30-ാമത് ഐഎഫ്എഫ്കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാ​ഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുന്ന ‘അന്യരുടെ ആകാശങ്ങള്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീകുമാറുമായി അഭിമുഖം.

കാലമെത്ര മാറിയാലും സമൂഹത്തിന്റെ മുൻനിരയിൽ വരാനാകാതെ, ഒതുക്കപ്പെട്ട, പാർശ്വവത്ക്കരിക്കപ്പെട്ട ഒരു വിഭാ​ഗം ഉണ്ടാകും. 'ഞങ്ങളും മനുഷ്യരാണ്' എന്ന് മുറവിളി കൂട്ടുന്നവർ. അക്കൂട്ടത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ട്രാൻസ്ജെന്റേഴ്സ്. പറക്കാനുള്ള ആകാശം അന്യാധീനപ്പെട്ടു പോയത് കാരണം ചിറകുകളെല്ലാം കോതിയൊതുക്കി ഒരു മൂലയ്ക്ക് ഒതുങ്ങിയ നിരവധി പേർ കമ്യൂണിറ്റിയിലുണ്ട്. അവരുടെ കഥയാണ് ‘അന്യരുടെ ആകാശങ്ങൾ’ എന്ന സിനിമ. 30-ാമത് ഐഎഫ്എഫ്കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാ​ഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുന്ന സിനിമയാണിത്. ശ്രീകുമാർ ടി ആണ് ചിത്രത്തിന്റെ സംവിധാനം. തന്റെ തന്നെ ജീവിതം സംവിധായകൻ സിനിമയാക്കിഎന്നതാണ് അന്യരുടെ ആകാശങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമാ യാത്രയെ കുറിച്ച് ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

സംവിധാനം ആദ്യം, ഐഎഫ്എഫ്കെ ആദ്യമല്ല

ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്യരുടെ ആകാശങ്ങൾ. പക്ഷേ എനിക്കൊരു പ്രൊഡക്ഷൻ കമ്പനിയുണ്ട്. ഫിഫ്ത് എലമെന്റ് എന്നാണ് കമ്പനിയുടെ പേര്. അതിന്റെ പതിനൊന്നാമത്തെ സിനിമയാണ് അന്യരുടെ ആകാശങ്ങൾ. ഞങ്ങൾ അഞ്ചുപേര് ചേർന്ന് ഒരു പാർട്ണർഷിപ്പിൽ തുടങ്ങിയ പ്രൊഡക്ഷൻ ഹൗസാണിത്. 2010ൽ രജിസ്റ്റർ ചെയ്തു. എന്റെ സുഹൃത്തുക്കൾ സിനിമ ചെയ്തിരുന്നു. ഞാൻ പ്രൊഡക്ഷനിലും. എല്ലാ മൂവിയിലും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു ഞാൻ. പിന്നെ ഒന്ന് രണ്ട് മൂവീസിൽ പാട്ട് എഴുതി. ഒന്നിൽ കുറച്ച് ഡയലോഗുകളൊക്കെ എഴുതി.

കഴിഞ്ഞ വർഷം ഞങ്ങളുടെ 'മുഖക്കണ്ണാടി' എന്ന സിനിമ ഐഎഫ്എഫ്കെയിൽ ഉണ്ടായിരുന്നു. അതിന് മുൻ വർഷം 'ആനന്ദ് മൊണാലിസ മരണവും കാത്ത്' എന്ന സിനിമ. പിന്നെ 'ഒറ്റയാൾ പാത' എന്ന സിനിമ. ഇതിന് അവാർഡ് കിട്ടാതെ പോയത് വിവാദമായിരുന്നു. നിർമാതാവായി ചലച്ചിത്രമേളയിൽ ഞാൻ എത്തിയിട്ടുണ്ട്. സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ പോലെ തന്നെ, ഒരുപക്ഷേ സംവിധാനം ചെയ്യുന്ന അവസാന ചിത്രവുമാകും ഇത്. ഞാൻ ബേസിക്കലി റൈറ്റർ ആൻഡ് റൈറ്റിംഗ് കോച്ച് ആണ്. എന്റെ ഫീൽഡ് അതാണ്. എഴുത്ത് എനിക്ക് വളരെ ഈസിയാണ്. 300ലധികം കഥകൾ ഞാൻ എഴുതിയിട്ടുണ്ട്.

