കുറെ നാളത്തെ അധ്വാനത്തിന്റെ ഫലം കണ്ട സന്തോഷമാണ് ഇപ്പോഴുള്ളത്. സിനിമ പ്രേക്ഷകർ ആസ്വദിക്കുന്നു, അതിലെ ഹ്യൂമർ എലമെന്റ്സ് അവർ ഏറ്റെടുക്കുന്നു, ചെറിയ സിനിമകൾക്കും ഇവിടെ ഇടമുണ്ടെന്ന് എന്നത് വ്യക്തമാകുന്നു.

വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുടെ വിശേഷങ്ങളെ കുറിച്ച് സിനിമയുടെ രചയിതാവും സംവിധായകനുമായ എസ്. വിപിൻ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിനോട് സംസാരിക്കുന്നു.

ആദ്യ സിനിമയുടെ പ്രതികരണങ്ങൾ

കുറെ നാളത്തെ അധ്വാനത്തിന്റെ ഫലം കണ്ട സന്തോഷമാണ് ഇപ്പോഴുള്ളത്. സിനിമ പ്രേക്ഷകർ ആസ്വദിക്കുന്നു, അതിലെ ഹ്യൂമർ എലമെന്റ്സ് അവർ ഏറ്റെടുക്കുന്നു, ചെറിയ സിനിമകൾക്കും ഇവിടെ ഇടമുണ്ടെന്ന് എന്നത് വ്യക്തമാകുന്നു.

സാധാരണ കണ്ടുവരുന്ന നായകൻ നായിക സംഗതികൾ ഒന്നുമില്ലാത്ത ഒരു സിനിമയാണിത്. കുറെയധികം പച്ചയായ ജീവിതങ്ങളെ കാണിക്കുന്ന സിനിമ എന്ന് വേണമെങ്കിൽ പറയാം. അങ്ങനെയുള്ള ഒരു സിനിമയെ എല്ലാവരും ഒരുപോലെ ഏറ്റെടുത്തതിൽ വളരെ സന്തോഷമുണ്ട്.

മരണവും ഡാർക്ക് കോമഡിയും

ഈ സിനിമയ്ക്കകത്ത് പറയുന്നത് ഡാർക്ക് കോമഡിയാണ് എന്ന അഭിപ്രായമെനിക്കില്ല. വളരെ പ്ലസന്റ് ആയിട്ടുള്ള കോമഡിയാണ് സിനിമയിൽ ഉള്ളത് എന്നാണ് എന്റെ അഭിപ്രായം.

2021 നവംബറിലാണ് ഈ സിനിമയുടെ തിരക്കഥ എഴുത്ത് തുടങ്ങുന്നത്. ലോക്ക്ഡൗണ്‍ ഭീഷണി മാറിയിട്ടില്ലത്ത സമയമാണ്. ഒരു ചെറിയ ഇടത്ത് നിന്നു കൊണ്ട് എങ്ങനെ ഒരു രണ്ടു മണിക്കൂർ സിനിമ ചെയ്യാം എന്നതാണ് ആദ്യം ചിന്തിച്ചത്. ഒരു വീടിന്റെ പരിസരത്തേക്ക് നാട്ടുകാര് പലരും വുരുന്നതിനെ പറ്റി ആലോചിച്ചു. മരണം വിവാഹം പോലുള്ള സംഗതികളിലാണ് അത്തരം കാര്യങ്ങൾ നടക്കുക. നേരത്തെ ഞാൻ ചെയ്ത അഞ്ചിന്റന്ന് സഞ്ചയനം എന്ന ഷോർട്ട് ഫിലിം ഒരു മരണവീട് പ്രമേയമാക്കിയതാണ്. മരണ വീട്ടിൽ നിന്ന് കൊണ്ട് തമാശ കണ്ടെത്താൻ പറ്റും എന്നത് അഞ്ചിന്റന്ന് സഞ്ചയനം തന്ന ധൈര്യമാണ്. ഷോർട്ട്ഫിലിമിന് അന്ന് നല്ല സ്വീകാര്യത കിട്ടിയിരുന്നു. അങ്ങനെയാണ് മരണത്തെ വിഷയമാക്കി ഒരു സിനിമ ചെയ്യാമെന്നുള്ള ധൈര്യം വരുന്നത്. പല പല ഘട്ടങ്ങളിലൂടെ എഴുത്തു മുൻപോട്ടു കൊണ്ടുപോയിട്ടാണ് സ്ക്രിപ്റ്റ് ഇപ്പോഴുള്ള വിധത്തിൽ എഴുതി എത്തിയത്.

