ഒരിക്കല്‍ ഇറാനും ഇസ്രയേലും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് ആ സൗഹൃദത്തിന് കോട്ടം തട്ടി. പിന്നാലെ കൊലവിളികളുയര്‍ന്നു.
മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതയെ കുറിച്ചുള്ള ആശങ്കയിലാണ് ലോകം. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം ഒരാഴ്ചയിലേറെയായി നീണ്ട് നില്‍ക്കുന്നത് പശ്ചിമേഷ്യയെയും കടന്ന് മറ്റ് വന്‍കരകളിലേക്കും വ്യാപിക്കുമോയെന്ന ആശങ്ക പലരിലുമുണ്ട്. അതേസമയം ഇന്ന് ബദ്ധവൈരികളായ ഇസ്രയേലും ഇറാനും തമ്മില്‍ ഒരു കാലത്ത് രഹസ്യാന്വേഷണം അടക്കമുള്ള വിവരങ്ങൾ പരസ്പരം കൈമാറിയിരുന്ന സൗഹൃദ രാജ്യങ്ങളായിരുന്നു. ഈ സൗഹൃദത്തില്‍ നിന്നും ബദ്ധശത്രുവിലേക്ക് ഇരുവരും എത്തിയതെങ്ങനെയെന്ന് റിട്ടയേർഡ് കേണൽ എസ് ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.
സൗഹൃദമുള്ള രണ്ട് രാജ്യങ്ങളായിരുന്നു ഇറാനും ഇസ്രയേലും എന്നിട്ടും അവര്‍ ശത്രുക്കളായി മാറി. ഇസ്രയേല്‍ എന്ന ജൂത രാജ്യത്തെ അംഗീകരിച്ച ആദ്യത്തെ രണ്ട് മുസ്ലീം രാജ്യങ്ങളിലൊന്ന് ഇറാനാണ്. രണ്ടാമത്തേത് തുർക്കി. രഹസ്യവിവരങ്ങൾ പങ്കുവച്ചിരുന്ന, ഒരുമിച്ച് സൈനിക പരിശീലനങ്ങൾ നടത്തിയ രണ്ട് രാജ്യങ്ങൾ. എല്ലാം 1979 വരെ മാത്രമാണ് നിലനിന്നിരുന്നത്. '79 -ൽ ഇറാനില്‍ ഇസ്ലാമിക വിപ്ലവം വരികയും ആയത്തുല്ല ഖുമൈനി അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ ഇസ്രയേലും ഇറാനും അകലാന്‍ ആരംഭിച്ചെന്ന് റിട്ടയേർഡ് കേണൽ എസ് ഡിന്നി പറയുന്നു.
ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ ഇസ്രയേലിനെ ശത്രുരാജ്യമായി ഇറാന്‍ പ്രഖ്യാപിക്കുന്നു. അതേസമയം തന്നെ ഷിയാ രാജ്യമായ ഇറാന്‍ സുന്നി രാജ്യങ്ങളെ അസ്ഥിരപ്പെടുത്താനായി മറ്റ് മുസ്ലീം രാജ്യങ്ങളില്‍ നിരവധി നിഴൽ യുദ്ധങ്ങൾ നടത്താനാരംഭിച്ചു. തങ്ങളുടെ പണവും പരിശീലനവും ഇതിനായി ഇറാന്‍ ചെലവഴിച്ചു. ഈ നിഴൽ സംഘങ്ങളാണ് ഇസ്രയേലിന്‍റെ അതിര്‍ത്തി രാജ്യങ്ങളായ പലസ്തിനിലും ലെബണനിലും സിറിയയിലും പ്രവര്‍ത്തനം ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചെന്നും റിട്ടയേർഡ് കേണൽ എസ് ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'79 -ല്‍ ശത്രുതയ്ക്ക് തുടക്കം കുറിച്ചെങ്കിലും 1980 മുതല്‍ 1988 വരെ നീണ്ട് നിന്ന ഇറഖ് - ഇറാന്‍ യുദ്ധത്തിൽ ഇസ്രയേല്‍ ഇറാനൊപ്പം നിലനില്‍ക്കുക മാത്രമല്ല നിരവധി സൈനീക സഹായങ്ങളും നല്‍കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, 1991 -ല്‍ ഗൾഫ് യുദ്ധം ആരംഭിച്ച ശേഷം ഇരുരാജ്യങ്ങളും പതിക്കെ അകലാന്‍ തുടങ്ങുന്നതും ആ അകല്‍ച്ച പിന്നീട് ശത്രുതയിലേക്ക് വഴിമാറുന്നതും കാണാം.
പശ്ചിമേഷ്യയില്‍ ഏറ്റവും ശക്തമായ ഇസ്ലാമിക രാജ്യമാവുകയെന്നതാണ് ഇറാന്‍റെ ലക്ഷ്യം. അതിനായി സൗദിയുടെ ഓയില്‍ ഫീല്‍ഡുകൾ പോലും അവര്‍ അക്രമിച്ചു. അധികാരത്തിലേറിയ ഇറാന്‍ പ്രധാനമന്ത്രിമാര്‍ 'ഇസ്രയേലിന് മരണ'മാണ് വിധിച്ചത്. ഇതോടെ ഇറാനെതിരെ ശക്തമായ നിലാടെടുക്കാന്‍ ഇസ്രയേലും നിര്‍ബന്ധിതമായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ തീവ്രവാദ പ്രവര്‍ത്തം ഇപ്പോഴത്തെ യുദ്ധസമാന സാഹചര്യങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇറാനും ഇസ്രയേലും ഇത്രയേറെ ശത്രുതയിലേക്ക് നീങ്ങിയതിന്‍റെ കാരണങ്ങളും വഴികളും റിട്ടയേർഡ് കേണൽ എസ് ഡിന്നിയുമായുള്ള ദീർഘ സംഭാഷണത്തില്‍ കേൾക്കാം.

റിട്ട. കേണല്‍ എസ് ഡിന്നി
കൊല്ലം സ്വദേശി. രണ്ട് പതിറ്റാണ്ടിലേറെ കാലം രാജ്പുത് റജിമെന്‍റില്‍ ജോലി ചെയ്തു. കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, ലഡാക്ക് എന്നിവിടങ്ങളില്‍ നിരവധി അവസരങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈന്‍ ഓഫ് കണ്‍ട്രോളിലും രാഷ്ട്രീയ റൈഫിള്‍സിലും മൂന്ന് തവണ പ്രവര്‍ത്തിച്ചു. യുഎന്‍ സൈനിക നിരീക്ഷകനായി കോംഗോയിലും പ്രവര്‍ത്തനം. ചൈന-സംഘര്‍ഷ കാലത്ത് രണ്ട് വര്‍ഷം ലഡാക്കില്‍ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍. ഊട്ടി ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ ഫാക്കല്‍റ്റിയായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍നിന്നും ഡിഫന്‍സ് ആന്‍റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ എംഫില്‍. ബാംഗ്ലൂര്‍ തക്ഷശില ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സ്ട്രാറ്റജിക് സ്റ്റഡീസില്‍ ബിരുദം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ന്യൂസ് ചാനലുകളിലും വിദേശ പ്ലാറ്റ്‌ഫോമുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ ഇടങ്ങളിലും പാനല്‍ ഡിസ്‌കഷനുകളില്‍ പങ്കെടുത്തുവരുന്നു. 2019-ല്‍ 18 വര്‍ഷം സര്‍വീസ് ബാക്കിനില്‍ക്കെ വിആര്‍എസ് എടുത്ത് നാട്ടില്‍ മടങ്ങിയെത്തി.)