അത്ഭുതം തോന്നിയ നിമിഷം

എന്റെ സിനിമ മേളയിൽ തെരഞ്ഞെടുത്തു എന്ന് പറഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്നില്ല. പക്ഷേ ഇത്തവണ കർക്കശമായ സെലക്ഷനുകളായിരുന്നു നടന്നത്. റിലീസ് ചെയ്ത ചിത്രങ്ങൾക്കൊന്നും സെലക്ഷൻ കൊടുത്തില്ല. അങ്ങനെയൊക്കെയുള്ള പല പല ഫിൽറ്റേഴ്സും ഉണ്ടായിരുന്നത് കൊണ്ട് അതിനകത്ത് കൂടെ കടന്നു കൂടാൻ പറ്റി എന്നുള്ളത് വലിയ അത്ഭുതമായിരുന്നു.

ഈ സിനിമ എന്റെ ജീവിതം

ട്രാൻസ്ജെന്റർ ആണ് എന്റെ സിനിമയുടെ തീം. എന്റെ ലൈഫ് സ്റ്റോറിയാണ് അന്യരുടെ ആകാശങ്ങൾ. ഞാൻ ട്രാൻസ്ജെന്ററാണ്. രണ്ട് വർഷം മുൻപാണ് ഞാൻ ട്രാൻസ്ജെന്റർ ആണെന്ന് ഒരു ഡോക്ടർ ഡയഗ്നോസ് ചെയ്തത്. ബോഡിക്ക് മാറ്റം ഒന്നുമില്ല, പക്ഷേ മൈന്റ് അങ്ങനെയാണ്. അന്നെന്‍റെ കൂടെ വന്ന സ്നേഹിതൻ പറഞ്ഞു, നിങ്ങളുടെ ലൈഫ് ഭയങ്കര കളർഫുൾ ആണ്. അത് എഴുതി പുസ്തകമാക്കിയാൽ 10 കോടിക്ക് ഉറപ്പായിട്ടും വിൽക്കും എന്ന്. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ എഴുതുന്നത്.

അന്യരുടെ ആകാശങ്ങൾ ഒരു ട്രാൻസ്ജെന്റർ ചിത്രം മാത്രമല്ല. പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാ ആൾക്കാരുടെയും കഥയാണ്. പേടിയില്ലാതെ സമൂഹത്തെ നേരിടാൻ ഓരോരുത്തർക്കും സാധിക്കണം. ഇത് ഞാൻ ജീവിച്ച ജീവിതമാണ്. എനിക്ക് ട്രാൻസ്ജെന്ററായ ഒരു വീട്ടമ്മയുമായി സൗഹൃദമുണ്ട്. ഞങ്ങൾ സംസാരിച്ച പല കാര്യങ്ങളും സിനിമയിൽ ഡയലോഗായി വന്നിട്ടുണ്ട്.

പെണ്ണ് ആണാകുമ്പോൾ ഉയർച്ച, പക്ഷേ..

ഒരു ആണിന്റെയും പെണ്ണിന്റയും കഥയാണ് അന്യരുടെ ആകാശങ്ങൾ. ഒരു പെണ്ണിന് പെണ്ണായിട്ട് ജീവിക്കാമെങ്കിൽ എന്തുകൊണ്ട് ഒരാണിന് പെണ്ണായിട്ട് ജീവിച്ചുകൂടാ? എന്നാണ് ചോദിക്കുന്നത്. സ്ത്രീകൾക്ക് ഈ ജീവിതം എളുപ്പമാണ്. മുടി മുറിച്ചൊക്കെ നടക്കാം. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു പെണ്ണ് ആണാകുമ്പോൾ ഉയർച്ചയാണ്. പക്ഷെ ആണ് പെണ്ണാകുമ്പോൾ വീഴ്ചയാണ്.