Vysanasametham Bandhu Mithradhikal | Official Trailer | Adalodakam

 നാടും നാട്ടുകാരും പിന്നെ തോന്നയ്ക്കലും

ഞാൻ തോന്നയ്ക്കൽകാരനാണ്. എന്റെ നാട്ടിലും എന്റെ വീട്ടിലും ഒക്കെ കാണുന്നതും ഞാൻ അനുഭവിച്ചിട്ട് ഉള്ളതുമായ വിഷയങ്ങളാണ് സിനിമയിൽ ഉള്ളത്. ഈ സിനിമയിലെ മെമ്പർ കുമാർ എന്ന കഥാപാത്രം ഒരുപക്ഷേ ഞാനായിരിക്കും. ഞങ്ങളുടെ നാട്ടിൽ സംസാരിക്കുന്ന അതേ ശൈലി തന്നെയായിരുന്നു ഞാൻ എന്റെ ഷോർട്ട് ഫിലിമിൽ ഉപയോഗിച്ചിരുന്നത്. അതിന് പലരും നല്ല അഭിപ്രായം പറഞ്ഞതാണ് സിനിമയിലും ആ ശൈലി തന്നെ ഉപയോഗിക്കാൻ ധൈര്യമായത്. ആ ശൈലിയിൽ കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ മാത്രമാണ് അവർക്ക് ജീവൻ വച്ച ഫീൽ എനിക്ക് തോന്നുന്നത്.

ഷൂട്ട് തുടങ്ങിയ ശേഷം കണ്ണൂർക്കാരിയായ അനശ്വരയെയും പന്തളംകാരനായ സിജു സണ്ണിയെയും നെടുമങ്ങാട്കാരനായ അസീസിനെയും ഒക്കെ തോന്നയ്ക്കലിലെ ശൈലിയിലേക്ക് കൊണ്ട് വന്നു. അതേസമയം തിരുവനന്തപുരത്തുകാരനായ അരുണിനെ പന്തളം ഭാഗത്തെ ശൈലി യിലേക്ക് കൊണ്ട് പോകേണ്ടിവന്നു.

നിർമ്മാതാവ് വിപിൻദാസ്

മുന്നേ നിരവധി പ്രൊഡക്ഷൻ ഹൗസ് കളിൽ ഞാൻ ഈ തിരക്കഥ പിച്ച് ചെയ്‍തിട്ടുള്ളതാണ്. തിരക്കഥ ഇഷ്ടമായി പലരും പ്രോജക്ട് ഓൺ ആക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അവരോക്കെ പല കാരണങ്ങളാൽ പിന്നോട്ട് പോകുകയായിരുന്നു. കൃത്യമായ ഒരു നായകൻ നായിക പരിപാടി ഒന്നും തിരക്കഥയിൽ ഇല്ലാത്തതും നിലവിൽ ഹിറ്റ് ആവുന്ന സിനിമകളുടെ പാറ്റേൺ ഒന്നും അല്ലാത്തതും ഒക്കെയാണ് അവർ പിൻമാറാൻ കാരണം. ഇത്തരം ഒരു സിനിമയെ ജനങ്ങൾ ഏറ്റെടുക്കുമോ എന്ന പേടി അവർക്കെല്ലാം ഉണ്ടായിരുന്നു. അത് സ്വാഭാവികവും ആണ്. ഇതിനിടയിൽ ഒരു തവണ ഞാൻ അസീസ് നെടുമങ്ങാടിനോട്‌ ഈ കഥ പറഞ്ഞിരുന്നു. അസീസ് ആണ് വിപിൻ ദാസിലേക്ക് കണക്ട് ചെയ്യുന്നത്. തിരക്കഥ കേട്ട് ഇഷ്‍ടപ്പെട്ട വിപിൻദാസ് സിനിമ ചെയ്യാൻ തയ്യാറായി. ഞാൻ 2024 ഒക്ടോബർ ല് ആയിരുന്നു വിപിൻ ദാസിനെ കാണുന്നത്. ആ നവംബറിൽ ഞങ്ങൾ ഷൂട്ട് തുടങ്ങി.

