‘മേക്കിങ്ങിൽ മാത്രം ഈ സിനിമ നിൽക്കില്ലെന്നാണ് കഥ എഴുതി കഴിഞ്ഞപ്പോൾ മനസിലായത്. സാധാരണ ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർക്ക് ഹൈ മൊമെൻ്റുകൾ നൽകി അവരെ പിടിച്ചിരുത്തുന്നവയാണ്, എന്നാൽ തേഡ് മർഡറിന് ആ ട്രീറ്റ്മെൻ്റ് ചേരില്ല.’
വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടും അവതരണശൈലികൊണ്ടും മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് സുനിൽ ഇബ്രാഹിം. 'ചാപ്റ്റേഴ്സ്', 'അരികിൽ ഒരാൾ', 'വൈ', തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മറ്റൊരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രവുമായി എത്തുകയാണ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ പൊലീസ് ഇന്വെസ്റ്റിഗേഷൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ദി തേർഡ് മർഡർ’ ഒക്ടൊബർ 2ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ സുനിൽ ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനൊപ്പം ചേരുന്നു.
പതിവ് പൊലിസ് സ്റ്റോറിയല്ല
ഒരു ക്രൈം നടന്ന നാടാണ് സിനിമയുടെ പശ്ചാത്തലം. തേഡ് മർഡർ എന്ന പേര് സൂചിപ്പിക്കും പോലെ രണ്ട് കൊലപാതങ്ങൾ നടന്നുകഴിഞ്ഞു, മൂന്നാമത്തേത് കൂടി നടന്നാൽ ഇതൊരു സീരിയൽ കൊലപാതകമാകും. രണ്ടാമത്തെ കൊലപാതകത്തിനും മൂന്നാമത്തെതിനും ഇടയിലുള്ള സമയത്താണ് സിനിമയുടെ കഥ നടക്കുന്നത്. രണ്ടു കൊലകൾ നടത്തിയെ കൊലയാളി/കൊലയാളികളെ കണ്ടെത്തിയിട്ടുമില്ല. ഒരു ഇന്വെസ്റ്റിഗേഷൻ സ്റ്റൈലിൽ കഥപറയുകയാണ്. എന്നാലൊരു പതിവ് പൊലീസ് കഥ പ്രതീക്ഷിക്കേണ്ട.
വ്യത്യസ്തമായ ട്രീറ്റ്മെൻ്റ് ഡിമാൻഡ് ചെയ്യുന്ന തിരക്കഥ
നായകനോട് വെറുപ്പും വില്ലനോട് സ്നേഹവും തോന്നുന്ന ട്രീറ്റ്മെൻ്റ് അല്ല ദി തേഡ് മർഡറിലേത്. കുറേ കഥാപാത്രങ്ങളും അവർ കടന്നു പോകുന്ന ഇവെൻ്റുകളുമാണ് ചിത്രം. എല്ലാ കഥാപാത്രങ്ങളെയും അവരുടെ പെർസ്പെക്ടീവിൽ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ക്രിമിനൽ സൈക്കൊളജി കൂടി വിശദമായി കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നത്.
ഒട്ടും സ്പൂൺ ഫീഡിങ് ഇല്ലാത്ത തിരക്കഥയാണ് ചിത്രത്തിൻ്റേത്. കഴിഞ്ഞ ദിവസം നടന്ന പ്രിവ്യൂ ഷോയിൽ ലഭിച്ചതും മികച്ച പ്രതികരണമാണ്. സിനിമ കണ്ടിറങ്ങിയവർക്ക് ചിലത് എന്നോട് നേരിട്ട് ചോദിക്കാനുണ്ടായിരുന്നു. സിനിമ കണ്ട് വെറുതെ ഇറങ്ങി പോകാതെ ചിന്തിക്കാനും കൂടെകൊണ്ടുപോകാനും തേഡ് മർഡർ ചിലത് ബാക്കി വയ്ക്കും. എല്ലാം വിശദീകരിച്ച് തരുന്നൊരു സിനിമയായിരിക്കില്ല മറിച്ച് നല്ലൊരു സിനിമാ അനുഭവം നൽകുന്നതാകും ഞങ്ങളുടെ ചിത്രം.

ത്രില്ലിങ് മൊമെൻ്റുകളിൽ ഒതുങ്ങില്ല
സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുകയാണ്. ഇന്ദ്രൻസിൻ്റെത് പൊലീസ് ജോലി മതിയാക്കിയയാളാണ്. ഫൊറൻസിക്കും മറ്റ് ശാസ്ത്രമേഖലകളും വികസിക്കുന്നതിനു മുമ്പേ ബുദ്ധി ഉപയോഗിച്ച് ഇൻ്റ്യൂഷൻ ഉപയോഗിച്ചൊക്കെ കേസ് തെളിയിച്ച പൊലീസുകാരനാണ് ആ കഥാപാത്രം. വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത് വിക്ടിം സൈഡിൽ നിർത്താവുന്ന കഥാപാത്രത്തെയാണ്. അനന്യയാണ് അദ്ദേഹത്തിൻ്റെ ഭാര്യാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്വേഷനങ്ങളിൽ വരുന്ന നാടും കുറേ കഥാപാത്രങ്ങളും അതിനു വേണ്ടി നടക്കുന്ന സോഷ്യൽ മൊമെൻ്റുകൾ അങ്ങനെയൊരു രീതിയിൽ അല്ല ഇവിടെ കഥയുടെ പോക്ക്. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് ഈ കഥ പറയുകയാണ് ചെയ്യുന്നത്. മേക്കിങ്ങിൽ മാത്രം ഈ സിനിമ നിൽക്കില്ലെന്നാണ് കഥ എഴുതി കഴിഞ്ഞപ്പോൾ മനസിലായത്. സാധാരണ ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർക്ക് ഹൈ മൊമെൻ്റുകൾ നൽകി അവരെ പിടിച്ചിരുത്തുന്നവയാണ്, എന്നാൽ തേഡ് മർഡറിന് ആ ട്രീറ്റ്മെൻ്റ് ചേരില്ല. അതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കൾ എനിക്ക് വളരെ പ്രധാനപ്പെട്ടവരായിരുന്നു. ആളുകളുടെ ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ട്.
മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം
മുൻ സൈക്കൊൾജിക്കൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്രയും പഠിച്ച് ഞാൻ ചെയ്ത മറ്റൊരു സിനിമയില്ല എന്നുവേണം പറയാൻ. കാരണം ഇതിലെ കഥാപാത്രങ്ങൾ യഥാർഥ ജീവിതത്തിലെ മനുഷ്യരുടെ പ്രതിനിധികളാണ്. അരികിൽ ഒരാളിലെ നിവിൻ പോളിയുടെ കഥാപാത്രമോ റോയ് സിനിമയിലെ സുരാജിൻ്റെ കഥാപാത്രമോ കുറച്ചുകൂടി സാങ്കല്പികമായ തലത്തിലുള്ളവരാണ്. അങ്ങനെയൊരാൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നേ ആളുകൾക്ക് തോന്നൂ. റോയിലെ കഥാപാത്രം സ്വപ്നവും യാഥാർഥ്യവും തമ്മിൽ കലർന്നു പോകുന്ന അവസ്ഥയുള്ളയാളാണ്. അതിൻ്റെ ലെയറുകളൊക്കെ ഉണ്ടാവുമെങ്കിലും അതേപോലൊരാൾ ഉണ്ടോ എന്ന ഭയം ഒരുപക്ഷേ പ്രേക്ഷകർക്ക് തോന്നില്ല. തെഡ് മർഡറിലെ കഥാപാത്രങ്ങളെ ചുറ്റിലും കണ്ടേക്കാം, അതുകൊണ്ട് തന്നെ ട്രീറ്റ്മെൻ്റും റിയലിസ്റ്റിക് ആയിരിക്കണമെന്ന് തോന്നി.
പ്രേക്ഷകരുടെ ബുദ്ധി അണ്ടർ എസ്റ്റിമേറ്റ് ചെയ്യാനാകില്ല
ഞാനാണ് ഏറ്റവും ബുദ്ധിയുള്ളയാൾ എന്ന ചിന്തയിൽ ഒരിക്കലും ഒന്നും എഴുതിയിട്ടില്ല. എന്നേക്കാൾ ബുദ്ധിയുള്ള പ്രേക്ഷകരിലേയ്ക്കാണ് സിനിമയെത്തുന്നതെന്ന ബോധ്യം എല്ലായിപ്പൊഴും ഉണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് വിശദീകരിച്ചോ സ്പൂൺ ഫിഡ് ചെയ്തോ സിനിമകൾ ചെയ്യാറില്ല. പ്രേക്ഷകരുടെ കാഴ്ചാ ശീലങ്ങൾ മാറിയത് കൂടുതൽ നല്ല സിനിമകൾ ചെയ്യാനുള്ള പ്രചോദനമാണ്.
ഒരുപാട് റിയൽ ലൈഫ് ജീവിതങ്ങൾ പഠിച്ചാണ് ഞാൻ തേഡ് മർഡർ ഒരുക്കിയത്. സിനിമയ്ക്ക് വേണ്ടതിലും അപ്പുറം പഠിക്കേണ്ടി വന്നു എന്ന് പറയാം. കാരണം ഇങ്ങനെയൊരു കഥ എഴുതാൻ എനിക്ക് ആത്മവിശ്വാസം ലഭിക്കണമെങ്കിൽ ആ പഠനം ആവശ്യമായിരുന്നു. ലോകത്ത് നടന്ന ക്രൈമുകളെക്കുറിച്ച്, ക്രിമിനലുകളെക്കുറിച്ച്, അവരുടെ മൈൻ്റ്സെറ്റ് എവിടെയെങ്കിലും എഴുതപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിയാനും പഠിക്കാനും ഉണ്ടായിരുന്നു. പലതുമറിഞ്ഞ് ഞാൻ തന്നെ ഡാർക്ക് ആയിപോയിട്ടുണ്ട്. ആ പഠനം സിനിമയ്ക്കും ഗുണം ചെയ്തു. ദി തേർഡ് മർഡർ തിയേറ്ററിൽ കാണുന്നത് ഒരിക്കലും നിരാശപ്പെടുത്തില്ലെന്നാണ് എൻ്റെ ഉറപ്പ്.


