പ്രണവ് മോഹൻലാലിന് വേണ്ടി തന്നെയാണ് 'ഡീയസ്‌ ഈറെ' എഴുതിയത് എന്ന് പറയുന്നു സംവിധായകൻ രാഹുൽ സദാശിവൻ. ഈ സിനിമയ്ക്ക് ശേഷം ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ സാധ്യതകളെ കുറിച്ചും സംവിധായകൻ സംസാരിക്കുന്നു.

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ്‌ ഈറെ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹൊറർ- ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണവിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായാണ് ഡീയസ് ഈറെയിലെ രോഹൻ എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ക്രോധത്തിന്റെ ദിനമെന്ന് അർത്ഥം വരുന്ന ഡീയസ് ഈറെ ഗ്രിഗോറിയൻ കത്തോലിക്ക വൈദികർ രൂപപ്പെടുത്തിയ പ്രാർത്ഥന ഗീതത്തിന്റെ പേരാണ്. സിനിമയെ കുറിച്ച് രാഹുൽ സദാശിവൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

ഡീയസ് ഈറെ പ്രണവിന് വേണ്ടി എഴുതിയത്

പ്രണവിന് വേണ്ടി തന്നെ എഴുതിയ കഥയാണ് ഡീയസ് ഈറെ. ഭ്രമയുഗത്തിനു മുൻപ് എഴുതിയതാണ്. ക്യാരക്ടറും പ്രണവിന്റെ സ്റ്റൈലും എല്ലാം ഇതിലെ കഥാപാത്രത്തിന് ആപ്റ്റ് ആയിട്ട് തോന്നി. അതുകൊണ്ടാണ് പ്രണവിനെ കാസ്റ്റ് ചെയ്തത്.

ഹൊറർ സിനിമകൾക്ക് വേണ്ടി മാത്രമൊരു പ്രൊഡക്ഷൻ ഹൗസ്

ഭൂതകാലത്തിന് ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. മമ്മൂക്കയെ കേന്ദ്ര കഥാപാത്രമാക്കി ഭ്രമയുഗം എന്നൊരു കഥയുണ്ട് എന്ന് പറഞ്ഞു. അവർക്കും ഹൊറർ സിനിമ എടുക്കണം എന്ന താല്പര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസുമായി കൊളാബറേറ് ചെയ്തത്. ലണ്ടൻ ഫിലിം അക്കാദമിയിൽ എന്റെ സീനിയർ ചക്രവർത്തി രാമചന്ദ്ര ആയിരുന്നു, പക്ഷെ പഠിച്ചിറങ്ങിയതിന് ശേഷമാണ് അത് അറിയുന്നത്.

ഡീയസ് ഈറെ യഥാർത്ഥ സംഭവം

ഇവിടെ നടന്ന ഒരു കാര്യമുണ്ടായിരുന്നു, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഡീയസ് ഈറെ എഴുതിയത്. ആ സംഭവം ഞാൻ വെളിപ്പെടുത്തുന്നില്ല. സിനിമ കണ്ടവർക്ക് മനസിലാവും ആർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് അത്.

ഹൊറർ സിനിമകളിൽ താല്പര്യം

ഹൊറർ സിനിമകൾ ചെറുപ്പം മുതലേ കാണുമായിരുന്നു. ഇത്തരം സിനിമകൾ കാണാനൊക്കെ ഇഷ്ടമായിരുന്നു. ഹൊറർ സിനിമകൾ മാത്രം എടുക്കൂ എന്ന് പറഞ്ഞ ഇറങ്ങിയതല്ല. എടുത്ത സിനിമകൾ എല്ലാം ഹൊറർ ആയിപ്പോയി എന്നേയുള്ളൂ.

സിനിമകളിലെ കളർ ടോൺ

ഡീയസ് ഈറെയിൽ റെഡിന്റെ എലമെന്റ്സ്‌ ഉണ്ട്. അതുകൊണ്ടാണ് സിനിമയുടെ ക്യാംപെയ്നിലും അതേകളർ ടോൺ തന്നെ ഉപയോഗിച്ചത്. തിമാറ്റിക്കലി റെഡ് ആപ്റ്റ് ആയിട്ട് തോന്നി. ബ്ലഡ് കാണിക്കുന്ന രംഗങ്ങൾ, സിനിമയിലുണ്ട്, പിന്നെ ആ ഹെയർ ക്ലിപ് ഉണ്ട്. അതിന്റെ കളർ റെഡ് ആണ്. തിമാറ്റിക്കലി സിനിമ കൺവേ ചെയ്യുന്നത് റെഡ് ആണെന്ന് തോന്നി. അതുകൊണ്ടാണ് അത് ഉപയോഗിച്ചത്.

ഹൊറർ സിനിമകളിലെ പരമ്പരാഗത ആഖ്യാനങ്ങൾ

പുതിയ രീതിയിലും, പുതിയ ഫോർമാറ്റിലും കഥകൾ പറയുക എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. എല്ലാവർക്കും കണക്ട് ആവുന്ന ഒരു കഥ പറയുക എന്നതാണ്. അതിൽ കൂടുതലൊന്നും തന്നെ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിട്ടില്ല. കണക്ട് ആവുന്ന ഒരു കഥ പുതിയ പേഴ്സ്പെക്റ്റീവിൽ പറയുക എന്നത് തന്നെയാണ് ചാലഞ്ച്. ടെക്നിക്കലി ആണെങ്കിലും, കഥാപരമായി ആണെങ്കിലും ഹോണസ്റ്റ് ആയ ഒരു കഥ പറയുക എന്നതാണ്.

പുതിയ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കമോ?

സിനിമാറ്റിക് യൂണിവേഴ്‌സ് എന്നത് മനഃപൂർവ്വം ഉദ്ദേശിച്ചിട്ടില്ല. മധുസൂദനൻ പോറ്റി എന്ന പേര് ആ കഥാപാത്രത്തെ കൺക്ലൂഡ് ചെയ്യാൻ വേണ്ടി കൊണ്ടുവന്നതാണ്. അയാൾക്ക് ഒരു ക്യാരക്ടർ ക്ലോഷർ വേണമായിരുന്നു, അതിന് വേണ്ടിയാണ് അത് കൊണ്ടുവന്നത്. പിന്നീടെപ്പോഴെങ്കിലും കഥ വേറെ എന്തെങ്കിലും ആയി വരാൻ സാധ്യതകളുണ്ട്. സിനിമാറ്റിക് യൂണിവേഴ്‌സ് എന്നുള്ള ഇന്റൻഷൻ ഇല്ല, പക്ഷെ സാധ്യതകളുണ്ട്.

ആദ്യ സിനിമയിൽ നിന്നുള്ള പാഠങ്ങൾ

പലതും പഠിച്ചിട്ടുണ്ട്. റെഡ് റെയ്‌ൻ ഇറങ്ങി പത്ത് വർഷത്തിന് ശേഷമാണ് എന്റെ രണ്ടാമത്തെ സിനിമ ഭൂതകാലം ചെയ്യുന്നത്. ക്രാഫ്റ്റ് എന്നത് ഒരു ലേണിങ്ങ് പ്രോസസ് അല്ലേ, പ്രേക്ഷകരും മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മൾ അപ്‌ഡേറ്റ് ആയികൊണ്ടിരിക്കുക എന്നതാണ് കാര്യം. എത്രത്തോളം ബെറ്റർ ആവാൻ കഴിയും എന്നതാണ് പ്രധാന വെല്ലുവിളി.