'ഞാൻ അത്യാവശ്യം സമയമെടുത്ത് പാട്ട് കമ്പോസ് ചെയ്യുന്ന ഒരാളാണ്. ഈ സിനിമയിലെ ഒരു പാട്ട് ഒന്നര ആഴ്ചയെടുത്തിട്ടാണ് ചെയ്തത്.' 'വാഴ'യിലെ 'ഹേ ബാനനേ'യും 'തലവര'യിലെ 'കണ്ട് കണ്ട്' എന്ന ഗാനവും ഹിറ്റാക്കിയ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു.
സിനിമകൾ റിലീസാവുന്നതിനേക്കാൾ മുൻപ് ഇപ്പോൾ ഗാനങ്ങൾ ഹിറ്റടിക്കുന്ന ഒരു ട്രെൻഡാണ് ഇപ്പോൾ മലയാള സിനിമയിൽ പ്രധാധനമായി കണ്ടുവരുന്നത്. വാഴ സിനിമ റിലീസ് ആവുന്നത്തിന് മുൻപ് 'ഹേ ബാനനേ ഒരു പൂ തരാമോ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ താരംഗമായിരുന്നു. ഇപ്പോളിതാ തലവര റിലീസ് ആവുന്നതിന് മുൻപേ 'കണ്ട് കണ്ട്' എന്നു തുടങ്ങുന്ന ഗാനം മില്യൺ കാഴ്ചകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ രണ്ടു ഹിറ്റുകളുടെയും മേക്കർ ഇലക്ട്രോണിക് കിളി എന്ന സ്റ്റെഫിൻ ജോസ് ആണ്. സംഗീത സംവിധായകൻ തന്റെ ഹിറ്റ് ഗാനങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ഹിറ്റ് സോങ്ങിന് പുറകിലെ രഹസ്യം
ചെയ്യുന്ന പാട്ട് സംവിധായകനും നിർമ്മാതാവിനും ഇഷ്ടപ്പെടുന്നുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കാറ്. അതുപോലെ ഞാനും അതിൽ ഓക്കെയാണോ എന്ന് നോക്കും. ചെയ്യുന്ന പാട്ടുകളിൽ അത്രമാത്രമാണ് ശ്രദ്ധിക്കാറുള്ളത്. ബാക്കിയെല്ലാം പാട്ട് പുറത്തിറങ്ങിയതിനു ശേഷം ഓഡിയൻസിന്റെ കയ്യിൽ ഇരിക്കുന്ന കാര്യമാണ്. അതിൽ എനിക്ക് മുൻകൂട്ടി ഒന്നും അറിയാൻ പറ്റില്ല. എന്നെകൊണ്ട് കഴിയുന്ന പോലെ എന്റെ പാട്ടുകൾ മെച്ചപ്പെടുത്തുന്ന കാര്യത്തിലാണ് ഞാൻ ശ്രദ്ധിക്കുന്നത്.

തലവരയുടെ വിശേഷങ്ങൾ
തലവര ഒരു മോട്ടിവേഷണൽ മൂവിയാണ്. പ്രധാന കഥാപാത്രം ചെയ്യുന്നത് അർജുൻ അശോകൻ ആണ്. കുറെയധികം ഇൻസെക്യൂരിറ്റികളിൽ നിന്നും പുറത്ത് കടക്കുന്ന ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. പിന്നെ മ്യൂസിക്കിന്റെ കാര്യത്തിൽ സംവിധായകന് കൃത്യമായി കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ ജോലിയും എളുപ്പമായി. തലവര സിനിമയിൽ സോങ് ചെയ്യുമ്പോൾ പതിവ് ട്രാക്കിൽ നിന്നൊന്ന് മാറ്റി പിടിച്ചിട്ടുണ്ട്. ഞാൻ അത്യാവശ്യം സമയമെടുത്ത് പാട്ട് കമ്പോസ് ചെയ്യുന്ന ഒരാളാണ്. ഈ സിനിമയിലെ ഒരു പാട്ട് ഒന്നര ആഴ്ചയെടുത്തിട്ടാണ് ചെയ്തത്. അത്രയും സമയം എടുത്ത് ഓരോ പാട്ടുകളും ചെയ്തു വരുമ്പോഴും അത് വർക്കാവുമോ എന്നറിയില്ല. ആ പാട്ട് കേൾക്കുന്ന ചുരുക്കം ആളുകൾ മാത്രമേ ഈ സമയത്തിനുള്ളിൽ ഉണ്ടാകൂ. അവർക്കൊക്കെ ആ പാട്ട് ഓക്കേ ആണെന്ന് എനിക്കറിയാം. അതില്കൂടുതൽ ഒന്നും അറിയില്ല.