പാർശ്വൽക്കരിക്കപ്പെട്ട ആൾക്കാരെക്കുറിച്ച് പറയുമ്പോൾ, അവർക്ക് സഹതാപം നേടിക്കൊടുക്കാനായി റൈറ്റേഴ്സ് ആണെങ്കിലും സംവിധായകരായാലും വളരെ ഡാർക്ക് കളറിലാണ് സിനിമ പ്രസന്റ് ചെയ്യുത്. ചുറ്റുമുള്ളവർ ഇവരെ കുറിച്ച് മോശമായിട്ട് പറയുന്ന ഡയലോഗുകൾ ഒക്കെ ഉൾപ്പെടുത്തും. അവരുടെ അവസ്ഥ അത്രയും കഷ്ടമാണെന്ന് പറയാൻ വേണ്ടിയാണത്. ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഇത് കാണുമ്പോഴാണ് പല പാർശ്വൽക്കരിക്കപ്പെട്ട ആൾക്കാരും ‘അയ്യോ ലോകം ഇങ്ങനെയൊക്കെയാണോ നമ്മളെ കാണുന്നത്’, എന്ന് ചിന്തിക്കുന്നത്. അതവർക്ക് വലിയ വിഷമം ഉണ്ടാക്കും. അത്തരം ആൾക്കാരുടെ ട്രാജിക് ലൈഫ് കാണാനാണ് എല്ലാവർക്കും താൽപര്യം. പക്ഷേ അന്യരുടെ ആകാശങ്ങൾ അങ്ങനെ ഒരു സിനിമയല്ല. ഒരു ഫീൽ ഗുഡ് മൂവിയാണ്. ചർച്ചകളോ തിയറികളോ ഒന്നും തന്നെ ഇല്ല. പ്രധാനപ്പെട്ട പല കാര്യങ്ങളും തമാശയോടെയാണ് പറഞ്ഞ് പോകുന്നത്.

സ്വന്തം ജീവിതം സ്ക്രീനിൽ കണ്ടപ്പോൾ..

എനിക്ക് 60 വയസുണ്ട്. എന്റെ ലൈഫ് രണ്ട് മണിക്കൂറിൽ ഒതുക്കുമ്പോൾ, ഫുൾ പവറിൽ ക്യാപ്ച്വർ ചെയ്യാൻ പറ്റില്ല. എന്നാലും ഓരോ തവണ സിനിമ കാണുമ്പോഴും ഞാൻ വളരെ ഇമോഷണലായി. പലപ്പോഴും കരഞ്ഞു. എഴുതിയ സമയത്ത് ഞാൻ ചിരിച്ചോണ്ടിരിക്കുകയായിരുന്നു. പക്ഷേ കണ്ടപ്പോൾ കണ്ണുനിറഞ്ഞു.

പതിനൊന്ന് സിനിമകൾ ചെയ്തപ്പോഴും ക്രൂ മെമ്പേഴ്സ് സിനിമ ചെയ്യുമോന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ ഒഴിവാക്കി. എന്റെ ലൈഫ് സിനിമയാക്കുന്നത് കൊണ്ട് മാത്രമാണ് സംവിധാനം ചെയ്യാമെന്ന് ഞാൻ ഇപ്പോള്‍ പറഞ്ഞത്. അതും നമ്മുടെ ടീം ആയതുകൊണ്ട് മാത്രം. ഇനി ഒരു സിനിമ ചെയ്യുമോ ഇല്ലയോന്ന് പറയാൻ പറ്റില്ല.

ഞാനായി എത്തിയത് ശ്രീറാം മോഹൻ

ചിത്രത്തിന്റെ എന്റെ വേഷം ചെയ്യുന്നത് ശ്രീറാം ആണ്. ട്രെയിലറിലെ ആക്ടറിനെ കണ്ടിട്ട് പലരും ഇദ്ദേഹം എന്റെ ലുക്ക് അല്ലേന്ന് ചോ​ദിച്ചിരുന്നു. സെറ്റിലൊക്കെ പലരും ചോദിച്ചു സാറിന്റെ മോനാണോന്ന്. അയാൾ ഒരിക്കലും എന്നെപോലെ അല്ല. പക്ഷേ അതുപോലെ ആകാൻ ശ്രമിച്ചു. അപാരമായ പൊട്ടൻഷ്യൽ ഉള്ള ആക്ടർ ആണ്. ‍ഞങ്ങളുടെ പല സിനിമകളിലും അവൻ ഉണ്ട്. വണ്ടർഫുൾ ആക്ടർ ആണ്. അൺബിലീവബിൾ ആക്ടർ. ജ്വാല പരമേശർ ആണ് മറ്റൊരു ആർട്ടിസ്റ്റ്. അവർ ഒരു ആയുർവേദ ‍‍ഡോട്കറാണ്. ടോം ബോയ് ക്യാരക്ടറാണ്. പിന്നെ നമുക്ക് സ്ഥിരമായിട്ട് ആക്ട് ചെയ്യുന്നവരെല്ലാം ഉണ്ട്. പുതിയ ഫൈൻഡ് എന്ന് പറയാൻ മനു ആണ്. മധു എന്ന വേഷമാണ് അയാൾ ചെയ്യുന്നത്. നമ്മുടെ അസോസിയേറ്റ്സ് ഞാനൊക്കെ എടുത്ത് വളർത്തിയ ഫ്രണ്ടിന്റെ മക്കളൊക്കെയാണ്. വലിയൊരു ഫാമിലി ഫീലിംഗ് ആയിരുന്നു.

