Asianet News MalayalamAsianet News Malayalam

'വ്യത്യസ്ത'നായൊരു സുജോ മാത്യുവിനെ  സത്യത്തിലെന്താണ് തിരിച്ചറിയാത്തത്?

ബിഗ് ബോസ് റിവ്യൂ. സുനിതാ ദേവദാസ് എഴുതുന്നു

Sujo Mathew Bigg Boss Malayalam Review by Sunitha Devadas
Author
Chennai, First Published Feb 1, 2020, 1:12 PM IST

രജിത്കുമാറിനെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നത് കൊണ്ടാണ് സത്യത്തില്‍ സുജോ രക്ഷപ്പെട്ടു പോരുന്നത്. സ്ത്രീവിരുദ്ധന്‍ എന്ന പേര് രജിത് കുമാര്‍ അലങ്കാരമായി അണിയുന്നതു കൊണ്ട് മാത്രമാണ് സുജോ മാത്യുവിന്റെ കൈയിലിരിപ്പുകള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും കടുത്ത സ്ത്രീവിരുദ്ധന്‍ താനാണെന്നാണ് സുജോ ഇപ്പോള്‍ സദാ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

 

Sujo Mathew Bigg Boss Malayalam Review by Sunitha Devadas

 

ബിഗ് ബോസ് വീടിനകത്തേക്ക് ചെന്നുകയറുമ്പോള്‍ സുജോ മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് തന്റെ ആശങ്കകളെക്കുറിച്ചാണ്. വീടിനകത്തേക്ക് കയറുന്നതില്‍ ആശങ്കയുണ്ട്, മോഹന്‍ലാലിനെ കാണുന്നതിനെക്കുറിച്ച് ആധിയുണ്ട് എന്നിങ്ങനെ. പരിഭ്രാന്തനായ ആ സുജോ മാത്യുവില്‍ നിന്നും ബിഗ് ബോസ് വീട്ടില്‍ ഒരു മാസമായി നാം കാണുന്ന സുജോ മാത്യുവിലേക്കുള്ള ദൂരം ഏറെ വലുതാണ്. ബിഗ് ബോസ് പോലൊരു പരിപാടി ലക്ക്ഷ്യമിടുന്ന 'സ്വയം വെളിപ്പെടുത്തല്‍' ഏറ്റവും വ്യക്തമാകുന്നത് സുജോയുടെ കാര്യത്തിലാണ്. സൗമ്യനും ആശങ്കാകുലനും ആയിരുന്ന സുജോ മാത്യൂവിന്റെ ഉള്ളിലെ, ഇതുവരെ ആരും കാണാത്ത ഇടങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

രജിത്കുമാറിനെ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നത് കൊണ്ടാണ് സത്യത്തില്‍ സുജോ രക്ഷപ്പെട്ടു പോരുന്നത്. സ്ത്രീവിരുദ്ധന്‍ എന്ന പേര് രജിത് കുമാര്‍ അലങ്കാരമായി അണിയുന്നതു കൊണ്ട് മാത്രമാണ് സുജോ മാത്യുവിന്റെ കൈയിലിരിപ്പുകള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും കടുത്ത സ്ത്രീവിരുദ്ധന്‍ താനാണെന്നാണ് സുജോ ഇപ്പോള്‍ സദാ തെളിയിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യരോട് കരുണയില്ലാത്ത, ബന്ധങ്ങള്‍ക്ക് വില കല്‍പിക്കാത്ത ഒരാളായിട്ടും സുജോ മാത്യുവിനെ സത്യത്തിലാരും ആ നിലയ്ക്ക് തിരിച്ചറിയാതിരിക്കുകയായിരുന്നു. 

 

"