മണികണ്ഠൻ അയ്യപ്പയോടൊപ്പം
അദ്ദേഹത്തിന് പാടേണ്ട പാട്ടിനെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. കാരണം എങ്ങനെയാണ് കൃത്യമായി പാടേണ്ടതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. പിന്നെ ഈ സിനിമയിൽ പാട്ടു മാത്രമല്ല ബാഗ്രൗണ്ട് സ്കോർ എല്ലാം ഞാൻ തന്നെയാണ് ചെയ്തിരിക്കുന്നത്. മുൻപ് ചെയ്തിട്ടുള്ള വാഴ സിനിമയിലൊക്കെ പാട്ട് മാത്രമാണ് ഒറ്റക്ക് ചെയ്തിട്ടുള്ളത്. തലവരയിൽ അങ്ങനെയല്ല. തലവരയിലെ പാട്ടുകൾക്ക് കുറച്ചു തമിഴ് ടച്ചുണ്ട്. ഞാനിതുവരെ അത്തരത്തിലുള്ള പാട്ടുകൾ ചെയ്തിട്ടില്ല. ഇത് പുതിയൊരു അനുഭവമാണ്.
സ്വാധീനം ചെലുത്തിയവർ
മലയാളത്തിലെ സംഗീതം ചെയ്യുന്ന എല്ലാവരും ഇപ്പോൾ അടിപൊളിയാണ്. ഞാൻ അങ്കിത് മേനോന്റെ കൂടെയായിരുന്നു വർക്ക് ചെയ്തിട്ടുണ്ടായിരുന്നത്. 'ജയ ജയ ജയ ജയഹേ' തൊട്ട് അവരുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രീതികളൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. തലവരയിൽ പാട്ട് എഴുതിയ മുത്തു എന്റെ കൂടെ എപ്പോഴും ഉണ്ടാകാറുണ്ട്. ആൾ ഒരു കമ്പോസർ കൂടിയായത് കൊണ്ട് എന്നെ ഈ സിനിമയിൽ സഹായിച്ചിട്ടൊക്കെയുണ്ട്.

ഹെയ് ബനാന ഉണ്ടാക്കിയ തരംഗം
വാഴ സിനിമയിലെ ആ പാട്ട് ഉണ്ടാക്കിയപ്പോൾ പോലും വിചാരിച്ചിരുന്നില്ല ആ പാട്ട് അത്രക്ക് ഹിറ്റ് ആവുമെന്ന്. തുടക്കത്തിൽ തന്നെ പാട്ട് കേട്ട എന്റെ എല്ലാ ഫ്രണ്ട്സും പാട്ട് കൊള്ളാം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ പല സംവിധായകരും സിനിമ എഴുതി തുടങ്ങുമ്പോൾ തന്നെ സംഗീതത്തെക്കുറിച്ച് ചിന്തിക്കും. എങ്ങനെ സംഗീതം വേണമെന്നുള്ള നല്ല ധാരണ എല്ലാവർക്കുമുണ്ട്. കേരളത്തിലെ സിനിമകൾക്കൊക്കെ സംഗീതം നിർബന്ധമാണ് എന്ന അവസ്ഥയാണ്. പശ്ചാത്തല സംഗീതം ഇല്ലാതെ ഒരു സീൻ എലവെറ്റ് ചെയ്യാൻ പറ്റില്ല എന്ന അവസ്ഥയാണ് ഇവിടെ.
ക്രിയേറ്റിവ് കോൺഫ്ലിക്റ്റുകൾ
തീർച്ചയായും അത്തരം കോൺഫ്ലിക്റ്റുകൾ ഒക്കെ വരും. സംവിധായകനദ്ദേഹത്തിന്റെ താല്പര്യം ഉണ്ടായിരിക്കും. നമുക്ക് നമ്മുടെ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. പക്ഷേ എങ്ങനെ കോൺഫ്ലിക്റ്റ് വന്നാലും ഫൈനലി സംവിധായകന്റെ താല്പര്യത്തിൽ തന്നെയാണ് വർക്ക് കംപ്ലീറ്റ് ചെയ്യുക. കാരണം സിനിമ സംവിധായകന്റെതാണ്. സംവിധായകന് ആ സിനിമ നന്നാവണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാവുമല്ലോ അവർ അവരുടെ ഭാഗം വാദിക്കുന്നത്. തുടക്കത്തിൽ ഇത് ബുദ്ധിമുട്ടായിരുന്നു പക്ഷേ ഇപ്പോൾ ശീലമായി.
കരിയർ തുടക്കം
വെബ് സീരീസിൽ ഒക്കെയാണ് തുടക്കം. പിന്നീട് ജയ ജയ ജയ ജയഹേ സിനിമയിൽ അങ്കിത് മേനോന്റെ കൂടെ വർക്ക് ചെയ്തു. മൂന്ന് വർഷം അവരുടെ കൂടെയായിരുന്നു. വർക്കിനെ പറ്റി ഏകദേശ ധാരണ ഒക്കെ അങ്ങനെയാണ് കിട്ടിയത്. അങ്ങനെ പിന്നീട് വാഴ സിനിമയിലേക്ക് എത്തി. അങ്ങനെ കരിയർ മാറി വരുന്നു. ഇനി മേനേ പ്യാർ കിയ എന്ന മറ്റൊരു വർക്ക് കൂടി വരാനുണ്ട്.

