Asianet News MalayalamAsianet News Malayalam

ഗ്രേറ്റ് കേരള നിയമസഭയുണ്ടാകുമോ? എത്ര വനിതകള്‍ ഇക്കുറി സാമാജികരാവും

സാക്ഷരതയേയും നവോത്ഥാനത്തേയും കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും വനിത സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ കേരളം അത്ര മികച്ച
നേട്ടങ്ങളല്ല ഇതുവരെ കാഴ്‌ചവെച്ചിട്ടുള്ളത്. ഇതുവരെ ഒരു വനിത മുഖ്യമന്ത്രിയുണ്ടാവാത്ത സംസ്ഥാനമായ കേരളത്തില്‍ നിയമസഭയിലെ സ്‌ത്രീ പ്രാതിനിധ്യവും എല്ലാക്കാലവും വിരളമാണ്.  

How many female candidates compete in Kerala Legislative Assembly Election 2021
Author
Thiruvananthapuram, First Published Mar 7, 2021, 3:43 PM IST

തിരുവനന്തപുരം: 140 മണ്ഡലങ്ങളുണ്ടായിട്ടും കഴിഞ്ഞ കേരള നിയമസഭയില്‍ ആകെയുണ്ടായിരുന്നത് ഒന്‍പത് വനിത എംഎല്‍എമാരാണ്!. എട്ട് പേര്‍ എല്‍ഡിഎഫില്‍ നിന്നും ഒരാള്‍ യുഡിഎഫില്‍ നിന്നും. 'ഇക്കുറി കൂടുതല്‍ വനിതകള്‍ക്ക് സീറ്റ്'എന്ന മോഹനവാഗ്‌ദാനം പതിവുപോലെ മിക്ക പാര്‍ട്ടികളില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിലും സിപിഎമ്മിലും ചര്‍ച്ചകള്‍ പൊടിപൊടിക്കേ വനിത സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മുഖംതിരിക്കല്‍ തുടരുന്ന മുസ്ലീം ലീഗിന്‍റെ നിലപാടും വലിയ ചര്‍ച്ചയാവുന്നു. ആദ്യമായി ഒരു വനിതയെ നിയമസഭയിലെത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് എന്‍ഡിഎയ്‌ക്ക്. കൂടുതല്‍ വനിതകളെ നിയമസഭയിലെത്തിക്കാന്‍ മൂന്ന് മുന്നണികളും ഇത്തവണ ആത്മാര്‍ഥമായി പണിയെടുക്കുമോ. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിത സ്ഥാനാര്‍ഥികളുടെ സാധ്യതകള്‍ ഇതുവരെയുള്ള വിവരങ്ങള്‍ വച്ച്. 

കഴിഞ്ഞ തവണ 9 പേര്‍

How many female candidates compete in Kerala Legislative Assembly Election 2021

കൂത്തുപറമ്പില്‍ നിന്ന് കെ കെ ശൈലജ(സിപിഎം), നാട്ടികയില്‍ നിന്ന് ഗീത ഗോപി(സിപിഐ), പീരുമേടില്‍ നിന്ന് ഇ എസ് ബിജിമോള്‍(സിപിഐ), വൈക്കത്ത് നിന്ന് സികെ ആശ(സിപിഐ), അരൂരില്‍ നിന്ന്ഷാ നിമോള്‍ ഉസ്‌മാന്‍(കോണ്‍ഗ്രസ്), കായംകുളത്ത് നിന്ന് യു പ്രതിഭ (സിപിഎം), ആറന്‍മുളയില്‍ നിന്ന് വീണ ജോര്‍ജ്(സിപിഎം), കൊട്ടാരക്കരയില്‍ നിന്ന് പി ഐഷ പോറ്റി(സിപിഎം), കുണ്ടറയില്‍ നിന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ(സിപിഎം) എന്നിവരാണ് പതിനാലാം നിയമസഭയിലെത്തിയ വനിതകള്‍. ഇവരില്‍ ഷാനിമോള്‍ നിയമസഭയിലെത്തിയത് എ എം ആരിഫ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്. അതുവരെ നിയമസഭയില്‍ യുഡിഎഫിന് വനിത സാന്നിധ്യമുണ്ടായിരുന്നില്ല. 

