എൻസിആർബി റിപ്പോർട്ട് പ്രകാരം 2023-ലെ റോഡപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും അപകടകരമായ നഗരം ഡൽഹിയാണ്.

ന്ത്യയുടെ തലസ്ഥാനമായ ഡൽഹി, റോഡപകടങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും അപകടകരമായ നഗരമാണെന്ന് റിപ്പോർട്ട്. രാജ്യത്തെ 53 നഗരങ്ങളിൽ ഏറ്റവും സുരക്ഷിതമല്ലാത്തതും യാത്രക്കാർക്ക് ഏറ്റവും മാരകവുമായ റോഡുകൾ ഡൽഹിയിലാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തിറക്കിയ 2023-ലെ കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‍സ് ബ്യൂറോ (NCRB)യുടെ കണക്കുകൾ പ്രകാരം, 2023 ൽ ഡൽഹിയിൽ 1,457 പേർ റോഡപകടങ്ങളിൽ മരിച്ചു. അതായത്, ഡൽഹിയിലെ റോഡുകളിൽ പ്രതിദിനം ശരാശരി നാല് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ.

ആകെ അപകടങ്ങളുടെ 8.2 ശതമാനം

രാജ്യത്തെ 53 പ്രധാന നഗരങ്ങളിലെ ആകെ അപകടങ്ങളുടെ 8.2 ശതമാനം വരുന്ന 5,715 റോഡ് അപകടങ്ങളാണ് ഡൽഹിയിൽ നടന്നത്. തൊട്ടുപിന്നിൽ ബെംഗളൂരു (4,980 അപകടങ്ങൾ), ചെന്നൈ (3,653 അപകടങ്ങൾ) എന്നിവയുണ്ട്. എങ്കിലും മരണനിരക്കിന്‍റെ കാര്യത്തിൽ മറ്റൊരു നഗരവും ഡൽഹിയുടെ അടുത്തെത്തിയില്ല. ഡൽഹിയിൽ 1,457, ബെംഗളൂരുവിൽ 915, ജയിപൂരിൽ 848 എന്നിങ്ങനെയാണ് റോഡപകട മരണങ്ങൾ.

ഡൽഹിയിൽ 15 ദശലക്ഷത്തിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ആകെ എണ്ണത്തിന് തുല്യമാണിത്. ഈ വാഹനങ്ങളുടെ ഭാരവും പരിമിതമായ റോഡ് അടിസ്ഥാന സൗകര്യങ്ങളും നഗരത്തെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഒരു ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നു.

ഗതാഗത രീതിയെ ആശ്രയിച്ച് മരണസംഖ്യയിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് എൻ‌സി‌ആർ‌ബി ഡാറ്റ വെളിപ്പെടുത്തി. നാഷണൽ ക്രൈം റെക്കോർഡ്‍സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾക്ക് കാരണമായത് ഇരുചക്ര വാഹനങ്ങളാണ്. 2,241 പേർക്ക് പരിക്കേൽക്കുകയും 622 പേർ മരിക്കുകയും ചെയ്തു. ദില്ലിയിലെ റോഡുകളിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത് ഇരുചക്ര വാഹന യാത്രികരാണെന്ന് ഇത് വ്യക്തമാക്കുന്നു. ഇതിൽ കാർ യാത്രക്കാരുടെ 327 മരണങ്ങളും ഓട്ടോറിക്ഷ യാത്രക്കാരുടെ 95 മരണങ്ങളും ട്രക്ക് സംബന്ധമായ അപകടങ്ങളിൽ 94 മരണങ്ങളും സൈക്കിൾ യാത്രക്കാരുടെ 78 മരണങ്ങളും ബസ് അപകടങ്ങളിൽ 34 മരണങ്ങളും ഉൾപ്പെടുന്നു. കാൽനടയാത്രക്കാരുടെ സ്ഥിതിയും വളരെ ദയനീയമാണ്. സീബ്രാ ക്രോസിംഗുകളിൽ മാത്രം 159 പേർ മരിച്ചു. അതായത് റോഡ് മുറിച്ചുകടക്കുന്നത് പോലും മരണത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതിന് തുല്യമായി മാറിയിരിക്കുന്നു.

ദില്ലി ട്രാഫിക് പൊലീസിന്‍റെ കണക്കനുസരിച്ച്, റോഡപകടങ്ങൾക്ക് നിരവധി പ്രധാന കാരണങ്ങളുണ്ട്. അമിത വേഗത, മോശം റോഡുകൾ, മോശം റോഡ് രൂപകൽപ്പന, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി മറികടക്കൽ, ചുവന്ന ലൈറ്റ് മറികടക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 20 ശതമാനം അപകടങ്ങളിലും വാഹനങ്ങൾ മതിലുകളിലോ ഡിവൈഡറുകളിലോ ഇടിക്കുന്നത് ഉൾപ്പെടുന്നു. കൂടാതെ ഈ അപകടങ്ങളിൽ ഭൂരിഭാഗവും രാത്രിയിലാണ് സംഭവിക്കുന്നത്.

2022-ൽ 1,461 മരണങ്ങൾ ആയിരുന്നു ഡൽഹിയിൽ സംഭവിച്ചത്. അപകട സ്ഥലങ്ങൾ തിരിച്ചറിയുകയും മികച്ച സൂചനകൾ സ്ഥാപിക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രാഫിക് പോലീസ് പറയുന്നു. എങ്കിലും, ഡൽഹിയിൽ 75 സ്ഥലങ്ങളിൽ 200 സ്പീഡ് ക്യാമറകൾ മാത്രമേ ഉള്ളൂവെന്നും ആയിരക്കണക്കിന് ക്യാമറകൾ ആവശ്യമാണെന്നും റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു. മാത്രമല്ല വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്ത ഇന്‍റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഇപ്പോഴും ഫയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്.