മലയാളത്തിലെ ഹൊറർ സിനിമകൾക്ക് പുതിയ ആഖ്യാനശൈലി നൽകിയ സംവിധായകനാണ് രാഹുൽ സദാശിവൻ. പ്രണവ് മോഹൻലാൽ നായകനാവുന്ന 'ഡീയസ് ഈറെ'യാണ് അടുത്ത ചിത്രം. ഹൊറർ  ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം കൂടിയാണിത്.

ജമ്പ് സ്കേറുകളും, വെള്ള സാരിയുടുത്ത യക്ഷികളെയും വികൃത രൂപങ്ങളെയും മാത്രം കണ്ടു ശീലിച്ച പരമ്പരാഗത മലയാള സിനിമയിൽ ഹൊറർ ഴോണർ സിനിമകൾക്ക് നവീനമായൊരു ആഖ്യാന ശൈലി നൽകി പുതിയ മാറ്റങ്ങൾക്ക് വഴിതെളിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ. ലണ്ടൻ ഫിലിം അക്കാദമിയിൽ നിന്നും സിനിമ പഠിച്ചിറങ്ങിയ രാഹുൽ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയ്ൽസിൽ നിന്നും ആനിമേഷൻ& വിഎഫ്എക്‌സിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. റെഡ് റൈൻ, ഭൂതകാലം, ഭ്രമയുഗം എന്നീ മൂന്ന് ചിത്രങ്ങൾ കൊണ്ട് മാത്രം മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ രാഹുൽ സദാശിവൻ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രണവ് മോഹൻലാൽ നായകനായെത്തുന്ന 'ഡീയസ് ഈറെ'യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രോധത്തിന്റെ ദിനം എന്ന് അർത്ഥം വരുന്ന ഡീയസ് ഈറെ എന്ന വാക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ഒന്നാണ്.

ഭയം എന്ന വികാരം

2013 ൽ നരേൻ നായകനായി എത്തിയ ആദ്യ ചിത്രം 'റെഡ് റൈൻ' വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒൻപത് വർഷങ്ങൾക്ക് ശേഷമെത്തിയ 'ഭൂതകാലം' ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഭൂതകാലം സൈക്കോളജിക്കൽ ഹൊറർ ഴോണർ ചിത്രമായിരുന്നു. ആശ, വിനു എന്ന അമ്മയുടെയും മകന്റെയും ജീവിതത്തിൽ ഉണ്ടാവുന്ന വിചിത്രമായ ചില കാര്യങ്ങളാണ് ഭൂതകാലം ചർച്ച ചെയ്യുന്നത്. ബി ഫാം കഴിഞ്ഞെങ്കിലും ജോലിക്ക് വേണ്ടി അലയുന്ന വിനുവും അവന്റെ അമ്മയായ ആശ എന്ന സ്‌കൂൾ ടീച്ചറുടെയും ദൈനംദിന ജീവിതം വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ആശയുടെ അമ്മയുടെ മരണ ശേഷം വിനുവിനും ആശയ്ക്കും തങ്ങൾ താമസിക്കുന്നവീട്ടിൽ മറ്റാരോ ഉണ്ടെന്ന തോന്നൽ രൂപപ്പെടുകയും ശേഷം അരങ്ങേറുന്ന വിചിത്രമായ സംഭവ വികാസങ്ങളുമാണ് ഭൂതകാലം പ്രധാനമായും ചർച്ച ചെയ്തത്. മനുഷ്യന്റെ മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും എങ്ങനെയാണ് ജീവിതത്തിലെ ഓരോ സംഭവവികാസങ്ങളും മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്നും സിനിമ സൂക്ഷമായി ചർച്ച ചെയ്യുന്നുണ്ട്. സിനിമയിൽ എന്താണ് ഹൊറർ എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു ഉത്തരമില്ല, ഒരുപക്ഷേ വികൃതമായ ഒരു രൂപത്തെ സ്‌ക്രീനിൽ കൊണ്ടുവരാതെ തന്നെ സംവിധായകന് ഭയം എന്ന വികാരം പ്രേക്ഷകരിൽ ജനിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഷെയ്ൻ നിഗത്തിന്റെയും രേവതിയുടെയും മികച്ച പ്രകടനങ്ങളാണ് ഭൂതകാലത്തിന്റെ ഏറ്റവും വലിയ മേന്മ.