എന്താകും ഇക്കുറി?

ഇക്കുറി ഏറ്റവും കൂടുതല്‍ വനിത സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളിലൊന്ന് എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിലാണ്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. വനിത മതിലും നവോത്ഥാനവുമായി സ്‌ത്രീകള്‍ക്കൊപ്പമെന്ന മുദ്രാവാക്യമുയര്‍ത്തിയ സിപിഎമ്മിന് വനിത സീറ്റുകള്‍ കൂട്ടുക എന്നത് ധാര്‍മ്മിക പ്രതിബന്ധത കൂടിയാണ്. എന്നാല്‍ സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ആര്‍ ബിന്ദുവിനെയും മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയെയും മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇതിനകം വിവാദമായത് പാര്‍ട്ടിക്ക് പുലിവാലാണ്. 

രണ്ട് മന്ത്രിമാരും മത്സരരംഗത്ത്

How many female candidates compete in Kerala Legislative Assembly Election 2021

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മുഖങ്ങളിലൊന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപയില്‍ തുടങ്ങി കൊറോണയില്‍ എത്തിനില്‍ക്കുന്ന ആരോഗ്യരംഗത്തെ വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് കെ കെ ശൈലജ ശ്രദ്ധനേടിയത്. ഇതിനിടെയുണ്ടായ ഇരട്ട പ്രളയങ്ങളും വലിയ വെല്ലുവിളികളുടെ കാലയളവായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് പിണറായി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മന്ത്രിയായി ശൈലജ. കഴിഞ്ഞ തവണ കൂത്തുപറമ്പിലായിരുന്നു അങ്കമെങ്കില്‍ ഇക്കുറി ഇ പി ജയരാജന് പകരം മട്ടന്നൂര്‍ സീറ്റിലേക്കാണ് ശൈലജയുടെ പേര് പറഞ്ഞുകേള്‍ക്കുന്നത്. 

നിപ മുതല്‍ കൊറോണ വരെ; ആരോഗ്യരംഗത്ത് സര്‍ക്കാരിന് നൂറിലെത്ര?

കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ആറന്‍മുളയില്‍ വീണ ജോര്‍ജും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. കായംകുളത്ത് യു പ്രതിഭയും വീണ്ടും അങ്കത്തിനിറങ്ങും എന്നാണ് സൂചനകള്‍. രണ്ട് ടേം നിബന്ധനയുള്ളതിനാല്‍ കൊട്ടാരക്കര സീറ്റിൽ ആയിഷ പോറ്റിക്ക് ഇക്കുറി അവസരമില്ല. എന്നിരന്നാലും സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി പട്ടികയിൽ വനിതകള്‍ കുറഞ്ഞെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ടി എൻ സീമയാണ് വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനം സംസ്ഥാന സമിതിയിൽ ഉയർത്തിയത്. വനിത പ്രാതിനിധ്യത്തെ ചൊല്ലി ജില്ലാ കമ്മിറ്റികളിലും ചര്‍ച്ചകള്‍ സജീവമാണ്. 

സിപിഎം വനിത സ്ഥാനാര്‍ഥി സാധ്യത

ആറ്റിങ്ങൽ- ഒ എസ് അംബിക
കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ
ആറന്മുള- വീണാ ജോർജ്
കായംകുളം- യു പ്രതിഭ
അരൂർ- ദലീമ ജോജോ
മട്ടന്നൂർ- കെ കെ ഷൈലജ
ഇരിങ്ങാലക്കുട- ആർ ബിന്ദു
ആലുവ- ഷെൽന നിഷാദ്
കൊയിലാണ്ടി-കാനത്തിൽ ജമീല / സതീദേവി 
തരൂർ- ഡോ. പി കെ ജമീല

പുതിയ വനിത മുഖങ്ങള്‍ അവതരിപ്പിക്കാനുള്ള കെല്‍പ് സിപിഐക്ക് നിലവിലുണ്ടോ എന്നത് വിമര്‍ശനമായി ഇക്കുറിയും തുടരും. 

