത്തിലെ മന്ത്രിമാർ ഇസ്രായേൽ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. എന്തുകൊണ്ടാണ് കാർഷിക രീതികൾ പഠിക്കാൻ ഇസ്രായേൽ തെരഞ്ഞെടുത്തതെന്ന് കൗതുകകരമാണ്. കേരളത്തിന്റെ പകുതി മാത്രമാണ് ഇസ്രായേലിന്റെ ഭൂവിസ്തൃതി. ഇവിടെ കാലവർഷവും തുലാവർഷവും വേനൽമഴയുമായി വർഷത്തിൽ ആറുമാസത്തോളം മഴ തകർത്തുപെയ്യുമ്പോൾ ഇസ്രായേലിൽ മഴ അപൂർവമാണ്. 44 നദികളെന്ന് മേനി പറയുന്നവരാണ് നമ്മൾ. എന്നാൽ, ഇസ്രായേലിലാകട്ടെ സജീവമായി ഒഴുകുന്നത് നാലോ അഞ്ചോ നദികൾ മാത്രം. ഭൂ​ഗർഭജലമടക്കം ജലസ്രോതസ്സുകളാകട്ടെ വളരെ ശുഷ്കവും. 

ഇസ്രായേലിന്റെ മൊത്തം ഭൂമിയുടെ പകുതിയിലധികവും മരുഭൂമിയാണ്. 20% ഭൂമി മാത്രമാണ് സ്വാഭാവികമായി കൃഷിയോഗ്യമായത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാ​ഗവും ​ഗുണനിലവാരം കുറഞ്ഞതും കൃഷിക്ക് തീരെ അനുയോജ്യമല്ലാത്തതുമായ മണ്ണാണ്. എന്നിട്ടും ഇസ്രായേൽ ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്ത് വരുമാനമുണ്ടാക്കുന്നു. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തിന്റെ സംഭാവന. 2021ൽ അമേരിക്കയിലേക്ക് മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. 

Kerala Ministers visit Israel to study agriculture development

ഭക്ഷ്യലഭ്യതയിൽ സ്വയംപര്യാപ്തമാകണമെന്ന ഇസ്രായേൽ അധികൃതരുടെ ഉറച്ച തീരുമാനമാണ് പ്രതിബദ്ധങ്ങളെയെല്ലാം അതിജീവിച്ച് ഇസ്രായേലിനെ കൃഷി രാഷ്ട്രമാക്കി മാറ്റിയത്. രൂപീകരണ സമയത്തെ പ്രതിസന്ധിയും അതിർത്തി പങ്കിടുന്ന മിക്ക രാജ്യങ്ങളുടെ നിസഹകരണവും ഇസ്രായേലിൽ കൃഷി അനിവാര്യമാക്കി. ഇപ്പോൾ കൃഷിരീതിയിലും  ജലസേചനത്തിനും ലോകത്തിന് തന്നെ മാതൃകയാണ് ഇസ്രായേൽ. യൂറോപ്യൻ രാജ്യങ്ങളടക്കം ഇക്കാര്യത്തിൽ ഇസ്രായേലിനെയാണ് അനുകരിക്കുന്നത്. 

കടൽവെള്ളവെള്ളവും മലിനജലവും ശുദ്ധീകരിച്ചാണ് പ്രധാനമായി കൃഷിക്ക് ജലസേചനം നടത്തുന്നത്. ഏഴുശതമാനമാണ് ഇസ്രായേലിൽ കാട്. മരുഭൂമിസമാനമാണ് മൂന്നിലൊന്ന് ഭൂമിയും. പലയിടത്തും ഒരുകിലോമീറ്റർ കുഴിച്ചാലും വെള്ളം കിട്ടില്ല. ഇവിടെയാണ് ഇവർ മണ്ണിൽ പൊന്ന് വിളയിക്കുന്നത്. ഭക്ഷ്യവിളകളാണ് ഇസ്രായേലിന്റെ പ്രത്യേകത. ​ഗുണനിലവാരം കൂടിയ ​ഗോതമ്പും പച്ചക്കറിയും പഴങ്ങളും പൂക്കളും ധാരാളമായി വിളയുന്നു. കൃഷിയിൽ ശാസ്ത്രീയമായാണ് സർക്കാർ ഇടപെടൽ. ഏതൊക്കെ ഭൂമിയിൽ എന്തൊക്കെ വിളകൾ കൃഷി ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കും. ഓരേ വിളകളുടെ അമിതമായ ഉൽപാദനം തടഞ്ഞ് വിലയിടിവ് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 90 ക്യുബിക് മീറ്റർ മാത്രമാണ് ഇസ്രായേലിൽ ഓരോ വ്യക്തിക്കും ലഭ്യമാകുന്ന ജലത്തിന്റെ അളവ്. ബ്രിട്ടന്റേത് 2200 ക്യുബിക് മീറ്ററും അമേരിക്കയുടേത് 8700 ക്യുബിക് മീറ്ററുമാണെന്നോർക്കുക. ​