നവാഗതനായ സംവിധായകനും എക്സ്പീരിയൻസുള്ള നിർമ്മാതാവും

വിപിൻദാസ് എന്റെ ഷോർട്ട് ഫിലിം നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അറിയില്ലെങ്കിൽ കൂടിയും ആ ഷോർട്ട് ഫിലിം വിപിൻദാസിന് ഇഷ്ടപ്പെട്ടിരുന്നു. ഈ തിരക്കഥ ഞാൻ വായിക്കുന്ന അവസരത്തിലാണ് അദ്ദേഹത്തിന് മനസ്സിലായത് അത് ഞാൻ ചെയ്‍ത ഷോർട്ട് ഫിലിം ആണെന്ന്. അതൊരു വളരെ പോസിറ്റീവ് ആയ കാര്യമായിരുന്നു. ഞാൻ അത് നന്നായി ചെയ്യുമെന്ന് അതുകൊണ്ടൊക്കെ തന്നെ അദ്ദേഹത്തിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ചില ഘട്ടങ്ങളിൽ എനിക്ക് എന്തെങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ഒപ്പീനിയൻ ചോദിക്കുമായിരുന്നു. പ്രത്യേകിച്ചു മ്യൂസിക് പ്ലേസ് ചെയ്യുന്ന അവസരങ്ങളിൽ ഒക്കെ. പലപ്പോഴും ഞങ്ങളുടെ ആസ്വാദനരീതി ഒരേ തരത്തിലാണ് എന്ന് ഞങ്ങൾക്ക് ഇരുവർക്കും തോന്നിയിട്ടുമുണ്ട്.

 മല്ലികാ സുകുമാരൻ മുതൽ അനശ്വര രാജൻ വരെ

പഴയ കാലഘട്ടം മുതൽ പുതിയ കാലഘട്ടം വരെയുള്ള ആർട്ടിസ്റ്റുകൾ എല്ലാം ഈ സിനിമയിലുണ്ട്. വാസ്‍തവത്തിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് ചെയ്‍തു കഴിഞ്ഞ സമയത്ത് പ്രോജക്ട് ഓൺ ആയിട്ടില്ലെങ്കിലും ഞാൻ കാസ്റ്റിംഗിനെപ്പറ്റി ഒക്കെ വളരെ കാര്യമായി ആലോചിക്കുമായിരുന്നു. അനശ്വരയെ അഞ്ജലി ആയും ജോമോൻ ജ്യോതിറിനെ ശക്തിയായും ഒക്കെ ഞാൻ ആ സമയത്ത് തന്നെ കണ്ടിട്ടുണ്ട്. വിപിൻ ദാസിന് അടുത്തേക്ക് എത്തിയ ശേഷമാണ് ഞാൻ അനശ്വര യുടെ അടുത്തേക്ക് സ്ക്രിപ്റ്റ് വായിക്കാൻ എത്തുന്നത്. പ്രൊഡക്ഷൻ ഓൺ ആയ അവസരത്തിൽ ആദ്യം കാസ്‍റ്റ് ചെയ്യപ്പെടുന്നത് അസീസ് നെടുമങ്ങാട് ബൈജു സന്തോഷ് നോബി തുടങ്ങിയവർ ആണ്. സാവിത്രി അമ്മയായി മല്ലിക സുകുമാരനേ ഏറ്റവും ഒടുവിൽ ആണ് തിരഞ്ഞെടുത്തത്. സിനിമ ഷൂട്ട് തുടങ്ങുന്നതിനും ഒരാഴ്ച മുന്നേ മാത്രമായിരുന്നു അത്. കൊമേഴ്സ്യൽ സാധ്യത വെച്ചാണ് മല്ലിക സുകുമാരനിലേക്ക് ആ കഥാപാത്രം എത്തുന്നത്. മല്ലികാ സുകുമാരൻ ആ കഥാപാത്രം ചെയ്‍തത് ഞങ്ങളുടെ സിനിമയുടെ വലിപ്പം കൂടാൻ സഹായകരമായി.