കഥ ഇതുവരെ
വളരെ ശാന്തനായി സൗമ്യവദനനായി അങ്ങേയറ്റം മാന്യനായായാണ് സുജോ വീട്ടിനകത്തു കയറിയത്. ആദ്യദിനങ്ങളില്‍ അയാള്‍ വളരെ നിശ്ശബ്ദനായിരുന്നു. ആദ്യ ടാസ്‌ക്കായി സുജോക്ക് കിട്ടിയത് വീട്ടിലെ മൂന്നു പെണ്ണുങ്ങളെ പ്രൊപ്പോസ് ചെയ്യാനായിരുന്നു. അതില്‍ ഒരാളായി അയാള്‍ അലസാന്‍ഡ്രയെ തെരഞ്ഞെടുത്തത് മുതലാണ് ബിഗ് ബോസിലെ സുജോയുടെ പെരുമാറ്റവും സുജോയും അലസാന്ദ്രയും തമ്മിലുള്ള ബന്ധവും മാറിത്തുടങ്ങിയത്. വളരെ ആത്മാര്‍ഥമായി സുജോ അലസാന്‍ഡ്രയെ പ്രൊപ്പോസ് ചെയ്തു. അലസാന്ദ്ര അത് ആസ്വദിച്ചു. വീട്ടിലുള്ളവര്‍ ഇത് വളരെ ആത്മാര്‍ത്ഥമായ ഒന്നാണല്ലോ എന്നും പറഞ്ഞു കളിയാക്കാനും തുടങ്ങി.

അപ്പോഴാണ് സുജോയ്ക്കും അലസാന്ദ്രയ്ക്കും ഗെയിമില്‍ പിടിച്ചു നില്‍ക്കാന്‍ പ്രേമനാടകം ഉപകരിക്കും എന്ന് തോന്നിയത്. പിന്നെ പ്രേമാഭിനയമായി. വെറുപ്പീരായി. രണ്ടാളും എലിമിനേഷനില്‍ വന്നു. അപ്പൊ അലസാന്ദ്ര സുജോയോട് പറയുന്നു, നമ്മള്‍ തമ്മില്‍ പ്രേമമാണെന്നു കരുതിയാല്‍ ബിഗ് ബോസ് നമ്മളെ പറഞ്ഞു വിടില്ല എന്ന്.

എന്നാല്‍ അതിനിടക്ക് എപ്പോഴോ അലസാന്ദ്രയുടെ പ്രേമം അഭിനയമല്ലാതായി മാറി. അവള്‍ സുജോക്ക് മുന്നില്‍ സ്വയം സമര്‍പ്പിച്ചു. പിന്നെ നമ്മള്‍ കാണുന്നത് പുതിയൊരു അലസാന്ദ്രയെയാണ്. സമ്പൂര്‍ണ സമര്‍പ്പണം നടത്തിയ ചപലയായ കാമുകി. അലസാന്ദ്രയ്ക്ക് സുജോയോട് ആ പ്രത്യേക ഇഷ്ടം തുടങ്ങിയ ശേഷം രണ്ടു പേരുടെയും വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു.

സുജോയെ സന്തോഷിപ്പിക്കുക എന്നത് ജീവിതവ്രതമായി എടുത്ത ആളായി അലസാന്ദ്ര മാറി. മനശാസ്ത്ര ഭാഷയില്‍ പറഞ്ഞാല്‍ placater. നിനക്ക് എന്ത് വേണമെങ്കിലും അത് ചെയ്തു തരാന്‍ ഞാനിവിടെയുണ്ടല്ലോ, സമാധാനമായിരിക്കു, സന്തോഷമായിരിക്കു എന്നതാണ് ഇത്തരം പെരുമാറ്റത്തിന്റെ പ്രത്യേകത. മറ്റെയാളെ സന്തോഷിപ്പിക്കലാണ് placater ന്റെ സന്തോഷം. ഇവര്‍ വിയോജിക്കില്ല, നിര്‍ദേശങ്ങള്‍ നല്‍കില്ല, എല്ലാറ്റിനും സമ്മതം ചോദിക്കും. അടിപിടി ഒഴിവാക്കാനും വിയോജിക്കേണ്ട അവസരങ്ങള്‍ ഒഴിവാക്കാനും എപ്പോഴും സോറി പറഞ്ഞും വഴങ്ങി കൊടുത്തും സ്വയം സമര്‍പ്പിക്കും. ഇത്തരക്കാരുടെ പ്രധാന ആശങ്ക മറ്റേവ്യക്തി തന്നെ എങ്ങനെ കരുതുന്നു എന്നതാണ്. അതിനെ ചുറ്റിപ്പറ്റിയാവും അവരുടെ ജീവിതം.

ശ്രദ്ധിച്ചു നോക്കു, സുജോയുമായി ബന്ധം തുടങ്ങിയ ശേഷം അലസാന്ദ്ര താനൊരു ഗെയിം കളിയ്ക്കാന്‍ വന്നതാണെന്ന് പോലും മറന്നു പോയി. എപ്പോഴും സുജോയെ ചുറ്റിപ്പറ്റിയാണ് അവളുടെ ചലനങ്ങള്‍.