അധികാര മോഹവും മനുഷ്യന്റെ അത്യാർത്തിയും ജാതീയതയും ഒരുകാലത്തും മാറില്ലെന്നും അതിങ്ങനെ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും അടിസ്ഥാന ജനവിഭാഗങ്ങളെ അടിച്ചമർത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും തന്റെ മൂന്നാം ചിത്രം ഭ്രമയുഗത്തിലൂടെയും രാഹുൽ സദാശിവൻ പറഞ്ഞുവെക്കുന്നു. ഭൂതകാലത്തെ അപേക്ഷിച്ച്കുറച്ചുകൂടി വലിയ ബഡ്ജറ്റിൽ വലിയ താരങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുക്കിയത്. മമ്മൂട്ടി എന്ന താരം കൊടുമൺ പോറ്റിയായി ചിത്രത്തിൽ നിറഞ്ഞാടുകയായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഉടമ- അടിമ ബന്ധവും, സാമ്രാജ്യത്വവും എങ്ങനെയാണ് സമൂഹത്തിൽ വേരുറപ്പിക്കുന്നതെന്നും കാലമെന്നത് എത്രത്തോളം മനുഷ്യന്റെ മാനസിക സംഘർഷങ്ങളെ സ്വാധീനിക്കുന്നുവെന്നും ഗ്രേ ഷെയ്ഡുകളിലൂടെ സംവിധായകൻ ചിത്രീകരിക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ ഭംഗി ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ ഒരു വാണിജ്യ ചിത്രത്തിലും കാണാൻ കഴിഞ്ഞു എന്നതും ഭ്രമയുഗത്തെ ഇപ്പോഴും വേറിട്ട് നിർത്തുന്ന ഘടകമാണ്.

ക്രോധത്തിന്റെ ദിനം

ഒരു വീടും അതിനോട് ചുറ്റിപറ്റി രൂപപ്പെടുന്ന നിഗൂഢതകളും രാഹുൽ സദാശിവൻ സിനിമകളുടെ പ്രധാന ഹൈലൈറ്റ് ആണ്. എങ്ങനെയാണ് ഭയം പ്രേക്ഷകരിൽ ജനിപ്പിക്കേണ്ടത് എന്നും, കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും ജമ്പ് സ്‌കേർ സീനുകളും ഇല്ലാതെ തന്നെ ഒരു കണ്ണാടി, ശൂന്യമായ ഇടങ്ങൾ, കാറ്റ്, മനുഷ്യന്റെ ചിന്തകൾ തുടങ്ങീ കാര്യങ്ങൾ ഉപയോഗിച്ച് പലവിധത്തിൽ ഭയത്തെ രൂപപ്പെടുത്താൻ സാധിക്കും. അത്തരമൊരു സിനിമാറ്റിക് സാധ്യതയുടെ തുടർച്ച കൂടിയാണ് ഡീയസ് ഈറെയുടെ ട്രെയ്‌ലറിലും കാണാൻ സാധിക്കുന്നത്. കുടുംബത്തിന് സംഭവിക്കുന്ന ശാപം, മോക്ഷം കിട്ടാത്ത ആത്മാവ്, ഭയമെന്ന വികാരത്തിന്റെ സമൂഹ പൊതുനിർമ്മിതി തുടങ്ങീ നിരവധി കാര്യങ്ങളുടെ പ്രതിഫലനം ട്രെയിലറിൽ കാണാൻ സാധിക്കും. യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത് എന്നതും വലിയ പ്രതീക്ഷ നൽകുന്ന പ്രധാന ഘടകമാണ്. ട്രെയിലറിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണം ഇങ്ങനെയാണ്- "ആ കുടുംബത്തിന് എന്തോ ശാപമുണ്ട് സാറേ, ആകെയുള്ള ഒരു ആൺതരിയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആയില്ലേ..." പ്രണവിന്റെ കഥാപാത്രത്തിലേക്കുള്ള സൂചനയാണ് ഈ സംഭാഷണമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ക്രോധത്തിന്റെ ദിനമെന്ന് അർത്ഥം വരുന്ന ഡീയസ് ഈറെ ഗ്രിഗോറിയൻ കത്തോലിക്ക വൈദികർ രൂപപ്പെടുത്തിയ പ്രാർത്ഥന ഗീതത്തിന്റെ പേരാണ്. എന്തായാലും സിനിമ എന്താണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന തന്നെ അറിയണം.

YouTube video player

 ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും നിർമാതാക്കൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭ്രമയുഗത്തിന് ഛായാഗ്രഹണം നിർവഹിച്ച ഷെഹ്‌നാദ് ജലാൽ, സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവിയർ, പ്രൊഡക്ഷൻ ഡിസൈനർ ജോദിഷ് ശങ്കർ എന്നിവർ ഈ ചിത്രത്തിലും രാഹുൽ സദാശിവനോടൊപ്പം അണിനിരക്കുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. അരി ആസ്റ്റർ ഒരുക്കിയ മിഡ്സോമർ എന്ന ചിത്രത്തിൽ പകൽ വെളിച്ചത്തിലെ ഹൊറർ രംഗങ്ങളായിരുന്നു പ്രധാന ആകർഷണം. ജോർദാൻ പീൽ തന്റെ ഗെറ്റ് ഔട്ട് എന്ന ചിത്രത്തിലൂടെ നേരത്തെ ഹൊറർ എന്ന വികാരത്തിന് മറ്റൊരു മാനം നൽകിയിട്ടുണ്ട്. അത്തരത്തിൽ മനുഷ്യന്റെ മാനസികാവസ്ഥകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ സദാശിവൻ തന്റെ മുൻചിത്രങ്ങളിലെന്നപോലെ ഡീയസ് ഈറെയിലും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

YouTube video player