YouTube video player

സിനിമാ പ്രമോഷൻ വിവാദം

സിനിമ റിലീസിനോട് അടുത്ത അവസരത്തിൽ സിനി ഫൈൽ ഗ്രൂപ് അഡ്‍മിൻ പ്രൊഡക്ഷനിൽ വിളിച്ചു, പ്രമോഷനുമായി ബന്ധപെട്ട് ഫണ്ടിനേ പറ്റി ചോദിച്ചിരുന്നു. അങ്ങനെ ഫണ്ട് മുടക്കി ഉള്ള റിവ്യൂ പ്രൊമോഷൻ പരിപാടി ചെയ്യുന്നില്ല എന്ന് പ്രൊഡക്ഷൻ സൈഡിൽ നിന്ന് അയാളോട് പറഞ്ഞു. സിനിമ ഇറങ്ങിയ ശേഷം ആ ഗ്രൂപ്പിൽ സിനിമയെ പറ്റി വളരെ നെഗറ്റീവ് ആയുള്ള റിവ്യൂ ആണ് വരുന്നത്. എന്നാൽ തന്നെ പോസിറ്റീവ് റിവ്യൂ പോസ്റ് ചെയ്യുന്ന ആരുടെയും പോസ്റ് അഡ്‍മിൻ അപ്രൂവൽ കൊടുക്കുകയും ചെയ്യുന്നില്ല. അത് പലരും വഴി നമുക്ക് അറിയാൻ പറ്റി. പെയ്‍ഡ് റിവ്യൂ വിന് തയ്യാറല്ല എന്ന് പറഞ്ഞതിന്റെ ആഫ്റ്റർ എഫക്ടാണ് ഇപ്പോൾ കാണുന്ന ഈ നെഗറ്റീവ് റിവ്യൂ എന്ന് ഞങ്ങൾക്ക് വേഗം മനസ്സിലായി. മാത്രമല്ല നെഗറ്റീവ് റിവ്യൂവിന് താഴെ സിനിമ കണ്ട ആരെങ്കിലും നല്ല സിനിമയായിരുന്നു ഈ പറയുന്ന പോലെ ഒന്നും ആയിരുന്നില്ല തിയറ്ററില്‍ വൻ ചിരി ആയിരുന്നു ഇങ്ങനെ ഉള്ള പോസിറ്റീവ് കമന്റ് കോടുത്താൽ അവരത് ഡിലീറ്റ് ചെയ്യും. ഈ നെഗറ്റീവ് റിവ്യൂ പോസ്റ് ചെയ്യുന്നവർ തന്നെ മറ്റ് പല എഫ്‍ബി പേജിലും ചെന്ന് ഈ സിനിമയെ പറ്റി പോസിറ്റീവ് അഭിപ്രായം പറയുന്ന പോസ്റ്റുകൾക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് ശ്രദ്ധിച്ചു. ഇത് കരുതി കൂട്ടിയുള്ള ഉപദ്രവം ആണെന്ന് മനസ്സിലാക്കിയപ്പോൾ കാൾ റെക്കോർഡ് പോസിറ്റീവ് റിവ്യൂകൾക്ക് അഡ്‍മിൻ അപ്രൂവൽ കൊടുക്കാത്ത തന്റെ ഉൾപെടെ സ്ക്രീൻ ഷോട്ട് ഇവ വച്ച് പരാതി കൊടുക്കുകയായിരുന്നു.