Kerala Ministers visit Israel to study agriculture development

ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ 60-80 ശതമാനവും കടൽവെള്ളം ശുദ്ധീകരിച്ചാണ് ഉപയോ​ഗിക്കുന്നത്. കുടിവെള്ളത്തിന്റെ 40 ശതമാനവും കടൽജലം ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. മൂന്ന് ശതമാനം മാത്രമാണ് ജലനഷ്ടം. വികസിത രാജ്യങ്ങളിൽ 15ശതമാനവും വികസ്വര രാജ്യങ്ങളിൽ 35 ശതമാനവുമാണ് ജലനഷ്ടം. ഒരുതുള്ളി വെള്ളം പോലും കളയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ​ഗാർഹിക-വാണിജ്യ ആവശ്യം കഴിഞ്ഞ വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോ​ഗിക്കും. ഇതിനായി വൻ ശുദ്ധീകരണ പ്ലാന്റുകളും വിതരണ പൈപ്പ് ശൃംഖലകളും എങ്ങും കാണാം. 93 ശതമാനം മലിന ജലവും ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നു. 86 ശതമാനം സീവേജ് വാട്ടർ ശുദ്ധീകരിച്ച് കൃഷിക്കുപയോ​ഗിക്കുന്നു. 1986ൽ ഉപയോ​ഗിച്ച അതേ അളവ് വെള്ളം മാത്രമാണ് 2008ലും ഇസ്രായേൽ കൃഷിക്ക് ഉപയോ​ഗിച്ചത്. എന്നാൽ ഉൽപാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. രാജ്യത്തെ മൊത്തം ജലത്തിന്റെ 52 ശതമാനവും ഉപയോ​ഗിക്കുന്നത് കൃഷിക്കായാണ്. രണ്ട് ലക്ഷം ഹെക്ടറാണ് ഇസ്രായേലിലെ കൃഷി ഭൂമി. അതിലേറെയും മരുഭൂമി. 

കൃഷിയിലെ ശാസ്ത്രീയ സമീപനം

കാർഷിക രം​ഗത്ത് ഏറ്റവും നൂതനമായ ശാസ്ത്രീയ രീതികൾ അവംലബിക്കാനും പുതിയ രീതികൾ കണ്ടെത്താനും വലിയ പ്രാധാന്യമാണ് ഇസ്രായേൽ സർക്കാർ നൽകുന്നത്. ജലസേചനം, കീടനിയന്ത്രണം, വളപ്രയോ​ഗം തുടങ്ങിയവയിലെല്ലാം നൂറ് ശതമാനം ശാസ്ത്രീയ മാർ​ഗങ്ങൾ മാത്രം. സംഭരണത്തിനും വിതരണത്തിനും മികച്ച വില കർഷകർക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും സംവിധാനം. 
ഹൈഡ്രോപോണിക്‌സ്, ഡ്രോപ് ഇറി​ഗേഷൻ തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യകൾ അവലംബിച്ചാണ് കൃഷിയിൽ ഭൂരിഭാ​ഗവും. നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം കാർഷിക മേഖലയെ മികച്ച വ്യവസായങ്ങളിലൊന്നാക്കി മാറ്റി. ഡ്രിപ്പ് ഇറിഗേഷൻ, വിത്തില്ലാത്ത പഴങ്ങൾ, ഹൈബ്രിഡ് ഉൽപന്നങ്ങൾ, അക്വാകൾച്ചർ, ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങൾ, വിത്തുൽപാദനം, ഡയറി, കോഴി വളർത്തൽ, രാസവളങ്ങൾ, കീടനാശിനികൾ, പാലുൽപാദനം എന്നിവയെല്ലാം സാങ്കേതിക വിദ്യകയുടെ സഹായത്തോടെ വലിയ രീതിയിൽ വികസിപ്പിച്ചു. 