എന്നാല്‍ സുജോയോ? അലസാന്ദ്ര ഇങ്ങനെ പുറകെ നടക്കാന്‍ തുടങ്ങിയപ്പോള്‍ സുജോക്കുണ്ടായ മാറ്റം പ്രേക്ഷകര്‍ക്ക് അത്ഭുതമുണ്ടാക്കുന്നതാണ്. സുജോ മാത്യു ആളാകെ മാറി. അയാള്‍ എപ്പോഴും ആളുകളെ കുറ്റപ്പെടുത്താന്‍ തുടങ്ങി. അകാരണമായി എല്ലാവരോടും വഴക്കുണ്ടാക്കാന്‍ തുടങ്ങി.  സൈക്കോളജി ഭാഷയില്‍ പറഞ്ഞാല്‍ blamer. ഉത്തരവാദിത്തം എടുക്കുന്നതിനു പകരം, കാര്യങ്ങള്‍ ശരിയാം വണ്ണം വിലയിരുത്തുന്നതിന് പകരം ഇപ്പോഴും മറ്റുള്ളവരെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്തുന്നവര്‍. നിങ്ങളാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്നാണ് എപ്പോഴും സുജോ പറയുന്നത്. മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കലാണ് പ്രധാന വിനോദവും ജോലിയും. അടിപിടികള്‍ക്ക് തുടക്കമിടുന്നു. എന്തിനെന്നു സുജോക്ക് പോലും അറിയാത്ത കാര്യങ്ങള്‍ക്ക് വഴക്കിടുന്നു. വളരെ ക്രൂരമായി എല്ലാവരോടും സംസാരിക്കുന്നു. ഇടപെടുന്നു. ഭീഷണിപ്പെടുത്തുന്നു. സ്ത്രീവിരുദ്ധത പറയുന്നു. ചുരുക്കത്തില്‍, സംഭവിച്ചത് ഇതാണ്: തൊട്ടടുത്ത നിമിഷം എങ്ങനെയെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത ഒരാളായി സുജോ മാറി. 

 

"


സുജോ വഴക്കുണ്ടാക്കിയ ചില സന്ദര്‍ഭങ്ങള്‍ നോക്കാം

1 .  അലസാന്ദ്രയോട് ഒരു കാര്യവുമില്ലാതെ നിരന്തരം വഴക്കിടുന്നു, അപമാനിക്കുന്നു.

2 ഞാന്‍ നിനക്ക് പെഡിക്യൂര്‍ ഒക്കെ പറഞ്ഞു തന്നിട്ട് ഞാന്‍ ജയിലിലും നീ പുറത്തും എന്ന് ദയ അശ്വതി തമാശ പറഞ്ഞതിന് അടിയുണ്ടാക്കുന്നു. ദയയെ അപമാനിക്കുന്നു.

3 . എലീന അലസാന്ദ്രയെ തമാശയായി 'അലവലാതി' എന്ന് വിളിച്ചെന്ന് പറഞ്ഞു സുജോ വലിയ പ്രശ്‌നമുണ്ടാക്കുന്നു. എലീനയെ അങ്ങേയറ്റം അപമാനിക്കുന്ന പോലെ സംസാരിക്കുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നു.

4. രജിത്തുമായി നിരന്തരം വഴക്കിടുന്നു. കണ്‍ട്രോള്‍ കൈവിട്ട് കയ്യാങ്കളിയിലേക്ക് വരെ പോകുന്ന അവസ്ഥ ഉണ്ടാവുന്നു. ബിഗ് ബോസ് താക്കീത് വരെ നല്‍കേണ്ടി വരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സുജോ മാത്യു വീട്ടിലെ ഏറ്റവും വലിയ പ്രശ്‌നക്കാരനായി മാറുന്നു. 

