തിരുവനന്തപുരം: ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് വാഹനം വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ നീക്കം നേരത്തെ ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 

1000 രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാൽ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷൻ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നൽകി യൂത്ത് കോൺഗ്രസുകാർ തടിയൂരി. ബുക്ക് ചെയ്‍തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ അതോടെ വാര്‍ത്തകളില്‍ നിന്നും മറഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് രമ്യാ ഹരിദാസും അവരുടെ വാഹനവും. വിവാദങ്ങള്‍ക്കൊടുവില്‍ ലോണെടുത്ത് കാര്‍ വാങ്ങിയിരിക്കുകയാണ് എംപി. മഹീന്ദ്ര മരാസോയെ ഒഴിവാക്കി എംപി സ്വന്തമാക്കിയ പുത്തന്‍ വാഹനമാണ് വാഹന പ്രേമികള്‍ക്കിടയില്‍ കൗതുകമാകുന്നത്.  ഇന്ത്യന്‍ എംപിവി വിപണിയിലെ രാജാവ് ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് സ്വന്തമാക്കിയിരിക്കുന്നത്. വായ്‍പ എടുത്ത് വാങ്ങിയ വാഹനത്തിന്‍റെ താക്കോല്‍ മുൻ എംപി വി എസ് വിജയരാഘവൻ രമ്യക്ക് കൈമാറുകയും ചെയ്‍തു. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ക്വാളിസിനു പകരക്കാരനായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ. 2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. 

എംപിവി സെഗ്മെന്‍റില്‍ ഇന്നോവയുടെ മുഖ്യശത്രുവാണ് മഹീന്ദ്ര മരാസോ. U 321 എന്ന കോഡു നാമത്തില്‍ അറിയപ്പെട്ടിരുന്ന വാഹനം മരാസോ എന്ന പേരില്‍ 2018 സെപ്‍തംബറിലാണ് നിരത്തിലെത്തിയത്. സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും. 

ഇന്നോവയോ അതോ പെങ്ങളൂട്ടിയുടെ കൊമ്പന്‍ സ്രാവോ കേമന്‍?!

'സ്രാവിന്‍റെ' പുതിയ പതിപ്പുമായി മഹീന്ദ്ര

പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴിയില്ല, പുതിയ ഇന്നോവ ഉടന്‍ പുറപ്പെടും!