കോണ്‍ഗ്രസില്‍ സ്‌ത്രീകള്‍ക്കെത്ര?

How many female candidates compete in Kerala Legislative Assembly Election 2021

യുഡിഎഫ് സീറ്റ് വിഭജനം പതിവുപോലെ കീറാമുട്ടിയായി തുടരുകയാണ്. മുസ്ലീം ലീഗുമായുള്ള ചര്‍ച്ചകളില്‍ ഏറെക്കുറെ തീരുമാനമായത് ഒഴിച്ചുനിര്‍ത്തിയാല്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള ശീതസമരം മൂര്‍ധന്യാവസ്ഥയിലാണ്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലെ സീറ്റ് വീതംവയ്‌പ്പും എങ്ങുമെത്തിയിട്ടില്ല. ഇതിനിടയില്‍ യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും സ്‌ത്രീകള്‍ക്ക് എത്രത്തോളം പ്രാധാന്യം ലഭിക്കുമെന്നത് ആശ്ചര്യം ജനിപ്പിക്കുന്നു. 

കൂടുതല്‍ പേര്‍ക്ക് സീറ്റെന്ന് ഷാനിമോളും രമ്യ ഹരിദാസും

ഇത്തവണ കൂടുതല്‍ വനിത സ്ഥാനാര്‍ഥികളുണ്ടാവുമെന്ന് തറപ്പിച്ചുപറയുന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഷാനിമോള്‍ ഉസ്‌മാനും രമ്യ ഹരിദാസുമാണ്.
'കാലാകാലങ്ങളില്‍ വനിതകളെ ഒഴിവാക്കിയിട്ടുള്ള സ്ഥാനാര്‍ഥി പട്ടികകളാണ് വന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന്‍റെ പ്രധാന്യം കണക്കെടുത്ത് കൂടുതല്‍ വനിതകളെ ജയിപ്പിച്ചെടുക്കണം എന്ന നിലപാട് എഐസിസി അടക്കം സ്വീകരിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യം വേണമെന്നത് 100 ശതമാനം അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ മാത്രമല്ല, സംഘടനാതലത്തിലും ഇപ്പോള്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്' എന്നും ഷാനിമോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കോണ്‍ഗ്രസ് വനിതകളെ ഒഴിവാക്കിയിട്ടുണ്ട്, ഇത്തവണ കൂടുതല്‍ പേരെ ജയിപ്പിക്കും: ഷാനിമോള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകള്‍ക്കും പുതുമഖങ്ങള്‍ക്കും അവസരം ലഭിക്കുമെന്നും ഇതിനായി യൂത്ത് കോണ്‍ഗ്രസ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നുമാണ് രമ്യ ഹരിദാസ് എംപിയുടെ പ്രതികരണം. എന്നാല്‍ അരൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഷാനിമോള്‍ക്ക് വീണ്ടും അവസരമുറപ്പാണ് എന്നതൊഴിച്ചാല്‍ ആര്‍ക്കൊക്കെ ഏതൊക്കെ സീറ്റില്‍ നറുക്കുവീഴും എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടതാണ്. സ്ഥാനാര്‍ഥികളായി മഹിളാ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളുടെ പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ട്. 

How many female candidates compete in Kerala Legislative Assembly Election 2021

വിജയരാഘവന്‍ അന്ന് പറഞ്ഞതൊന്നും ആലത്തൂരിലെ ജനങ്ങള്‍ മറക്കില്ല: രമ്യ ഹരിദാസ്

പി കെ ജയലക്ഷ്‌മി, ലതിക സുഭാഷ്, ബിന്ദു കൃഷ്‌ണ, പദ്‌മജ വേണുഗോപാല്‍, ജ്യോതി വിജയകുമാര്‍, ഷമ മുഹമ്മദ്, അഡ്വ. വിദ്യാ ബാലകൃഷ്‌ണന്‍, രജനി രമാനന്ദ് തുടങ്ങിയ പേരുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പറഞ്ഞുകേള്‍ക്കുന്നത്. ഒരു ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ഥിയെങ്കിലും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം എന്നാണ് വിവരം. പരിഗണിക്കേണ്ടവരുടെ പട്ടിക ഡിസിസികളും മഹിളാ കോണ്‍ഗ്രസും കെപിസിസി നേതൃത്വത്തിനും എഐസിസി സംഘത്തിനും നേരത്തെ കൈമാറിയിരുന്നു. ഇവര്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും. 