എന്നാല്‍ ശരിക്കും ഇതു തന്നെയാണോ സുജോ? നിരന്തരം കണ്ടന്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചും സ്‌ക്രീന്‍ സ്പെയ്സ് ഉണ്ടാക്കുന്നതിനെക്കുറിച്ചും സുജോ മാത്യു രജിത് കുമാറിനോട് സംസാരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, നമുക്ക് എത്താവുന്ന നിഗമനം ഇതാണ്: ബിഗ് ബോസ് വീട്ടില്‍ സുജോ കളിക്കുന്ന ഗെയിം ആണിത്. എന്നാല്‍, അത് അസ്വാഭാവികമായി ഉണ്ടാവുന്നതല്ല. ഉള്ളിനുള്ളിലെ വെറിപിടിച്ചൊരു മനുഷ്യന്‍ അയാളില്‍ കലപില കൂട്ടുന്നുണ്ട്. അങ്ങനെയാണ് അയാള്‍ രജിത്തിനോട് അടികൂടുന്നത്. കഴുത്തിന് കുത്തി പിടിക്കുന്നു. കുറച്ചു കഴിയുമ്പോള്‍ പോയി മിണ്ടുന്നു. ഇത് ചോദ്യം ചെയ്യുന്ന അലസാന്ദ്രയോട് മോശമായി പെരുമാറുന്നു.

താനൊരു പ്രത്യേക മനുഷ്യനാണെന്നും എല്ലാ പെണ്‍കുട്ടികളും തന്നെ പ്രണയിക്കുന്നു എന്നും ഒരു ധാരണ കൂടി സുജോക്കുണ്ട്.  രേഷ്മക്ക് തന്നോട് എന്തോ ഉണ്ടെന്നൊക്കെ അലസാന്ദ്രയോട് അഹങ്കാരത്തോടു കൂടി തന്നെ സുജോ പറയുന്നുണ്ട്.

പ്രേക്ഷക എന്ന നിലയില്‍ വളരെ അസഹനീയമായി തോന്നുന്ന കാര്യം ഇതൊന്നുമല്ല. അത് അയാള്‍ അലസാന്ദ്രയെ കൈകൊര്യം ചെയ്യുന്ന രീതിയാണ്. ഇത്രയും ആരാധനയോടെ സുജോയുടെ പുറകെ നടക്കുന്ന അലസാന്ദ്രയോട് സുജോ പെരുമാറുന്നത് ഒട്ടും കരുണയില്ലാതെയാണ്. മനുഷ്യന്‍ എന്ന പരിഗണന പോലും സുജോ അലസാന്ദ്രക്ക് നല്‍കുന്നതായി കാണുന്നില്ല. നിരന്തരം അവളെ കുറ്റപ്പെടുത്തുന്നു. ആവശ്യമുള്ളതിനും ഇല്ലാത്തതിനും സോറി പറയിപ്പിക്കുന്നു. 

അലസാന്ദ്രയോ? സുജോയുടെ പുറകെ നടക്കുന്നു. സുജോ അടിയുണ്ടാക്കുമ്പോഴൊക്കെ ഓടിവന്നു അവനെ പിടിച്ചു മാറ്റുന്നു, സങ്കീര്‍ണ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ നോക്കുന്നു. എന്നാല്‍, പകരമായി സുജോ അവളെ പുല്ലു വില പോലും കല്‍പ്പിക്കാതെ തള്ളി മാറ്റുന്നു. വീട്ടിലുള്ളവരും അവളെ ഇതിന്റെ പേരില്‍ പുച്ഛിക്കുന്നു.

 

...............................................................

'താന്‍ പുറത്തിറങ്ങാന്‍ ഞാന്‍ കാത്തിരിക്കും'; രജിത്തിനോട് പൊട്ടിത്തെറിച്ച് സുജോ

...............................................................

 

സ്‌ക്രീനില്‍ കാണുന്ന സ്വഭാവസവിശേഷതകള്‍ വെച്ച് വിശകലനം ചെയ്യുമ്പോള്‍ ആരാണ് സുജോ?

1 . വൈകാരികമായ അടുപ്പമൊന്നും ആരോടും തോന്നാത്ത ഞാന്‍, എന്റെ ശരീരം, എന്റെ പ്രോട്ടീന്‍ പൌഡര്‍ എന്ന് പറഞ്ഞു ജീവിക്കുന്ന ഒറ്റയാന്‍. 

2 . മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും അപമാനിക്കുന്നതും ആക്ഷേപിക്കുന്നതുമൊക്കെ ലഹരിയായി കാണുന്ന ഒരാള്‍. 