ഇസ്രായേലിലെ മൊത്തം 90 ലക്ഷമാണ് ഇസ്രായേലിലെ ജനസംഖ്യ. ഇതിൽ 1.7% മാത്രമേ കാർഷിക രം​ഗത്തുള്ളൂവെന്നതും ശ്രദ്ധേയം. ഇത്രയും കുറഞ്ഞ മനുഷ്യവിഭവം ഉപയോ​ഗിച്ചാണ് വലിയ രീതിയിൽ കാർഷികോൽപാദനം സാധ്യമാകുന്നത്. കാർഷിക മേഖലയിലെ സാങ്കേതികവത്കരണം കാരണം ​ഗ്രാമീണമേഖലയിലെ വളർച്ചയും എടുത്തുപറയേണ്ടതാണ്. പശുവളർത്തലും പാലുൽപാദനവും വലിയ രീതിയിൽ വികസിച്ചു. ഇസ്രായേലിലെ പശു പ്രതിവർഷം ശരാശരി 12,000 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. ഒരു മരുഭൂമിയിൽ മാത്രം 150,000 ടൺ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നു. ഓരോ സീസണിലും ഹെക്ടറിൽ മൂന്ന് ദശലക്ഷം റോസാപ്പൂക്കൾ വിളയിച്ച് കയറ്റുമതി ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഉപയോ​ഗവും കൃത്യമായ വളപ്രയോ​ഗവുമാണ് വലിയ ഉൽപാദനത്തിന് കാരണം. ഉയർന്ന നിലവാരമുള്ള ചെടികളും വിത്തുകളും സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇസ്രയേലി കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഹൈബ്രിഡ് വിത്തുകളാണ് മറ്റൊരു പ്രത്യേകത. ഇത് വിളകളെ കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. 

Kerala Ministers visit Israel to study agriculture development

കോഴികൾ പെൺമുട്ടകൾ മാത്രം ഇടുന്ന സവിശേഷമായ ഇനത്തെ എൻആർഎസ് പൗൾട്രി ഫാമിൽ വികസിപ്പിച്ചെടുത്തത് കോഴികൃഷിയിൽ വലിയ നേട്ടമായി. ഈ സാങ്കേതികതയിലൂടെ 700 കോടി ആൺകോഴി കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ നിന്ന് വിട്ടുനിൽക്കാനായി.  മൃ​ഗസംരക്ഷണത്തിനും സാങ്കേതിക മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നു. 2021ൽ അമേരിക്കയുമായി മാത്രം 700 മില്ല്യൺ ഡോളറിന്റെ കാർഷിക കയറ്റുമതിയാണ് ഈ ചെറിയ രാജ്യത്തിനുണ്ടായത്. 

ഇസ്രായേലിന്റെ ഭൂരിഭാഗം കൃഷിയും സഹകരണ രീതിയിലാണ്. കർഷക കൂട്ടായ്മയായ കിബ്ബട്ട്സ്, മോഷവിമിൻ എന്നിവരാണ് പ്രധാന സംഘം. ഉൽപ്പാദന ഉപാധികൾ സംഘങ്ങളുടെ ഉടമസ്ഥതയിലാണ്. കൃഷിയും വിപണനവുമെല്ലാം സഹകരണ മേഖലയിൽതന്നെ.  ഉൽപന്നങ്ങളുടെ 76% ഇവരിൽനിന്നാണ്. 2.4 ശതമാനമാണ് ജിഡിപിയിൽ കാർഷിക രം​ഗത്തെ സംഭാവന. 

കൃഷി പഠിക്കാൻ കേരളാ സംഘത്തിന്റെ ഇസ്രായേൽ യാത്ര, എതിർത്ത് ഹർജി; ഹൈക്കോടതി തളളി

 

Follow Us:
Download App:
  • android
  • ios