 ഡിജിറ്റൽ ഇടങ്ങളുടെ സ്വാധീനം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി സിനിമ കണ്ടു റിവ്യൂ പറയുന്നത് തീർച്ചയായും അവകാശമാണ്. അത് സിനിമ നല്ലത് എന്ന അഭിപ്രായം ആകാം മോശം എന്ന അഭിപ്രായം ആകാം, എന്നാൽ ആ അഭിപ്രായ പ്രകടനത്തിന് പുറകിലെ ഉദ്ദേശ്യശുദ്ധി നന്നായിരിക്കണം. ഫെയർ ആയിരിക്കണം. എനിക്ക് കാശ് തരാത്തത് കൊണ്ട് ഞാൻ മനഃപൂർവം പോസിറ്റീവ് റിവ്യൂ കൊടുക്കില്ല അല്ലെങ്കിൽ കാശ് തരാത്തതുകൊണ്ട് ഞാൻ മനഃപൂർവം സിനിമ മോശം എന്ന് പറയും എന്നത് ക്രിമിനൽ ആക്റ്റിവിറ്റിയിൽ പെടുന്നതാണ്. അന്യായമായും നിയമവിരുദ്ധമായും സാമ്പത്തിക നേട്ടം ഉണ്ടാക്കലാണ് അത്. മുകളിൽ പറഞ്ഞ ഞങ്ങൾ പരാതി കൊടുക്കാൻ ഇടയായ സംഗതി അത്തരത്തിൽ ഉള്ളതാണ് .

മറ്റൊരു കാര്യം റിവ്യൂവേഴ്‌സ് അല്ലെങ്കിൽ റിവ്യൂ എന്ന് പറയുന്ന ആ പദപ്രയോഗം എത്രത്തോളം ശരിയാണെന്ന് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. അതായത് അവർ അവരുടെ പേഴ്സണൽ എക്സ്പീരിയൻസ് അല്ലെങ്കിൽ ഒപ്പീനീയൻ ആണ് പറയുന്നത്. അത് അവരുടെ വളരെ വ്യക്തിപരമായ ഇഷ്‍ടങ്ങളുമായി ബന്ധപ്പെട്ടതും ആണ്. 'റിവ്യൂ ' എന്നാല് കുറേക്കൂടി ഉയർന്നതരത്തിലുള്ള വിശകലനമാണ്. വ്യക്തിപരമായ അഭിപ്രായം എന്നതിനപ്പുറത്തോട്ട് സിനിമയെ കുറിച്ചുള്ള ആധികാരികമായ പഠനമാണ് റിവ്യൂ.

ഞാനും ഈ പറഞ്ഞ 'അഭിപ്രായം കണ്ടന്റുകള്‍ കാണുന്ന ആളാണ്. ഒരുപാട് ആൾക്കാരെ ഇവർക്ക് സ്വാധീനിക്കാൻ പറ്റും എന്ന അറിവ് ഉള്ളത് കൊണ്ട് സത്യത്തിൽ സ്ക്രിപ്പ്റ്റ് എഴുതുന്ന അവസരത്തിൽ ഇത് സിനിമ ആയി വരുമ്പോൾ ഇവരുടെ അഭിപ്രായം എന്തായിരിക്കും എന്നെല്ലാം ഞാൻ ചിന്തിക്കാറുണ്ട്.