3 . പ്രണയം എന്നാല്‍ അടക്കി ഭരിക്കലും അപമാനിക്കലും നിയന്ത്രിക്കലും കടിഞ്ഞാണ്‍ കയ്യില്‍ വക്കലുമൊക്കെയാണ് എന്നു കരുതുന്ന പുരുഷന്‍. സ്ത്രീ സമത്വത്തിലോ ലിംഗ സമത്വത്തിലോ വിശ്വസിക്കാത്ത ഒന്നാം നമ്പര്‍ സ്ത്രീവിരുദ്ധന്‍.

4 . അടിയുണ്ടാക്കുന്നതും ക്രൂരമായി പെരുമാറുന്നതും ആളുകളെ അപമാനിക്കുന്നതുമാണ് ഗെയിം എന്ന് തെറ്റിദ്ധരിക്കുന്ന കളിക്കാരന്‍. 

ഇതൊക്കെയാണ് സുജോ മാത്യുവിന്റെ സ്വഭാവത്തെ  നിര്‍ണയിക്കുന്നത്. എന്നാല്‍ അയാള്‍ക്കു ചുറ്റുമുള്ള മറ്റുള്ളവരോ? എല്ലായ്‌പ്പോഴും പിന്നാലെ നടക്കുന്ന അലസാന്ദ്ര അടക്കമുള്ളവര്‍ അനുഭവിക്കുന്നത് എന്താണ്?

 

............................................

'ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നുന്നത് അവളോടാണ്, അവളാണ് എല്ലാത്തിനും കാരണം': രഘുവിനോട് സുജോ

............................................

 

എന്തായിരിക്കും അവര്‍ അനുഭവിക്കുന്നത്? 

1 . എപ്പോഴും അരക്ഷിതാവസ്ഥയിലാവും അവര്‍. എന്തിനാണ് കുറ്റപ്പെടുത്തുക, എപ്പോഴാണ് കുറ്റപ്പെടുത്തുക എന്നൊന്നും അറിയാത്ത അരക്ഷിതാവസ്ഥ.

2 . ചെറിയ കുറ്റങ്ങള്‍ക്കും കാര്യമില്ലാതെയും കുറ്റമേല്‍ക്കേണ്ടി വരുന്നതിനാല്‍ ഇവരുടെ ആത്മവിശ്വാസമേ നശിക്കും.

3 . താനാണ് എല്ലാ കുഴപ്പങ്ങളുടെയും മൂലകാരണം എന്ന കുറ്റബോധം ഇവര്‍ക്കുള്ളില്‍ എപ്പോഴും നിറയും. ഫലമോ, മാപ്പു പറച്ചിലും ക്ഷമ ചോദിക്കലും കാലുപിടുത്തവുമായി നടക്കേണ്ടി വരും.

4 . കുറ്റപ്പെടുത്തുന്ന വ്യക്തി ആ പണി തുടങ്ങുന്നത് സ്വയം വേദനിക്കുമ്പോഴാണ്. അതോടൊപ്പം അവര്‍ സുഹൃത്തിനെയും  വേദനിപ്പിക്കും. ഈ വേദന ഇവര്‍ കൊണ്ടുനടക്കേണ്ടി വരും. 

5 .ഇതെല്ലാം അഭിനയം ഒന്നുമാവണമെന്നില്ല. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തവിധം പഴയ സ്വഭാവം കേറിവരുന്നതാണ്. ഇതിനെല്ലാം അനുഭവിക്കേണ്ടി വരുന്നത് ഇത്തരം സഹജീവികളായിരിക്കും. 

ചുരുക്കിപ്പറഞ്ഞാല്‍, സുജോ മാത്യു ബിഗ്‌ബോസില്‍ വിതയ്ക്കുന്നത് അസ്വസ്ഥതകളും വേദനകളുമാണ്. അതിനുള്ള കാരണം എന്തായാലും അത് മറ്റുള്ളവരില്‍ പ്രതിഫലിക്കുന്നത് അനാരോഗ്യകരമായ നിലയിലാണ്.  എന്നാല്‍, ഇവര്‍ ഒരിക്കലും സ്വയം തിരിച്ചറിയുക പോലും ചെയ്യാതെ, പ്രശ്‌നക്കാരായി തുടരുക തന്നെ ചെയ്യും. 

പറഞ്ഞു വന്നത് ഇത്രയാണ്: മാടമ്പള്ളിയിലെ 'യഥാര്‍ത്ഥ മനോരോഗി' രജിത് കുമാറല്ല, അത് സുജോ മാത്യുവാണ്. 

Follow Us:
Download App:
  • android
  • ios