പരസ്യ ചിത്ര സംവിധായകനിൽ നിന്ന് 'ഛെല്ലോ ജവാബ്' എന്ന സിനിമയുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് താനെന്ന് ഗംഗ പ്രസാദ് പറയുന്നു.

ഗുജറാത്തി ഭാഷയിലൊരു മലയാള സിനിമ ഒരുക്കിയിരിക്കുകയാണ് ഗുരുവായൂർ സ്വദേശി ഗംഗ പ്രസാദ്. പരസ്യ ചിത്ര സംവിധായകനിൽ നിന്ന് 'ഛെല്ലോ ജവാബ്' എന്ന സിനിമയുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് താനെന്ന് ഗംഗ പ്രസാദ് പറയുന്നു. ഛെല്ലോ ജവാബ് എന്നതിന്റെ മലയാള അർത്ഥം അവസാനത്തെ ഉത്തരം എന്നാണ്. ആദ്യമായി ഒരു മലയാളി ഗുജാർത്തി സിനിമ ചെയ്യുന്നതെന്നും ആദ്യമായി മലയാളി പ്രധാന വേഷത്തിൽ ഗുജറാത്തി സിനിമയിലെത്തുന്നുവെന്നും തുടങ്ങി നിരവധി പ്രത്യേകതകളുള്ള സിനിമകൂടിയാണ് ഛെല്ലോ ജവാബ്. മലയാളത്തിൽ സിനിമ ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് ഗുജറാത്തിൽ സിനിമ ചെയ്യാനെന്ന് പറഞ്ഞിട്ടു കൊണ്ട് ഗംഗ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു.

ഗുജറാത്തി സിനിമ ചെയ്യാനുള്ള പ്രചോദനം

എനിക്ക് മലയാളം പോലെയാണ് ഗുജറാത്തിയും. ഭാഷ അറിയാം എന്നുള്ളത് തന്നെയാണ് ഗുജറാത്തി സിനിമ ചെയ്യാമെന്ന തീരുമാനത്തിലെത്തിച്ചത്. ദർപ്പണ അക്കാഡമിയിലൂടെയാണ് എന്റെ കരിയർ തുടങ്ങുന്നത്. 360 സ്ക്രീനുകൾ ഉണ്ട് അവിടെ, ഫാമിലി തിയേറ്ററുകൾ സൗകര്യങ്ങളുണ്ട്. എങ്കിലും മികച്ച സിനിമകളൊന്നും അവിടെ ഉണ്ടാവുന്നില്ല. ഞാൻ മുന്നൂറ്റിയമ്പതോളം പരസ്യ ചിത്രങ്ങൾ ഇവിടെ ചെയ്‍തു. അപ്പോഴൊന്നും സിനിമ ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നില്ല. കോവിഡ് സമയത്ത് കുറച്ചധികം വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് സിനിമ ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്. ആ സമയത്ത് ഗുജറാത്ത് സിനിമ മേഖലയും മാറി തുടങ്ങിയിരുന്നു. നല്ല കഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് ഇൻവെസ്റ്റേഴ്‍സിനെയും കിട്ടും. നയൻ‌താര അടക്കം അവിടെ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

ടെക്‌നിക്കൽ ടീം കംപ്ലീറ്റ് മലയാളികൾ

അഭിനേതാക്കളുടെ കാര്യത്തിൽ അവിടെ ഒരു ടെൻഷന്റെയും കാര്യമുണ്ടായില്ല. ടെക്‌നിക്കൽ കാര്യത്തിൽ ഞാൻ കോംപ്രോമൈസ് ചെയ്യില്ലെന്ന് ഉറപ്പിച്ചത് കൊണ്ട് തന്നെ കൊച്ചിയിൽ നിന്ന് ടെക്‌നിക്കൽ ടീമിനെ കൊണ്ട് വരുകയായിരുന്നു. സിനിമോട്ടോഗ്രഫർ എഡിറ്റർ എല്ലാം മലയാളികൾ തന്നെയായിരുന്നു.

നേരിട്ട വെല്ലുവിളി

പ്രധാന വേഷമായി എത്തിയത് മ്യൂസിക്കൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ആവിർഭാവ് എന്ന കുട്ടിയാണ്. എങ്ങനെ ഗുജറാത്തി അവനെ പഠിപ്പിച്ചെടുക്കുമെന്നായിരുന്നു ആശങ്ക.പക്ഷേ സെറ്റിൽ ഒരുപാട് സീനിയേഴ്സ് ഉണ്ടായിട്ടും ഏറ്റവും നല്ല രീതിയിൽ പെട്ടന്ന് ഗുജറാത്തി അവൻ പഠിച്ചെടുത്തു അവതരിപ്പിച്ചു.നന്നായി പെർഫോം ചെയ്യുകയും ചെയ്തു.

പൂർണമായി ഗുജറാത്ത് ഗ്രാമത്തിൽ ചിത്രീകരണം

കഥ നടക്കുന്നത് ഗുജറാത്തിലെ ഒരു ഗ്രാമത്തിലും അവിടെയുള്ള സ്കൂളിനെയും ചുറ്റുപറ്റിയാണ് നടക്കുന്നത്. എന്നാൽ അതിലൊരു പാട്ടു സീൻ ആലപ്പുഴയിലാണ് ചിത്രീകരിച്ചത്. ഇതൊരു ഗുജറാത്ത് ഭാഷയിൽ പുറത്തിറങ്ങുന്ന മലയാള ചിത്രം എന്ന രീതിയിൽ റിലീസിനെത്തുക. ഇതിനൊരിക്കലും മലയാളം ഡബ് ചെയ്യുകയില്ല.ഓണം ദിവസം ഗുജറാത്തിൽ വച്ച് സിനിമയുടെ പോസ്റ്റർ, ടീസർ പുറത്തുവിട്ടുകൊണ്ട് വലിയൊരു ലോഞ്ചായി നടത്താനാണ് തീരുമാനം.