ബജറ്റും ദൈർഘ്യവും..

20 ലക്ഷമാണ് ബജറ്റ്. പോസ്റ്റ് പ്രൊഡക്ഷനിലൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. പിന്നെ 27 ആക്ടേഴ്സ് ഉണ്ടായിരുന്നു. 99 മിനിറ്റ്സ് ആണ് സിനിമയുടെ ദൈർഘ്യം. ലൊക്കേഷൻ തിരുവനന്തപുരത്തെ മാനവിയം റോഡ് ആണ്. പിന്നെ വട്ടിയൂർക്കാവിൽ ഒന്ന്, രണ്ട് വീടുകളുമുണ്ട്.

ഐഎഫ്എഫ്കെ എന്നത് ഫിലിം വേൾഡിലെ തൃശ്ശൂർ പൂരം

ഐഎഫ്എഫ്കെയിലെ രസകരമായൊരു ഓർമ എന്തെന്നാൽ, മറവി എന്നൊരു മൂവിയെ കൂവി വെളുപ്പിച്ചതാണ്. ആ സിനിമ ഗ്രേ മോഡിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ലൊക്കേഷനിലേറെയും പൊന്മുടിയാണ്. ഔട്ട്ഡോർ അല്ലാത്ത പല സ്ഥലങ്ങളിലും ഡാർക്ക് മോഡ് ആണ് ഷൂട്ട് ചെയ്തത്. അന്ന് പ്രൊജക്ഷനിൽ ഒരു പ്രോബ്ലം ഉണ്ടായിരുന്നു. ഡാർക്ക് മോഡ് ആണ്. പിന്നെ പ്രൊജക്ഷന്റെ ലൈറ്റും കൂടെ കുറഞ്ഞപ്പോഴേക്കും ആളുകൾക്ക് ഒന്നും കാണാൻ പറ്റിയില്ല. ഭയങ്കര കുക്കുവിളിയായിരുന്നു. അതിന്റെ വീഡിയോ യുട്യൂബിൽ കിടപ്പുണ്ട്.

ഐഎഫ്എഫ്കെ എന്നത് ഫിലിം വേൾഡിലെ തൃശ്ശൂർ പൂരമാണ്. അത് വരുംതലമുറ ഏറ്റെടുക്കുന്ന വലിയ ആഘോഷമാണ്. ശബ്ദം കേൾപ്പിക്കാൻ കഴിയാത്തവരുടെ ശബ്ദം കേൾക്കാൻ കേൾക്കാനുള്ള അപൂർവ്വം അവസരങ്ങളിൽ ഒന്നാണ്. അങ്ങനെ പലതുകൊണ്ടും വളരെ റെലവന്റ് ആണ്. ഓരോ വർഷം കഴിയുന്തോറും അതിന്റെ ഒരു ക്വാളിറ്റി മെച്ചപ്പെട്ടു വരികയുമാണ്. ആർട്ട് എന്ന് പറയുന്നത് എപ്പോഴും മനുഷ്യൻ മനുഷ്യ ജീവിതത്തിന്റെ സാധ്യതകളാണ് കാണിക്കുന്നത്. അപ്പോ ആ സാധ്യതകളെ സിനിമയിലും സിനിമയ്ക്ക് പുറത്തും നമ്മൾ കാണുന്ന ഒരു സ്ഥലമാണ് ഫിലിം ഫെസ്റ്റിവലുകൾ. അതൊരു റിയൽ ഫെസ്റ്റിവൽ തന്നെയാണ്. നോട്ട് എ ഫിലിം ഷോ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്