സമസ്തയില്‍ വിരണ്ട് ലീഗ്

അതേസമയം യുഡിഎഫിലെ കോണ്‍ഗ്രസിന്‍റെ പ്രധാന സഖ്യകക്ഷിയായ മുസ്ലീം ലീഗിന്‍റെ നിലപാട് ഇതിനകം വിവാദം സൃഷ്‌ടിച്ചിട്ടുണ്ട്. പ്രധാന വോട്ടുബാങ്കായ സമസ്തയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇത്തവണയും ലീഗിന് വനിത സ്ഥാനാര്‍ഥി ഉണ്ടായേക്കില്ല. 1996ല്‍ കോഴിക്കോട് 2 മണ്ഡലത്തില്‍ എളമരം കരീമിനെതിരെ മത്സരിച്ച ഖമറുന്നീസ അന്‍വറാണ് നാളിതുവരെയുള്ള നിയമസഭാ ചരിത്രത്തില്‍ ലീഗിന്‍റെ ഒരേയൊരു വനിതാ സ്ഥാനാര്‍ഥി. ഖമറുന്നീസയ്‌ക്ക് ശേഷം വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ലീഗ് കോണിയിറങ്ങുകയായിരുന്നു. 

ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരെ പരിഗണിക്കണമെന്ന് കാണിച്ച് വനിത ലീഗ് നേതൃത്വം നേരത്തെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഫാത്തിമ തെഹലിയയുടെ പേര് വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയും നിര്‍ദ്ദേശിച്ചു. എന്നാല്‍ സമസ്തയ്‌ക്ക് മുന്നില്‍ ലീഗിന് മുട്ടിടിച്ചു. സമസ്തയെ പിണക്കാതെ വനിത പ്രാതിനിധ്യമുറപ്പിക്കാനുള്ള ശ്രമമാണ് മുസ്ലീം ലീഗ് നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ലീഗില്‍ നിന്ന് വനിത സ്ഥാനാര്‍ഥി ഇക്കുറിയുണ്ടെങ്കില്‍ അത് വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മാത്രമായിരിക്കും. 

ബിജെപിയില്‍ പ്രതീക്ഷ വയ്‌ക്കണോ?

How many female candidates compete in Kerala Legislative Assembly Election 2021

ബിജെപിയിലാവട്ടെ ജനപിന്തുണയുള്ള വനിത സ്ഥാനാര്‍ഥികളുടെ അഭാവം പ്രശ്‌നമാണ്. ഏറ്റവും കരുത്തയായ വനിത നേതാവ് ശോഭ സുരേന്ദ്രന്‍ നാളുകളായി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ശോഭയുടെ സീറ്റിന്‍റെ കാര്യത്തില്‍ പോലും വ്യക്തതകള്‍ വന്നിട്ടില്ല. ട്വന്‍റി 20യും വി ഫോര്‍ കൊച്ചിയും അടക്കമുള്ള പുത്തനുദയങ്ങളും എത്രത്തോളം വനിതകള്‍ക്ക് അവസരം നല്‍കും എന്നും കണ്ടറിയാം. എന്തായാലും ഇത്തവണ വനിത സ്ഥാനാര്‍ഥികളില്‍ ഏറ്റവും ശ്രദ്ധേയം ഇതുവരെയുള്ള പേരുകള്‍ വച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ്. 

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍! ശ്വാസമടക്കിക്കണ്ട വോട്ടെണ്ണല്‍

മാണിയില്ലാത്ത തെരഞ്ഞെടുപ്പ്, മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കും തലമുറമാറ്റം; ജയം മുഖ്യം ബിഗിലേ

'കണ്ണേ കരളേ വിഎസേ', അണികളെ ഇളക്കിമറിച്ച 'വി എസ് കാലം'

Follow Us:
Download App:
  • android
  • ios