നെടുമങ്ങാട്: തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിൽ നടത്തിയ വാഹനപരിശോധനയിൽ പിടിവീണത് 365 വാഹനങ്ങൾക്ക്. ഈ വാഹനങ്ങളിൽ നിന്നായി നാലരലക്ഷം രൂപ പിഴ ഈടാക്കി. സ്കൂൾവാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്.

ലൈസൻസില്ലാതെ വാഹനമോടിച്ച ഡ്രൈവർമാരെയും സുരക്ഷാ മാനദണ്ഡമില്ലാതെ കുട്ടികളെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരേയും അധികൃതർ നടപടിയെടുത്തു. അമിതഭാരം കയറ്റിയതും നികുതി ഒടുക്കാത്തതുമായ 18 വാഹനങ്ങൾ കണ്ടെത്തി. 

Read Also: വാഹനപരിശോധനക്കിടെ ബൈക്ക് നിർത്താതെ പോയ യുവാവ് വീട്ടിലെത്തി തൂങ്ങിമരിച്ചു

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 15 പേർക്കെതിരേയും ഹെൽമെറ്റ് ധരിക്കാത്ത 96 പേർക്കെതിരേയും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച ഏഴ് വാഹനങ്ങളുടെ ഉടമകൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇൻഷുറൻസ് ഇല്ലാത്ത 18 വാഹനങ്ങൾക്കും സീറ്റ്ബെൽറ്റ് ധരിക്കാത്ത 24 ഡ്രൈവർമാർക്കും പിഴചുമത്തി.

Read More: അമ്മയുടെ സ്‍കൂട്ടറില്‍ പാഞ്ഞു,കൈകാട്ടിയിട്ടും നിര്‍ത്തിയില്ല, വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി പൊക്കി

എല്ലാമാസവും കർശന ട്രാഫിക് പരിശോധനയുണ്ടാകുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ. കെ ബിജുമോൻ പറഞ്ഞു. നിരത്തുകളിൽ അപകടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധന കർശനമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി